തിരുവനന്തപുരം: പ്രതിപക്ഷ നേതാവിനു പിന്നാലെ കെപിസിസി പ്രസിഡന്റ് പദവിയിലേക്കും ഹൈക്കമാൻഡ് ആഗ്രഹിച്ചതുതന്നെ നടപ്പായി. ഗ്രൂപ്പുകളുടെ താൽപര്യങ്ങൾ മറികടന്നു കെ. സുധാകരൻ കെപിസിസി അധ്യക്ഷപദവിയിലേക്ക് എത്തി.
പല തലങ്ങളിൽ പല പേരുകൾ ഉയർന്നു വന്നിരുന്നെങ്കിലും കെ. സുധാകരന്റെ പേരിനായിരുന്നു ഹൈക്കമാൻഡ് ആദ്യ പരിഗണന നൽകിയത്. കേരളത്തിലെ യുവനിരയിൽനിന്ന് ഏറ്റവുമധികം പിന്തുണ ലഭിച്ചതും സുധാകരനുതന്നെ.
മൂന്നു വർക്കിംഗ് പ്രസിഡന്റുമാരെ നിയമിച്ചതിലൂടെ സാമുദായിക ഘടകങ്ങളിലുൾപ്പെടെ ബാലൻസ് ചെയ്യാനുള്ള ശ്രമങ്ങളും നടത്തി. ഗ്രൂപ്പു താൽപര്യം നോക്കിയാലും കുറ്റം പറയാനാകില്ല.
പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റും മുൻ ഐ ഗ്രൂപ്പുകാരാണ്. മൂന്നു വർക്കിംഗ് പ്രസിഡന്റുമാരും എ ഗ്രൂപ്പുകാരും. ഇപ്പോൾ ഗ്രൂപ്പടിസ്ഥാനത്തിൽ ഇവരെ ആരെയും കണക്കാക്കാൻ കഴിയില്ലെന്നുള്ളതു വേറെ കാര്യം.
തലമുറമാറ്റത്തിനുവേണ്ടി മുറവിളി ഉയർന്നപ്പോഴും സീനിയർ നേതാക്കളെ പാടേ ഒഴിവാക്കാൻ ഹൈക്കമാൻഡ് തയാറായിട്ടില്ല.
പ്രതിപക്ഷ നേതാവായി താരതമ്യേന പുതുതലമുറ എന്നു പറയാവുന്ന വി.ഡി. സതീശനെ കൊണ്ടുവന്നപ്പോൾ കെപിസിസി പ്രസിഡന്റായി സുധാകരനെ നിയമിച്ചതുവഴി പരിചയസന്പത്തിനും പ്രാധാന്യം നൽകി.
ഇനി കെപിസിസിയുടെ പുനഃസംഘടനയും ഡിസിസി പ്രസിഡന്റുമാരുടെ നിയമനവുമാണു നടക്കാനുള്ളത്. യുവതലമുറയെ ഉൾപ്പെടുത്തിക്കൊണ്ടുള്ള പുതിയ ടീം ആയിരിക്കും കെപിസിസി ഭാരവാഹികളായി വരാൻ പോകുന്നത്.
നിലവിലുള്ള ജംബോ കമ്മിറ്റികളെ ഒഴിവാക്കി ഊർജസ്വലമായ കമ്മിറ്റിയായിരിക്കും വരാൻ പോകുന്നത്. ഡിസിസി പ്രസിഡന്റുമാരായും പ്രവർത്തനക്ഷമതയുള്ള യുവനേതാക്കൾ വരും.
പ്രതിപക്ഷ നേതാവിനെ തീരുമാനിച്ചതുമായി ബന്ധപ്പെട്ട് പാർട്ടിക്കുള്ളിലുണ്ടായ അസ്വാരസ്യങ്ങൾ ഇപ്പോഴും നിലനിൽക്കുകയാണ്. പ്രതിപക്ഷനേതൃസ്ഥാനത്തുനിന്ന് രമേശ് ചെന്നിത്തലയെ നീക്കിയ രീതിയിൽ അദ്ദേഹവും ഉമ്മൻ ചാണ്ടിയും അതൃപ്തരാണ്.
അതുകൊണ്ടുതന്നെ കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് ഇരുവരും പേരുകളൊന്നും നിർദേശിച്ചില്ല. എങ്കിലും കെ. സുധാകരൻ പ്രസിഡന്റ് പദവിയിലെത്തുന്നതിനോട് ഇരുഗ്രൂപ്പുകൾക്കും യോജിപ്പുണ്ടായിരുന്നില്ല.
എന്നാൽ ഹൈക്കമാൻഡ് തീരുമാനമെടുത്തതോടെ പ്രമുഖ നേതാക്കളെല്ലാവരും അതിനെ സ്വാഗതം ചെയ്തു. ഒരിടത്തുനിന്നും എതിർപ്പോ പ്രതിഷേധമോ ഉയർന്നു വന്നിട്ടില്ല.
