സ്വന്തം ലേഖകന്‍
കോഴിക്കോട്: പ്രളയത്തെതുടര്‍ന്ന സംസ്ഥാനത്തെ ആക്രി കച്ചവടവിപണിക്ക് പുത്തനുണര്‍വ്. പഴയ പ്ലാസ്റ്റിക് കുപ്പിക്കുള്പ്പെടെ 18 ശതമാനം ജിഎസ്ടി ചുമത്തിയതോടെ പ്രതിസന്ധിയിലായ ആക്രികച്ചവടക്കാര്‍ക്ക് ഒരു തരത്തില്‍ ആശ്വാസം പകരുകയാണ് പ്രളയം. പ്രളയത്തെ തുടര്‍ന്ന് വീടുകളില്‍ വെള്ളം കയറി നശിച്ച പാത്രങ്ങള്‍ , കിടക്കകള്‍ , മറ്റ് ഉപയോഗ ശൂന്യമായ ഗുഹോപകരണങ്ങള് എന്നിവയെല്ലാം ഇപ്പോള്‍ കൂടുതലായി വിപണിയില്‍ എത്തിതുടങ്ങിയതായി കേരളാ സ്ക്രാപ്പ് വ്യാപാരികള്‍ പറയുന്നു. പലരും വലിയ ചാക്കുകളിലാക്കി സാധനങ്ങള്‍ നേരിട്ടുകൊണ്ടുവരാന്‍ തുടങ്ങി.
ഓണക്കാലത്തും മറ്റും വിപണിയില്‍ മുന്‍കാലങ്ങളില്‍ ആക്രിസാധനങ്ങള്‍ കൂടുതലായി എത്താറുണ്ടായിരുന്നുവെങ്കിലും ഇത്തവണ മുന്പത്തേക്കാള് പ്രളയവുമായി ബന്ധപ്പെട്ട് പത്ത് ശതമാനത്തോളം വര്‍ധനവുണ്ടായിട്ടുണ്ട്. ഉദാഹരണത്തിന് വീടുകളില്‍ നിന്നും പഴയ സാധനങ്ങള്‍ ശേഖരിക്കുന്നവർ ഒരുകിലോ വസ്തുക്കള്‍ 10 രൂപയ്ക്ക് ശേഖരിക്കുകയും 12 രൂപയ്ക്ക് ആക്രികടകളിലും അവിടെനിന്ന് 16 രൂപയ്ക്ക് വിവിധ കമ്പനികളിലേക്കും കയറ്റി അയ്ക്കുന്ന രീതിയായിരുന്നു ഉണ്ടായിരുന്നത്.
പ്രളയത്തിന് ശേഷം വീടുകളില്‍ നിന്നും കുറഞ്ഞ വിലയ്ക്കുതന്നെ വസ്തുക്കള്‍ ശേഖരിക്കാനാകുന്നുവെന്നാണ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്. ഇത് കടകളിലേക്കെത്തുമ്പോള് മോശമല്ലാത്ത ലാഭവും ഉണ്ടാകുന്നു.
അതേസമയം സാമൂഹ്യ സേവനത്തിന്റെ മറവില്‍ സംസ്കരിക്കാനെന്ന പേരില്‍ പാഴ്വസ്തുക്കള് കയറ്റി അയച്ച് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നേടുന്ന ലോബിയും പ്രളയകാലത്ത് സജീവമായതായി ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു.
ഒരു ടണ്‍ മാലിന്യം കയറ്റി അയച്ചാല്‍ 7000 രൂപവരെ സര്‍ക്കാര്‍ നല്‍കുന്നുണ്ട്. മാലിന്യങ്ങള്‍ ഒഴിവാക്കി ഇതരസംസ്ഥാനങ്ങളിലോ മറ്റോ കൊണ്ടുപോയി സംസ്കരിക്കാനാണിത്. ഒരു വിഭാഗം ഇല്ലാത്ത കണക്കുണ്ടാക്കി ഉദ്യോഗസ്ഥരുടെ സഹായത്തോടെ മാലിന്യങ്ങള്‍ കയറ്റി അയച്ചതായി കാണിക്കുകയാണ്.
റസിഡന്‍സ് അസോസിയേഷനുകള്‍ മുഖേനയാണ് ഇവര്‍ ആക്രി സാധനങ്ങള്‍ ശേഖരിക്കുന്നത്. എന്നാല്‍ ശേഖരിച്ചതിനേക്കാള്‍ കൂടുതല്‍ സാധനങ്ങള്‍ കയറ്റി അയച്ചതായി കണക്കുകള്‍ കാണിക്കുന്നുവെന്നും ഇതിനെതിരേ പരാതി നല്‍കുമെന്നും ആക്രികച്ചവടക്കാരുടെ സംഘടന പറയുന്നു.
വര്‍ഷങ്ങളായി ആക്രി വസ്തുകള്‍ ശേഖരിക്കുന്നവരെ തന്നെ വേസ്റ്റ് മാനേജ്മെന്റും ഏല്‍പ്പിക്കണമെന്നും പ്രളയം പോലുള്ള ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ അവസരം മുതലെടുക്കുകയാണ് ഇവരെന്നും കച്ചവടക്കാര്‍ പറയുന്നു. നിലവിലെ സാഹചര്യത്തില്‍ കുറഞ്ഞവിലയ്ക്കുപോലും ഉപയോഗശൂന്യമായ വസ്തുക്കള്‍ വീടുകളില്‍ നിന്നും ഒഴിവാക്കാന്‍ ആളുകള്‍ തയ്യാറാണ്.
എന്നാല്‍ അതിന്റെപൂര്ണഗുണം ശേഖരിക്കുന്നവര്‍ക്ക് ലഭിക്കുന്നില്ല. സാമൂഹ്യ വേസനമെന്ന പേരില്‍ സാധനങ്ങള്‍ ശേഖരിക്കുന്നവര്‍ കൃത്യമായി അവ സംസ്കരിക്കുന്നുണ്ടോ എന്നകാര്യവും സര്‍ക്കാര്‍ പരിശോധിക്കണമെന്ന ആവശ്യവും ഉയരുന്നു.