അനുമോൾ ജോയ്
കണ്ണൂർ: 2021 സെപ്റ്റംബർ 23….
കണ്ണൂർ വാരം ചതുരക്കിണർ നിവാസികളെ ഞെട്ടിച്ചു കൊണ്ടാണ് നേരം പുലർന്നത്. തനിച്ച് താമസിക്കുന്ന ആയിഷ എന്ന വയോധികയെ ഗുരുതരമായി പരിക്കേറ്റ് ദുരൂഹ സാഹചര്യത്തിൽ വീടിനുള്ളിൽ കണ്ടെത്തുന്നു.
കാതുകൾ അറുത്ത നിലയിലാണ്. എഴുന്നേൽക്കാനുള്ള ശക്തിയില്ല. തറയിൽ കിടക്കുകയാണ്. ജീവനുണ്ടെന്ന് കരുതാവുന്നതായി ആകെയുള്ളത് മൂളൽ മാത്രം..
സമീപവാസികൾ ഉടൻ തന്നെ പോലീസിൽ അറിയിക്കുന്നു. ഇതിനിടയിൽ, ആംബുലൻസ് എത്തി. വയോധികയുമായി കണ്ണൂർ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലേക്ക്…
സമീപത്തെല്ലാം വീടുകളുണ്ട്. ആയിഷയുടെ വീടിനുള്ളിലും പുറത്തും പിടിവലി നടന്നതിന്റെ ലക്ഷണങ്ങൾ കണ്ടെത്തി. സമീപത്തെ വീടുകളിൽ പോലീസ് ചോദിച്ചപ്പോൾ, അസാധാരണമായ ശബ്ദങ്ങൾ ഒന്നും കേട്ടിട്ടുമില്ല. കാര്യമായ ബലപ്രയോഗം നടന്നതായി പോലീസിന്റെ പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തി.
ഇനി വേണ്ടത് ആയിഷയുടെ മൊഴിയാണ്…മൊഴി നല്കാനുള്ള ഒരു അവസ്ഥയിൽ ആയിഷ എത്തിയിരുന്നില്ല. ആശുപത്രിയിൽ അഡ്മിറ്റായി ആറാം ദിവസം അതായത് സെപ്റ്റംബർ 29ന് മൊഴി നൽകാനാവാതെ ആയിഷ മരിക്കുകയും ചെയ്തു.
ഇതോടെ വഴി തെളിഞ്ഞു വന്ന അന്വേഷണത്തിന്റെ വഴി അടയുകയായിരുന്നു. പോലീസിന് ലഭിക്കേണ്ടിയിരുന്ന പ്രധാനപ്പെട്ട തെളിവ് ആയിഷയുടെ മൊഴിയായിരുന്നു. എന്നാൽ, പ്രതികളെക്കുറിച്ച് സൂചന പോലും നല്കാതെയാണ് ആയിഷ മരിച്ചത്.
ആയിഷയുടെ മരണം ഒരാഴ്ച പിന്നിടുന്പോൾ ഇതുവരെ പ്രതികളെ പിടികൂടാത്തതിലും ഒരു സൂചന പോലും ലഭിക്കാത്തതിലും പ്രതിഷേധിച്ച് വിവിധ രാഷ്ട്രീയ പാർട്ടികൾ പ്രക്ഷോഭം നടത്തി വരുന്നതിനിടെയാണ് കണ്ണൂർ സിറ്റി പോലീസ് കമ്മീഷ്ണർ ആർ. ഇളങ്കോ, എസിപി പി.പി. സദാനന്ദൻ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേകസംഘം രൂപീകരിച്ച് അന്വേഷണം തുടങ്ങിയത്. പോലീസ് നടത്തിയ സമർത്ഥമായ നീക്കത്തിൽ രണ്ടു പ്രതികളെയും ഇതരസംസ്ഥാനങ്ങളിൽ നിന്ന് പിടികൂടുകയായിരുന്നു.
ചീട്ടുകളിച്ച് കളഞ്ഞ പണം തിരികെ പിടിക്കാൻ കൊലപാതകം
ചീട്ടുകളിച്ച് കളഞ്ഞപണം തിരികെ പിടിക്കാൻ ഇതരസംസ്ഥാന തൊഴിലാളി കണ്ടെത്തിയ മാർഗം മോഷണമായിരുന്നു. സുഹൃത്തിനെയും പങ്ക് നല്കാമെന്ന് പറഞ്ഞ് കൂടെ കൂട്ടി.
മോഷണം നടത്താനായി അവർ കണ്ടെത്തിയത് തനിച്ചു താമസിക്കുന്ന വയോധികയേയുമായിരുന്നു. അങ്ങനെയാണ് വാരം ചതുരക്കിണറിൽ തനിച്ച് താമസിക്കുന്ന ആയിഷ മോഷ്ടാക്കളുടെ ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ടത്.
വയോധിക കൊല്ലപ്പെടുന്നതിന് ആഴ്ചകൾക്ക് മുന്പ് പ്രതികൾ വയോധികയുടെ വീടിന് അടുത്ത് നിർമാണ ജോലിക്കായി എത്തിയിരുന്നു. വയോധിക തനിച്ചാണ് താമസിക്കുന്നതെന്ന് മനസിലായതോടെ മൂന്നു ദിവസമായി വയോധികയെ പ്രതികൾ നിരീക്ഷിച്ചു വരികയായിരുന്നു.
അവസാനം മോഷണം നടത്തേണ്ട തീയതിയും സമയവും നിശ്ചയിച്ചു. വീടിനു പുറത്തേക്ക് എങ്ങനെയെങ്കിലും ആയിഷയെ ഇറക്കണം. വീടിന്റെ വാതിൽ പൊളിച്ച് അകത്തു കയറിയാൽ സമീപവാസികൾ ശബ്ദം കേട്ട് എണീക്കുമെന്നും പ്രതികൾക്ക് മനസിലായി.
പ്രാർഥനയ്ക്കായി എല്ലാ ദിവസവും പുലർച്ചെ ആയിഷ എഴുന്നേൽക്കുന്നതായി പ്രതികൾ മനസിലാക്കി. തുടർന്ന്, ആയിഷയെ വീടിന് പുറത്തിറക്കാനുള്ള മാർഗമായിരുന്നു പ്രതികൾ ആലോചിച്ചത്. പ്രതികൾ കണ്ടെത്തിയ മാർഗത്തിലൂടെ തന്നെയാണ് ആയിഷ വീടിന് പുറത്തിറങ്ങിയത്.
സെപ്റ്റംബർ 22 രാത്രിയിൽ വാരം ചതുരക്കിണറിനു സമീപമുള്ള ആയിഷയുടെ വീട് ലക്ഷ്യമാക്കി രണ്ടംഗസംഘം ഓട്ടോറിക്ഷയിൽ നീങ്ങി.
(തുടരും)