ഒറ്റപ്പാലം: ചുട്ടുപഴുത്ത ഇരുന്പ് അടിച്ച് പരത്തി ആയുധങ്ങളാക്കുന്ന ഗ്രാമീണ ആലകളും അന്യം നിന്നു. ഒരുകാലത്ത് ഗ്രാമീണ ചന്തമായിരുന്നു ഇത്. കൊയ്ത്തിന് അരിവാൾ മൂർച്ച കൂട്ടാൻ കരിക്കിടുന്നതും, മടവാളക്കമുള്ള പണിയായുധങ്ങൾ മൂർച്ച കൂട്ടിയിരുന്നതും ഇത്തരം ആലകളിലാണ്.
ഇരുന്പുപണി കുലതൊഴിലാക്കിയ അവകാശ ജാതീയരും അന്നുണ്ടായിരുന്നു. വർഷങ്ങൾക്കിപ്പുറം ഭൂരിഭാഗം ആലകളിലെയും തീയണഞ്ഞു. ഒട്ടേറെ ആലകളുണ്ടായിരുന്ന മേഖലകളിൽ ചുരുക്കം ചില ആലകൾ മാത്രമായി അവശേഷിച്ചു.
അവയും അന്യം നിന്ന സ്ഥിതിയാണിപ്പോൾ. പൂർവികരാൽ പാരന്പര്യമായി കൈവന്ന തൊഴിൽ കൈവിടാനുള്ള വിഷമം മൂലം വിഷമഘട്ടത്തിലും പിടിച്ചുനിൽക്കാൻ ശ്രമിച്ചവരെല്ലാം പരാജയപ്പെട്ടു.
പണ്ട് ഗ്രാമങ്ങളിലെ കല്ലുവെട്ട് മടയിൽ ചെങ്കല്ല് കൊത്തിയെടുത്തിരുന്നത് ഇരുന്പിന്റെ കൊത്തി ഉപയോഗിച്ചായിരുന്നു.ഇത് ദിവസവും ഉൗട്ടി മൂർച്ചകൂട്ടുകയും ചെയ്തിരുന്നു. ഓരോ ഗ്രാമങ്ങളിലും ഇത്തരം കല്ലുവെട്ട് നടന്നിരുന്നു.
അതുകൊണ്ടുതന്നെ ഗ്രാമങ്ങളിലെ ആലകളിൽ തിരക്കൊഴിഞ്ഞ നേരമുണ്ടായിരുന്നില്ല. കാലക്രമേണ കല്ലുവെട്ടും കല്ലുചെത്തും യന്ത്രങ്ങളിലേക്ക് വഴി മാറിയതോടെ ആലകളിലെ തിരക്കൊഴിഞ്ഞു.
മടവാൾ, അരിവാൾ, വിവിധ തരം കത്തികൾ, കഠാരകൾ എന്നിവ ഇത്തരം ആലകളിലാണ് പണിതിരുന്നത്.കന്പനികൾ നിർമിച്ച് വിൽക്കുന്ന കത്തികളുൾപ്പെടെ അടുക്കളയിൽ ഉപയോഗിക്കുന്ന ആയുധങ്ങൾക്ക് വില കുറയുകയും ചെയ്തു.
ഇതോടെ ആലയിലെ ആയുധങ്ങൾക്ക് ആവശ്യക്കാർ കുറവായി. കരുവാൻ വിഭാഗത്തിൽപ്പെട്ടവരുടെ വീടുകൾതന്നെയാണ് ആലകളായി ഉപയോഗിച്ചിരുന്നത്. അക്കാലത്ത് കൊയ്ത്ത്, പുല്ലരിയൽ എന്നിവയ്ക്ക് അരിവാൾ ഉപയോഗിച്ചിരുന്നു.
ഇന്ന് കൊയ്ത്ത് യന്ത്രത്തിലേക്ക് മാറിയതും അരിവാളിന്റെ ഉപയോഗം കുറച്ചു.ഗ്രാമീണജനതയുടെ സ്പന്ദനങ്ങളിൽ വന്ന മാറ്റം ഈ തൊഴിൽ മേഖലയേയും തൊഴിലാളികളെയും ബാധിച്ചു എന്നുള്ളതും പ്രധാനമാണ്.