തൽക്കാലം അങ്ങനെയൊന്നും ഉണ്ടാകാനും പോകുന്നില്ല. എങ്കിലും വിവിധ ഗ്രൂപ്പുകളെയും മുതിർന്ന നേതാക്കളെയും യോജിപ്പിച്ചു കൊണ്ടു പോകുക എന്നത് സുധാകരനു വെല്ലുവിളിയായിരിക്കും.
എന്നാൽ ഗ്രൂപ്പുകൾക്കു മുകളിലൂടെ വി.എം. സുധീരനെയും മുല്ലപ്പള്ളി രാമചന്ദ്രനെയും കെപിസിസി അധ്യക്ഷ പദവിയിൽ നിയമിച്ച സാഹചര്യവുമായി ഇപ്പോൾ താരതമ്യമില്ല.
അന്നു ഗ്രൂപ്പുകളായിരുന്നു പാർട്ടിയിൽ ശക്തർ. ഗ്രൂപ്പുകൾക്കപ്പുറത്തേക്കു പോയി പ്രവർത്തിക്കാൻ ഇരുനേതാക്കൾക്കും സാധിക്കുമായിരുന്നുമില്ല.
എന്നാൽ ഇന്നു സ്ഥിതി മാറി. പ്രബലമായ എ, ഐ ഗ്രൂപ്പുകൾ ഛിന്നഭിന്നമായി കഴിഞ്ഞു. യുവനിരയിൽ നല്ലൊരു പങ്കും ഗ്രൂപ്പുകൾക്കു വെളിയിലാണിപ്പോൾ. അവരുടെ പിന്തുണ സുധാകരനുണ്ട്.
നിയമസഭാ തെരഞ്ഞെടുപ്പിലെ തുടർച്ചയായ രണ്ടാം പരാജയത്തെ തുടർന്നു കോണ്ഗ്രസ് വലിയ പ്രതിസന്ധിയിലൂടെയാണു കടന്നുപോകുന്നത്.
പാർട്ടിക്കു തിരിച്ചുവരണമെങ്കിൽ പുതിയ നേതൃനിര കൂടിയേ തീരു. ആത്മവിശ്വാസം നഷ്ടപ്പെട്ട അണികളെ പിടിച്ചു നിർത്തണമെങ്കിൽ ശക്തനായ നേതാവ് പാർട്ടിയുടെ തലപ്പത്തുണ്ടാകണം.
പിണറായി വിജയനെ പോലെ ഒരു നേതാവിനെയും സിപിഎമ്മിനെ പോല സുസംഘടിതമായ ഒരു പാർട്ടിയെയും നേരിടാനുള്ള ചങ്കൂറ്റമുള്ള നേതാവിനെയാണ് സാധാരണ പ്രവർത്തകർ പ്രതീക്ഷിക്കുന്നത്.
ഇന്നത്തെ സാഹചര്യത്തിൽ സംസ്ഥാന കോണ്ഗ്രസിൽ അതിനു സാധിക്കുന്ന അധികം മുഖങ്ങളില്ല. ഇവിടെയാണ് സുധാകരന്റെ പ്രസക്തി.
ആക്രമണോത്സുക രാഷ്ട്രീയത്തിന്റെ വക്താവായ സുധാകരൻ കോണ്ഗ്രസ് പോലെയുള്ള ഒരു പാർട്ടിയെ കേരളത്തിൽ നയിക്കാൻ പ്രാപ്തനല്ല എന്ന മുന്നറിയിപ്പ് അവഗണിച്ചുകൊണ്ടാണ് അദ്ദേഹത്തെ പാർട്ടിയുടെ കടിഞ്ഞാണ് ഏൽപ്പിച്ചിരിക്കുന്നത്.
തകർന്നടിഞ്ഞ സംഘടനയെ കെട്ടിപ്പടുക്കുന്നതുൾപ്പെടെയുള്ള ഭാരിച്ച ഉത്തരവാദിത്തമാണ് സുധാകരനെ കാത്തിരിക്കുന്നത്. 2024ലെ പാർലമെന്റ് തെരഞ്ഞെടുപ്പ് ആകുന്പോഴേക്കും കോണ്ഗ്രസിനെ ഉൗർജസ്വലമായ പാർട്ടിയാക്കി മാറ്റാൻ അദ്ദേഹത്തിന്റെ നേതൃത്വത്തിനു സാധിക്കണം.
അതത്ര എളുപ്പമുള്ള കാര്യമല്ലെങ്കിലും നിലവിലെ സാഹചര്യത്തിൽ അതിലേക്കുള്ള മികച്ച ചോയ്സ് ആയി സുധാകരന്റെ നിയമനത്തെ കാണാം.
സാബു ജോണ്