കൊച്ചി: ബസ് ഡ്രൈവറുടെ അശ്രദ്ധമൂലം വാതില്‍തട്ടി തലയ്ക്കു ഗുരുതരമായി പരിക്കേറ്റ് എറണാകുളം മെഡിക്കല്‍ സെന്ററില്‍ ചികിത്സയില്‍ കഴിയുന്ന തുതിയൂര്‍ സ്വദേശി പ്രകാശന്റെ മകന് ആകാശ് അപകടനില തരണംചെയ്തതായി ആശുപത്രി അധികൃതര്‍.
കഴിഞ്ഞ മൂന്നിന് കൃത്രിമ തലയോട്ടി വച്ചുപിടിപ്പിക്കല്‍ ശസ്ത്രക്രിയയ്ക്കു വിധേയനായ ആകാശ് ഇപ്പോള്‍ സാധാരണ ഭക്ഷണം കഴിക്കുകയും പരസഹായത്തോടെ നടക്കുകയും ചെയ്യുന്നുണ്ടെന്നു ന്യൂറോസര്‍ജ്ജന്‍ ഡോ. ടി.കെ. ജയരാജന് പറഞ്ഞു.
മെഡിക്കല്‍ സെന്ററിലെ തീവ്രപരിചരണവിഭാഗത്തില്‍ ആകാശ് തന്റെ പന്ത്രണ്ടാം ജന്മദിനം ഇന്നലെ അച്ചന് പ്രകാശന്, അമ്മ സഹിത, സഹോദരന് അശ്വിന് എന്നിവര്‍ക്കൊപ്പം കേക്ക് മുറിച്ച് ആഘോഷിച്ചു.
ഡോ. ടി.കെ. ജയരാജന്, ശിശുരോഗവിദഗ്ധരായ ഡോ. എം. സുമ, ഡോ. ആര്. ശ്രീവിദ്യ എന്നിവരും ആഘോഷത്തില്‍ പങ്കുചേര്‍ന്നു.
കഴിഞ്ഞ ഡിസംബര്‍ 23ന് മുത്തച്ഛന്റെ മരണാനന്തര ചടങ്ങില്‍ സംബന്ധിക്കാന്‍ സ്കൂട്ടറില്‍ സഞ്ചരിക്കുമ്പോള്‍ കാക്കനാട് വച്ചാണ് ബസ് ഡ്രൈവറുടെ കാബിന് വാതില്‍ തട്ടി ആകാശിന്റെ തലയുടെ ഇടതുഭാഗം തകര്‍ന്നത്.
മെഡിക്കല്‍ സെന്ററില്‍ അടിയന്തരശസ്ത്രക്രിയയ്ക്കു വിധേയനായ ആകാശ് ഒരാഴ്ചയിലധികം വെന്റലേറ്ററില്‍ കഴിഞ്ഞശേഷമാണ് ജീവിതത്തിലേക്കു മടങ്ങിയത്.
ഇടതുകണ്ണിന്റെ കാഴ്ച വീണ്ടെടുക്കുന്നതുള്‍പ്പെടെ കൂടുതല്‍ തുടര്‍ചികിത്സ ആകാശിന് വേണ്ടിവരുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.