കൊച്ചി: മോഷണ മുതലാണെന്ന് അറിഞ്ഞിട്ടും വാങ്ങുന്നുവെന്നു കണ്ടെത്തിയതിനെ തുടർന്നു നഗരത്തിലെ ആക്രികച്ചവട സ്ഥാപനങ്ങൾ പോലീസിന്റെ രഹസ്യ നിരീക്ഷണത്തിൽ. ബാറ്ററികൾ മോഷണം പോകുന്നത് ഉൾപ്പെടെ നഗരത്തിൽ നടക്കുന്ന പല ചെറു മോഷണങ്ങളിലും തൊണ്ടിമുതൽ സംരക്ഷിക്കുന്നത് ചില ആക്രികച്ചവട സ്ഥാപനങ്ങളാണെന്ന തിരിച്ചറിവിലാണു പോലീസ് നിരീക്ഷണം ശക്തമാക്കിയത്.
എറണാകുളം ജനറൽ ആശുപത്രിയിലെ ജനറേറ്റർ റൂം തകർത്തു ബാറ്ററികൾ മോഷ്ടിച്ച സംഭവത്തിലും പ്രതികൾക്കു തുണയായതു നഗരത്തിലെ ഒരു ആക്രി കച്ചവട സ്ഥാപനമാണ്. കേസിൽ പുതുവൈപ്പ് ചെള്ളപ്പുറത്ത് മുരുകൻ (മുഴമുരുകൻ-42), തിരുവനന്തപുരം വലിയതുറ വികലാംഗർ കോളനിയിൽ സഹദേവൻ (40), ആക്രി സ്ഥാപന ഉടമ ഇടപ്പള്ളി തോട്ടുങ്കൽ റഷീദ് (51) എന്നിവരെയാണു സെൻട്രൽ സിഐ എ. അനന്തലാലിന്റെ നേതൃത്വത്തിൽ പിടികൂടിയത്.
കഴിഞ്ഞ 13ന് എറണാകുളം ജനറൽ ആശുപത്രിയിൽ വൈദ്യുതി തടസപ്പെട്ടതിനെത്തുടർന്നു നടത്തിയ പരിശോധനയിലാണു ജനറേറ്റർ റൂമിൽനിന്നു ബാറ്ററികൾ മോഷണം പോയവിവരം അറിയുന്നത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ രണ്ടു പേർ ഉന്തുവണ്ടിയിൽ ബാറ്ററിയുമായി പോകുന്നതു കണ്ടെത്തി.
ആക്രി പെറുക്കി നടക്കുന്നവരാണു ബാറ്ററി മോഷ്ടിച്ചതെന്നു മനസിലായതോടെ സഹദേവനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോൾ മുരുകന്റെ നേതൃത്വത്തിൽ മോഷണം നടത്തിയകാര്യം സമ്മതിച്ചു. തുടർന്നു മുരുകനെയും അറസ്റ്റു ചെയ്തു. ബാറ്ററികൾ മാർക്കറ്റിലെ ആക്രിക്കച്ചവടസ്ഥാപനത്തിൽനിന്നു പിന്നീടു കണ്ടെടുത്തു.
മോഷണമുതലാണെന്ന് അറിഞ്ഞിട്ടും ബാറ്ററി പ്രതികളിൽനിന്നു വാങ്ങിയതിനാണു റഷീദിനെ അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളിൽ മുരുകനെയും സഹദേവനെയും റിമാൻഡ് ചെയ്തു. ശാരീരിക പ്രശ്ങ്ങളുള്ളതിനാൽ റഷീദിനെ കോടതി ജാമ്യത്തിൽ വിട്ടു. ആക്രിക്കച്ചവട സ്ഥാപനങ്ങളും മോഷണമുതലാണെന്ന അറിവോടെ സാധനങ്ങൾ വാങ്ങുന്നതു ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇത്തരം സ്ഥാപനങ്ങൾ നിരീക്ഷണത്തിലാണെന്നും സിഐ പറഞ്ഞു.