നെടുമങ്ങാട്: ആകാശിന് ഫോൺ നൽകാൻ മന്ത്രി ജി.ആർ. അനിൽ എത്തി. നഗരസഭയിലെ ചിറക്കാണി വാർഡിലെ ചെന്തുപ്പൂര് പെരുനെല്ലിവിള അനില ഭവനിൽ ആറാം ക്ലാസ് വിദ്യാർഥി ആകാശാണ് ഓൺലൈൻ പറനത്തിന് ഫോൺ വേണമെന്ന് മന്ത്രി ജി.ആർ. അനിലിനെ നേരിട്ട് വിളിച്ച് ആവശ്യപ്പെട്ടത്.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് മന്ത്രി വീട്ടിലെത്തി ഫോൺ കൈമാറി. അച്ഛൻ ഉപേക്ഷിച്ച ആകാശും അഞ്ച് വയസുകാരി അനിയത്തിയും വൃക്ക രോഗിയായ അമ്മയും അമ്മൂമ്മയുടെ തുച്ഛമായ വരുമാനത്തിലാണ് കഴിയുന്നത്. ആകാശ് അരുവിയോട് സെന്റ് റീത്താസ് യുപി സ്കൂളിലെ വിദ്യാർഥിയാണ്.
മന്ത്രി ആവശ്യപ്പെട്ട പ്രകാരം പ്രാദേശിക എൽഡിഎഫ് പ്രവർത്തകർ സുമനസുകളുടെ സഹായത്തോടെ ഫോൺ വാങ്ങി നൽകുകയായിരുന്നു.
അപ്രതീക്ഷിതമായി മന്ത്രിയെ കണ്ട അമ്പരപ്പോടെ കുടുംബവും അയൽവാസികളും സന്തോഷം പങ്കിട്ടു. മന്ത്രി വീട്ടിൽ വന്ന് ഫോൺ നൽകണമെന്ന ആകാശിന്റെ ആഗ്രഹമാണ് സഫലമായത്.
സിപിഎം പൂവത്തൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്.എസ്.ബിജു, കൗൺസിലർ ബി.എ.അഖിൽ എന്നിവർ മന്ത്രിയോടൊപ്പമുണ്ടായിരുന്നു.