കോട്ടയം: കോട്ടയം നഗരത്തിന്റെ സ്വപ്ന പദ്ധതിയായ ആകാശ പാതയുടെ ഒരു തൂണ് ഇപ്പോൾ ആകാശത്തേക്ക് നോക്കി നിൽക്കുകയാണ്. ആകാശ പാതയുടെ പ്ലാറ്റ്ഫോം താങ്ങി നിർത്തുന്നതിന് സിഎസ്ഐ കോംപ്ലക്സ് ഭാഗത്ത് റോഡിൽ സ്ഥാപിച്ച തൂണാണ് എങ്ങുമെത്താതെ നിൽക്കുന്നത്.
റോഡിന്റെ ഏതാണ് എട്ടടിയോളം വീതി തൂണ് സ്ഥാപിച്ചതു വഴി നഷ്ടമാകും. ഇതുണ്ടാക്കുന്ന ഗതാഗത പ്രശ്നം വേറെ. ഇതിനിടെയാണ് ഇവിടെ സ്ഥാപിച്ച തൂണിൽ പ്ലാറ്റ്ഫോം ഉറയക്കാതെ വന്നത്. പ്ലാറ്റ്ഫോം വളയവും തൂണുമായി ഒരു മീറ്ററിലധികം വ്യത്യാസമുണ്ട്.
ആകാശപാതയുടെ രൂപരേഖ തയാറാക്കിയപ്പോൾ പ്ലാറ്റ്ഫോം എല്ലാ തൂണുകളിലും ഉറപ്പിക്കുമെന്നാണ് പറഞ്ഞിരുന്നത്. എല്ലാ തൂണുകൾക്കു മുകളിലും പ്ലാറ്റഫോം ഉറപ്പിച്ച് നിർമിക്കും എന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ നിർമാണത്തിന്റെ ആദ്യ ഘട്ടത്തിൽ തന്നെ ഒരു തൂണ് പ്ലാറ്റ്ഫോമിനു പുറത്തായിരിക്കുകയാണ്.
എന്നാൽ ഇതിൽ അപാതകയൊന്നുമില്ലെന്നും തൂണുമായി പ്ലാറ്റ്ഫോം ഘടിപ്പിക്കുമെന്നുമാണ് ആകാശ പാതയുടെ നിർമാതാക്കൾ അവകാശപ്പെടുന്നത്. തൂണ് റോഡരകിലേക്ക് മാറ്റി സ്ഥാപിച്ചതാണെന്നും ഇവർ പറയുന്നു. അങ്ങനെയെങ്കിൽ തൂണ് അൽപ്പംകൂടി റോഡരികിലേക്ക് മാറ്റാമായിരുന്നു എന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്.
ഇപ്പോഴത്തെ നിലയിൽ തൂണ് റോഡിലാണ് നിൽക്കുന്നത്. തൂണ് അൽപം കൂടി റോഡരികിലേക്ക് മാറ്റുകയാണെങ്കിൽ വടക്കു നിന്ന് വരുന്ന വാഹനങ്ങൾക്ക് ശാസ്ത്രി റോഡിലേക്ക് തടസം കൂടാതെ പ്രവേശിക്കുവാൻ സാധിക്കും.