മലപ്പുറം: കേരളത്തിലെ ആദ്യത്തെ മുസ്ലിം വനിതാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന ചങ്ങരംകുളം നന്നംമുക്ക് കെ.ആയിഷക്കുട്ടി(91) അന്തരിച്ചു.
വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ഖബറടക്കം ചൊവ്വാഴ്ച വൈകുന്നേരം നാലിന് നന്നംമുക്ക് ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടക്കും.
1979-84 കാലഘട്ടത്തിലാണ് നന്നംമുക്ക് ഗ്രാമപ്പഞ്ചായത്തിന്റെ പ്രസിഡന്റായി ആയിഷക്കുട്ടി ആദ്യമായി തെരഞ്ഞെടുക്കപ്പെടുന്നത്. 1984 മുതൽ തുടർച്ചയായ ഏഴുവർഷം കോൺഗ്രസിന്റെ പഞ്ചായത്ത് അംഗമായി. 1995-2000 കാലഘട്ടത്തിൽ വീണ്ടും നന്നംമുക്ക് പഞ്ചായത്ത് പ്രസിഡന്റാകുകയും ചെയ്തു.
ഉപ്പുങ്ങൽ പുന്നയൂർക്കുളം എഎംഎൽപി സ്കൂൾ അധ്യാപികയായിരുന്നു. ഭർത്താവ്: പരേതനായ കറുത്താലിൽ മുഹമ്മദ്. മക്കൾ: ലൈല, ജമീല. മരുമക്കൾ: ഹംസ, പരേതനായ മൊയ്തുട്ടി.