തളിപ്പറമ്പ്: പോലീസ് പിന്തുടര്ന്നപ്പോള് മണല്‍കടത്തുകാര്‍ ഉപേക്ഷിച്ച് രക്ഷപ്പെട്ട മിനിലോറി കത്തിച്ച ശേഷം ആക്രികച്ചവടക്കാര്‍ക്ക് വിറ്റ സംഭവത്തില്‍ തളിപ്പറമ്പ് പോലീസ് സ്റ്റേഷനിലെ എഎസ്ഐ ഉള്‍പ്പെടെ അഞ്ച് പോലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ഡിവൈഎസ്പി ജില്ലാ പോലീസ് മേധാവിക്ക് റിപ്പോര്‍ട്ട് നല്കി. ഇക്കഴിഞ്ഞ മൂന്നിന് പറപ്പൂലില്‍ വെച്ചായിരുന്നു സംഭവം. രാത്രി കുപ്പം കടവില്‍ നിന്ന് ശേഖരിച്ച മണല്‍കടത്തുന്ന മിനിലോറിയെ പോലീസ് കൈകാണിച്ചിട്ടും നിര്‍ത്താത്തതിനെ തുടര്‍ന്നാണ് എഎസ്ഐയുടെ നേതൃത്വത്തില്‍ പിന്തുടര്ന്നത്.
പോലീസ് പിന്തുടരുന്നതറിഞ്ഞ് ഡ്രൈവര്‍ വാഹനം ആളൊഴിഞ്ഞ സ്ഥലത്തെ കാട്ടിനുള്ളിലേക്ക് കയറ്റിവെച്ച് രക്ഷപ്പെടുകയായിരുന്നു. ഡ്രൈവറെ കിട്ടാത്തതിനാല്‍ വിവരം ഉന്നതരെ അറിയിച്ച ശേഷം ലോറി പോലീസ് കത്തിച്ചു. കത്തിയ ലോറി പിന്നീട് കുപ്പം ഖലാസികളെ ഉപയോഗിച്ച് സ്ഥലത്തുനിന്ന് മാറ്റിയശേഷം ആക്രികച്ചവടക്കാര്‍ക്ക് വില്‍ക്കുകയായിരുന്നു. കത്തിച്ച വാഹനം കുപ്പത്തെ ആക്രികച്ചവടക്കാരന്റെ ഗോഡൗണില്‍ നിന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
സംഭവം പുറത്തായതോടെ ഇതേപ്പറ്റി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സിപിഎം തളിപ്പറമ്പ് ഏരിയാ സെക്രട്ടറി പി.മുകുന്ദനാണ് കഴിഞ്ഞ 10 ന് സിഐക്ക് പരാതി നല്‍കിയത്. സാധാരണഗതിയില്‍ പോലീസ് പിടിച്ചെടുക്കുന്ന നിസാരവസ്തുക്കള്‍ പോലും തൊണ്ടിമുതലായി സ്റ്റേഷനിലെത്തിച്ച് രേഖപ്പെടുത്തണമെന്നാണ് ചട്ടമെന്നിരിക്കെ ഇത് ലംഘിച്ചുവെന്ന് ബോധ്യമായതിനെ തുടര്‍ന്ന് ഡിവൈഎസ്പി കെ.വി. വേണുഗോപാല്‍ നടത്തിയ അന്വേഷണത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ലഭിച്ചിരിക്കുന്നത്.
സംഭവത്തില്‍ പോലീസുകാരില്‍ നിന്നും ആക്രികച്ചവടക്കാരനില്‍ നിന്നും ഖലാസികളില്‍ നിന്നും ഇതിനകം മൊഴിരേഖപ്പെടുത്തിക്കഴിഞ്ഞു. ഇതിനു മുമ്പും പോലീസ് സ്റ്റേഷനില്‍ നിന്നും ഇത്തരത്തില്‍ വാഹനങ്ങള്‍ വിലകൊടുത്തുവാങ്ങിയിട്ടുണ്ടെന്നാണ് കുപ്പത്തെ ആക്രികച്ചവടക്കാരന് മൊഴി നല്‍കിയിരിക്കുന്നത്. രഹസ്യാന്വേഷണ വിഭാഗവും ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.