മലയാളി പ്രേക്ഷകരെയാകെ കരയിച്ച ചിത്രമായിരുന്നു ആകാശദൂത്. സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ മുരളിയും മാധവിയുമാണ് പ്രധാന വേഷത്തിലെത്തിയത്. മനസ്സില്‍ ഇന്നും തീരാനൊമ്പരമായി നില്‍ക്കുന്ന ദുഖചിത്രമാണിത്. മാതാപിതാക്കളുടെ മരണത്തോടു കൂടി അനാഥരായിപ്പോകുന്ന നാലു കുരുന്നുകളുടെ കഥ പറഞ്ഞ ചിത്രം ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നുണ്ട്. ആകാശദൂത് സിനിമ ഇറങ്ങിയിരുന്ന സമയത്ത് പ്രേക്ഷക മനസ്സില്‍ ഇടം നേടിയിരുന്ന ബാലതാരങ്ങളുടെ ഇപ്പോഴത്തെ രൂപവും വിശേഷങ്ങളും അറിയാന്‍ പ്രേക്ഷകര്‍ക്കെന്നും താല്‍പര്യമാണ്.
1993ല്‍ ഇറങ്ങിയ സിനിമയിലെ ഈ സീന്‍ കണ്ട് ഒരു നിമിഷം എങ്കിലും കണ്ണ് നിറയാത്തവര്‍ അപൂര്‍വ്വം ആയിരിക്കും.മൂന്ന് സഹോദരങ്ങളും അവരെ ദത്തെടുത്തവരോടൊപ്പം പോകുമ്പോള്‍ ഒറ്റപെട്ടു പോയ റോണിയുടെ മുഖം സിനിമ കണ്ട ആര്‍ക്കും മറക്കാനാകില്ല. നാല് സഹോദരങ്ങളുടെ കഥ പറഞ്ഞ ചിത്രത്തില്‍ പോളിയോ ബാധിച്ച കുട്ടിയെ ഏറ്റെടുക്കാനായി ആരും മുന്നോട്ട് വന്നിരുന്നില്ല. പ്രേക്ഷക മനസ്സില്‍ ഏറെ നൊമ്പരമായി നിന്നിരുന്നതും ഈ കുരുന്നായിരുന്നു.
സഹോദരങ്ങളെ ഓരോരുത്തരായി കൊണ്ടു പോകുമ്പോള്‍ ആരുമില്ലാതെ ഒറ്റയ്ക്ക് നിന്നിരുന്ന അന്നത്തെ റോണിയെക്കുറിച്ച് പിന്നീട് ആലോചിച്ചിട്ടുണ്ടോ? ബാലതാരമായി സിനിമയത്തിലെത്തിയ മാര്‍ട്ടിനാണ് റോണിയെ അവതരിപ്പിച്ചത്. ആകാശദൂതിന് പുറമെ ചിത്രത്തിന്റെ തെലുങ്ക് റീമേക്കിലും മാര്‍ട്ടിന്‍ വേഷമിട്ടിരുന്നു. പിന്നീട് സിനിമയില്‍ നിന്നും അപ്രത്യക്ഷമായ താരം. മൂന്നാം ക്ലാസില്‍ പഠിച്ചു കൊണ്ടിരിക്കവെയാണ് മാര്‍ട്ടിന്‍ ആകാശദൂതില്‍ അഭിനയിച്ചത്. ഒരു മാസത്തോളം നീണ്ടു നിന്നിരുന്ന ഷൂട്ടിങ്ങിന് ശേഷം പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു.
ലയോള കോളജില്‍ നിന്നും ബിരുദം നേടിയതിനു ശേഷം സ്വകാര്യ കമ്പനിയില്‍ ജോലിക്ക് ചേര്‍ന്ന മാര്‍ട്ടിന്‍ പിന്നീട് ഗള്‍ഫിലേക്ക് കൂടുമാറി. മലയാളത്തില്‍ വന്‍വിജയമായ ആകാശദൂതിന്റെ തെലുങ്ക് പതിപ്പായ മാതൃ ദേവോ ഭവയിലും മാര്‍ട്ടിന്‍ വേഷമിട്ടിരുന്നു. മുരളിക്ക് പകരമായി നാസറായിരുന്നു ചിത്രത്തില്‍ നായകവേഷത്തിലെത്തിയത്. പിന്നീട് ചില സീരിയലുകളില്‍ വേഷമിട്ടിരുന്നുവെങ്കിലും പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. പ്രേംപ്രകാശായിരുന്നു ചിത്രം നിര്‍മ്മിച്ചത്. കോട്ടയം സ്വദേശിയായിരുന്നു അദ്ദേഹം.സ്‌കൂളില്‍ കലാപരിപാടികളൊക്കെ അവതരിപ്പിക്കുമായിരുന്നു. ഇക്കാര്യം അദ്ദേഹത്തിന് അറിയാമായിരുന്നു അങ്ങനെയാണ് താന്‍ സിനിമയിലേക്ക് എത്തിയതെന്ന് മാര്‍ട്ടിന്‍ പറഞ്ഞു.
