എസ്ടി
ജോർജിയയിലെ പിഡ്മൗണ്ട് ആദൻസ് റീജണൽ മെഡിക്കൽ സെന്റർ കഴിഞ്ഞ ദിവസം ഒരു അസാധാരണ സംഭവത്തിനാണ് സാക്ഷ്യം വഹിച്ചത്. ഒരു പക്ഷേ ഇന്നേവരെ ഒരു ആശുപത്രിയിലും സംഭവവിച്ചിട്ടില്ലാത്ത കാര്യം. താര ഡ്രിങ്കാർഡും ടോണി ഹോവേഡും ഇരട്ടസഹോദരിമാരാണ്. ഇരുവരും നഴ്സുമാരാണ്.
ഹോവേഡ് എൻഐസിയുവിലും ഡ്രിങ്കാർഡ് ലേബർ റൂമിലുമാണ് ജോലി ചെയ്യുന്നത്. അതുകൊണ്ട് രണ്ടുപേരും ഒരുമിച്ച് ഒരു രോഗിയേയും ശുശ്രൂഷിക്കേണ്ട അവസരം ഉണ്ടായിട്ടില്ല. ഗർഭിണിയായ റബേക്ക വില്യംസ് പിഡ്മൗണ്ട് ആദൻസ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടതോടെയാണ് താരയുടെയും ടോണിയുടെയും ജീവിതത്തിലെ പ്രധാന സംഭവമുണ്ടാകുന്നത്. റബേക്കയുടെ ഗർഭപാത്രത്തിൽ ഇരട്ടക്കുട്ടികളായിരുന്നു.
റബേക്കയുടെ സിസേറിയനിൽ സഹായിക്കാൻ ആശുപത്രി അധികൃതർ നിയോഗിച്ചത് താരയേയും ടോണിയേയുമാണ്. ഇരുവരും പങ്കാളികളായ ആദ്യത്തെ സിസേറിയൻ. ഇരട്ട നഴ്സുമാരെപ്പോലെ ഇരട്ടപെണ്കുഞ്ഞുങ്ങൾക്കാണ് റബേക്ക ജന്മം നൽകിയത്.
ഗർഭധാരണത്തിനുശേഷം 32-ാമത്തെ ആഴ്ചയിലാണ് അഡിസണും ഇമ്മയും ജനിച്ചത്. ജനിക്കുന്പോൾ രണ്ടു കിലോഗ്രാം തൂക്കം മാത്രമാണ് ഇരുവർക്കുമുണ്ടായിരുന്നത്. താരയും ടോണിയും ജനിച്ചതും ഇതേ ആശുപത്രിയിലാണ്. തങ്ങൾ ജനിച്ച ആശുപത്രിയിൽ ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകാൻ സഹായിച്ചതിന്റെ ത്രില്ലിലാണ് ഇരുവരും.