തേഞ്ഞിപ്പലം: ശബരിമല ദർശനത്തിന് തയാറാണെന്നറിയിച്ച യുവതികൾക്കൊപ്പം പത്രസമ്മേളനത്തിൽ പങ്കെടുത്ത യുവതിയുടെ വീടിന് നേരെ ആക്രമണം. തേഞ്ഞിപ്പലം പള്ളിക്കൽ കോഴിപ്പുറത്തെ അപർണ ശിവകാമിയുടെ ’വിമത’ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. ബൈക്കിലെത്തിയ സംഘമാണ് കല്ലെറിഞ്ഞത്. ഇന്ന് പുലർച്ചെ 3.30 ഓടെയാണ് സംഭവം. അക്രമത്തിൽ രണ്ടുജനലുകൾ തകർന്നു.
ആറു വലിയ കരിങ്കൽക്കഷ്ണങ്ങൾ മുറ്റത്ത് നിന്നു കണ്ടെത്തി. മുറ്റത്ത് പാർക്ക് ചെയ്തിരുന്ന വാഹനം സുരക്ഷിതമാണ്. മുറിയിലേയ്ക്ക് കല്ലുകളൊന്നും വീണിട്ടില്ല. ചില്ല് മുറിയിലാകെ ചിതറിത്തെറിച്ചിട്ടുണ്ട്. വഴിയിൽ നിന്ന് ബൈക്ക് സ്റ്റാർട്ട് ആക്കി പോകുന്ന സംഘത്തെ കണ്ടതായി അപർണയും ഭർത്താവ് പ്രതാപും പറഞ്ഞു.
സംഭവത്തെത്തുടർന്നു തേഞ്ഞിപ്പലം പോലീസ് സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി അന്വേഷണം തുടങ്ങി. ആക്രമണം സംബന്ധിച്ചു അപർണ ശിവകാമി തന്നെയാണ് ഫെയ്സ് ബുക്കിലൂടെ അറിയിച്ചത്. പോലീസ് സംരക്ഷണം നൽകാൻ തയാറായാൽ ശബരിമലയിൽ ദർശനം നടത്താൻ പോകുന്നതുമായി ബന്ധപ്പെട്ട വാർത്താ സമ്മേളനം കൊച്ചിയിൽ നടത്തിയത് അപർണയുടെ നേതൃത്വത്തിലായിരുന്നു.
ഇതിൽ രോഷം പൂണ്ടാണ് അക്രമികൾ കല്ലെറിഞ്ഞതെന്നാണ് സൂചന. നേരത്തെ പ്രതിഷേധത്തെത്തുടർന്ന് ശബരിമല ദർശനത്തിൽ നിന്ന് പിൻമാറിയ കോഴിക്കോട് സ്വദേശിനി രേഷ്മാ നിശാന്തിനൊപ്പമാണ് കണ്ണൂർ സ്വദേശിനി ഷനിജ സതീഷും കൊല്ലം സ്വദേശിനി വി.എസ്.ധന്യയും കൊച്ചിയിൽ വാർത്താ സമ്മേളനം നടത്തിയത്.
യുവതികൾക്ക് നേരെ കൊച്ചിയിൽ നാമ ജപക്കാർ ഉപരോധം നടത്തിയിരുന്നു. ഇതിനെത്തുടർന്നു പ്രശ്നമുണ്ടാക്കാൻ താൽപര്യമില്ലെന്നും തൽക്കാലം പി·ാറുന്നുവെന്നും മണ്ഡലകാലം കഴിയുന്നതിന് മുൻപ് ശബരിമലയിൽ പോകുമെന്നും യുവതികൾ കൊച്ചിയിൽ നടന്ന വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. അതേസമയം, താൻ ശബരിമലയക്ക് പോകാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും അക്രമത്തെത്തുടർന്നു ഇനി ശബരിമലയ്ക്ക് പോകാൻ ഉദ്ദേശിക്കുന്നുവെന്നും അപർണ പ്രതികരിച്ചിട്ടുണ്ട്.