കോട്ടയം: നഗരത്തിൽ റൗണ്ടാനയിൽ സ്ഥാപിക്കുന്ന ആകാശപാതയുടെ ഒരു തൂണ് പണിതുപണിത് വന്നപ്പോൾ പുറത്തായത് വിവാദമായതോടെ ഇരുന്പ് പൈപ്പ് ഉപയോഗിച്ച് വെൽഡ് ചെയ്ത് ഘടിപ്പിച്ചു പ്രശ്നം പരിഹരിക്കാൻ ശ്രമം ആരംഭിച്ചു.
സിഎസ്ഐ കോംപ്ലക്സിനു സമീപത്തു സ്ഥാപിച്ച തൂണും ഇപ്പോൾ ഘടിപ്പിച്ച മുകൾ തട്ടുമായി ഇരുന്പുപൈപ്പ് ഘടിപ്പിച്ച് വെൽഡു ചെയ്തു പിടിപ്പിച്ചിരിക്കുകയാണ്. ഇരുന്പു ഗർഡറുകളും ഇരുന്പു ഷീറ്റുകളും അടങ്ങിയ മുകൾ തട്ടിനു 120 ടണ്‍ ഭാരമുണ്ട്. ഇത്രയും ഭാരം താങ്ങാൻ തൂണിൽ വെൽഡു ചെയ്തു പിടിപ്പിച്ച ഇരുന്പുപൈപ്പിനാകുമോ എന്നു സംശയമുണ്ട്.
15 മീറ്റർ വീതിയിൽ വൃത്താകൃതിയിലാണ് മുകൾതട്ടിന്റെ നിർമാണം. ശീമാട്ടി റൗണ്ടാനയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാനും യാത്രക്കാരുടെ ബുദ്ധിമുട്ട് ഇല്ലാതാക്കാനുമാണ് ആകാശ പാത നിർമിക്കുന്നത്. നിർമാണം ഇപ്പോൾ ആരംഭ ഘട്ടത്തിലാണ്.