നാദാപുരം: നാടും നഗരവും പൊള്ളുന്ന വെയിലിൽ കുടി വെള്ളത്തിനായി അലയുന്പോൾ നാട്ടുകാർക്ക് നൻമയുടെ കുടിനീർ ലഭ്യമാക്കി വീട്ടമ്മ മാതൃകയാവുന്നു.ചേലക്കാട് നരിക്കാട്ടേരിയിലെ മാണിക്കോത്ത് അയിശു ഹജജൂമ്മ (65)യാണ് പ്രദേശത്തെ 40 – ഓളം കുടുംബങ്ങൾക്ക് സ്വന്തം കിണറിൽനിന്ന് കുടിവെള്ളമെത്തിക്കുന്നത്. വിധവയായ ഈ വീട്ടമ്മ മകൾ ഹസീനയോടൊപ്പമാണ് കഴിയുന്നത്. ജീവിത സായാഹ്നത്തിൽ നാട്ടുകാർക്ക് വേണ്ടി എന്തെങ്കിലും ചെയ്യാൻ കഴിയുന്നതിലാണ് ഈ വീട്ടമ്മയുടെ നിർവൃതി. 13 – വൈദ്യുതി മോട്ടോറുകളാണ് ഇവരുടെ കിണറ്റിൽ സ്ഥാപിച്ചിരിക്കുന്നത്. ഇതgവഴിയാണ് 40-ഓളം കുടുംബങ്ങൾക്ക് കുടിവെള്ളമെത്തുന്നത്.
അയിന്പാടി ഷഫീഖ് തങ്ങൾ, പുത്തൻപീടികയിൽ പോക്കർ , ഹമീദ്, മണ്ടോടി നാരായണൻ, ബിന്ദു, ശാന്ത, ദിനേശൻ, മാണിക്കോത്ത് മറിയം, എന്നിങ്ങനെ അയിശു ഹജജൂമ്മയുടെ കിണറ്റിലെ പറ്റൂകാരുടെ ലിസ്റ്റ് നീളുന്നു.നേരിട്ട് വന്ന് വെള്ളമെടുക്കുന്നവർ വേറെയുമുണ്ട്. അയിശു ഹജജുമ്മ നിറഞ്ഞ മനസ്സോടെയാണ് എല്ലാ ഗുണഭോക്താക്കളെയും ആരവങ്ങളില്ലാതെ സ്വീകരിക്കുന്നത്. കാലവർഷത്തിൽ സ്വന്തം കിണറ്റിൽ പരമാവധി വെള്ളം സംഭരിച്ചുവയ്ക്കാൻ ഇവർ ആവുന്നതല്ലാം ചെയ്യുന്നു.
സ്വന്തം ചെലവിൽ കിണറ്റിലെ ചെളി കോരി വൃത്തിയാക്കലും, വശങ്ങൾ ഇടിഞ്ഞു വീഴാതെ സംരക്ഷിക്കലുമാണ് ഇവരുടെ വർഷങ്ങളായുള്ള പണി .വെള്ളം വറ്റിപ്പോവാതിരിക്കാനുള്ള മുന്നൊരുക്കങ്ങളും നടത്തും. മാസങ്ങൾ നീളുന്ന ഈ തയ്യാറെടുപ്പിനൊടുവിലാണ് നാട്ടുകാർക്ക് കുടിവെള്ളത്തിന്റെ അക്ഷയ ഖനി ലഭ്യമാകുന്നത് .ദൈവത്തിന്റെ അനുഗ്രഹമായ കുടിവെള്ളത്തിന് വിലയിടുവാൻ ആർക്കാണധികാരം എന്നാണ് അയിശു ഹജജൂമ്മയുടെ പക്ഷം.
അയിശു ഹജജുമ്മയുടെ കൊട്ടിഘോഷമില്ലാതെ നടക്കുന്ന സുകൃതം അറിഞ്ഞ് അവരെ ആദരിക്കാനും അവരിൽ നിന്ന് നൻമയുടെ വർത്തമാനങ്ങൾ കേൾക്കാനും ലോക ജല ദിനത്തിൽ നാദാപുരം ടി ഐ എം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ കാരുണ്യ പദ്ധതിയായ സ്നേഹമുദ്ര പ്രവർത്തകർ അയിശു ഹജ്ജുമ്മയുടെ വീട്ടിലെത്തി. പര പ്രേരണയില്ലാതെ സേവനം ചെയ്യുന്പോഴാണ് നിർവൃതിയുംമനഃസമാധാനവും ലഭിക്കുകയെന്ന് അവർ കുട്ടികളോട് പറഞ്ഞു.
ശുദ്ധജലം സംരക്ഷിക്കുമെന്നും, ജലം മലിനമാക്കുന്ന പ്രവൃത്തികൾ നടത്തില്ലെന്നും വിദ്യാർഥിനികൾ പ്രതിജ്ഞയെടുത്തു.വി.സി. ഇഖ്ബാൽ, പിടിഎ പ്രസിഡൻറ് നാസർ എടച്ചേരി, ഹെഡ്മാസ്റ്റർ ഇ. സിദ്ദീഖ്, കണേക്കൽ അബ്ബാസ്, മണ്ടോടി ബഷീർ മാസ്റ്റർ, കെ.ഷമീന ടീച്ചർ, സമീറ മൊട്ടേമ്മൽ, അബ്ദുല്ല, പുത്തൻപീടികയിൽ ഹമീദ്, നാസർ മാണിക്കോത്ത് എന്നിവർ സംബന്ധിച്ചു. വിദ്യാർഥിനികൾ അയിശു ഹജ്ജുമ്മയെ പൊന്നാട അണിയിച്ച് ആദരിക്കുകയും, സ്കൂളിന്റെ ഉപഹാരം നൽകുകയും ചെയ്തു.