പ്രമുഖ ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം വിശേഷങ്ങള്‍ പങ്കുവെച്ചത്. അന്ന് ചെറിയ കുട്ടിയായിരുന്നതിനാല്‍ ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കാന്‍ പേടിയൊന്നുമില്ലായിരുന്നു. ഇന്നായിരുന്നുവെങ്കില്‍ അല്‍പ്പം പേടി തോന്നിയെനെയെന്നും മാര്‍ട്ടിന്‍ പറയുന്നു. ചെറിയ കുട്ടിയായിരുന്നതിനാല്‍ സെറ്റിലെല്ലാവര്‍ക്കും തന്നെ വലിയ കാര്യമായിരുന്നുവെന്ന് താരം ഓര്‍ക്കുന്നു. മുരളിയും മാധവിയുമൊക്കെ സ്നേഹത്തോടെയാണ് പെരുമാറിയിരുന്നത്. ആകാശദൂതില്‍ കൂടെ അഭിനയിച്ച മറ്റു താരങ്ങളില്‍ സീനാ ആന്റണിയുമായി മാത്രമേ ഇപ്പോള്‍ അടുപ്പമുള്ളൂ. മറ്റുള്ളവരെക്കുറിച്ച് അറിയില്ലെന്നും മാര്‍ട്ടിന്‍ വ്യക്തമാക്കി.
ഒരുപാട് കാരണങ്ങളായിരുന്നു സിനിമയെ ആ കാലത്ത് വന്‍ വിജയമാക്കിയത്. അര്‍ബുദം എന്ന രോഗം ഇന്ന് ഈ കാലത്ത് മലയാളികളുടെ വീട്ടിലെ അതിഥികള്‍ അല്ല. പക്ഷേ സിനിമ ഇറങ്ങിയ കാലത്ത് അര്‍ബുദം എന്ന രോഗം ഒരുപക്ഷെ അപൂര്‍വ്വം ആയി ഏതെങ്കിലും വീട്ടില്‍ എത്തി ചേരുന്ന അതിഥി മാത്രം ആയിരുന്നു.. പലരും പറഞ്ഞു കേട്ടിട്ടുണ്ട് ഈ സിനിമ ഇറങ്ങിയ കാലയളവില്‍ ചെറിയ രോഗങ്ങള്‍ വന്നാലും ആകാശദൂതില്‍ മാധവിക്ക് വന്ന അസുഗമാണോ എന്ന് മനസ്സില്‍ പേടി തോന്നിയവരുണ്ടായിരുന്നു എന്ന്. മികച്ച കഥ അതിനനുസൃതമായ തിരക്കഥ, മികച്ച സംവിധാനം , ഓരോ അഭിനേതാക്കളുടെയും പൂര്‍ണ്ണത , മനസ്സില്‍ തട്ടുന്ന പാട്ടുകള്‍ , കരളലിയിപ്പിക്കുന്ന ബാക്ക്‌ഗ്രൌണ്ട് മ്യൂസിക് അങ്ങനെ ഒരുപാട് കാരണങ്ങള്‍ ആണ് ഈ സിനിമയെ 90 കളിലെ ഒരു മികച്ച ഫാമിലി ഇമോഷണല്‍ സിനിമയാക്കി മാറ്റിയത്. മികച്ച ഫാമിലി വെല്‍ഫെയര്‍ സിനിമയ്ക്കുള്ള നേഷണല്‍ ഫിലിം അവാര്‍ഡ്, രണ്ടാമത്തെ മികച്ച നടിക്കുള്ള കേരള സ്റ്റേറ്റ് ഫിലിം അവാര്‍ഡ്,മികച്ച നടിക്കുള്ള ഫിലിം ഫെയര്‍ അവാര്‍ഡ് എന്നീ അവാര്‍ഡുകള്‍ ആകാശദൂത് സിനിമയ്ക്ക് നേടാനായി.