വലിയ താരങ്ങള്‍ക്കും പുതുതാരങ്ങള്ക്കും പിന്നാലെ ഡേറ്റ് ചോദിച്ചുപോകില്ലെന്നും കഴിവുള്ള കലാകാരന്മാര്ക്കും ടെക്നീഷ്യന്മാര്ക്കും സിനിമയിലേക്കു വഴിയൊരുക്കുകയാണ് ഇനിയുള്ള ലക്ഷ്യമെന്നും സംവിധായകന് ആലപ്പി അഷ്റഫ്. ‘സിനിമയിലുള്ളവരെക്കാൾ കഴിവുള്ള ധാരാളംപേര്‍ പുറത്തുണ്ട്. അവരെ കണ്ടെത്തി ചാന്‍സ് കൊടുക്കുകയാണ്. പുതിയ ചിത്രം അടിയന്തരാവസ്ഥക്കാലത്തെ അനുരാഗത്തില്‍ അതാണു ചെയ്തത്. അതു സാമൂഹിക ഉത്തരവാദിത്വമായി കരുതുന്നു’- ആലപ്പി അഷ്റഫ് രാഷ്്ട്രദീപികയോടു പറഞ്ഞു.
രാഷ്ട്രീയ ചിത്രമല്ല
അടിയന്തരാവസ്ഥക്കാലത്തെ അനുരാഗം രാഷ്ട്രീയ ചിത്രമല്ല, 1975-82 കാലഘട്ടത്തിലെ പ്രണയകഥയാണ്.
ഇതില്‍ അടിയന്തരാവസ്ഥക്കാലമുണ്ട്, ഒപ്പം ഒരു പ്രണയത്തിലെ അടിയന്തരാവസ്ഥയുമുണ്ട്. കൊല്ലം അകത്തുമുറി എന്ന ഗ്രാമത്തിലായിരുന്നു ചിത്രീകരണം. പിക്നിക് സിനിമ റിലീസായതു മുതല്‍ മാരുതി 800 ഇറങ്ങിയതു വരെയുള്ള കാലഘട്ടത്തിലൂടെയാണു കഥാസഞ്ചാരം.
നിഹാലും ഗോപികയും
കാമറാമാന്, ആര്‍ട്ട് ഡയറക്ടര്‍, നായകന്, നായിക.. എല്ലാവരും പുതുമുഖങ്ങള്‍. നിഹാലാണ് നായകന്. ഇതിൽ ഡ്യൂപ്പില്ലാതെ ഫൈറ്റ് സീക്വന്‍സുകള്‍ ഗംഭീരമായി ചെയ്തിട്ടുണ്ട്. ഗോപികയാണു നായിക. ചിത്രത്തിലെ വൈദിക കഥാപാത്രമായി ഫാ. പോള്‍ അമ്പൂക്കന് എന്ന വികാരിയെത്തുന്നു.
ബൈബിള്‍ നാടകത്തില്‍ ക്രൈസ്റ്റായി അഭിനയിക്കുന്നയാളാണ് ചിത്രത്തില്‍ നായകന്റെ പിതാവ്. ഫേസ്ബുക്കിലൂടെ അങ്ങനെയൊരാളെയും കണ്ടെത്തി. ഇതിലെ ഒരു സീനില്‍ അന്ത്യഅത്താഴം നാടകരംഗമുണ്ട്. അതിലെ ക്രിസ്തുശിഷ്യരുടെ വേഷങ്ങളില്‍ രൂപസാദൃശ്യമുള്ളവരെ ഓഡിഷനിലൂടെ കണ്ടെത്തി. അനാവശ്യ ചെലവുകള്‍ ഒഴിവാക്കിയാണ് എന്റെ പ്രൊഡക്ഷന്‍. കാരവാനില്ല, ഫ്ളൈറ്റില്ല. പക്ഷേ, സിനിമയ്ക്കുവേണ്ടതെല്ലാം ഒരുക്കി.
യേശുദാസ്, ശ്രേയാ ഘോഷാല്‍
ക്രൈസ്തവ പശ്ചാത്തലത്തിലുള്ള കഥയാണ്. പാട്ടുകളില്‍ രണ്ടെണ്ണം ഡിവോഷണലാണ്. ആത്മനാഥാ കരുണാമയ എന്ന ഭക്തിഗാനം യേശുദാസാണ് പാടിയത്. സംഗീതം കെ.ജെ. ആന്റണി. ശ്രേയാഘോഷാല്‍ ആദ്യമായി മലയാളത്തില്‍ പാടിയ ക്രൈസ്തവ ഭക്തിഗാനവും ഇതിലാണ്. സ്വര്‍ഗത്തില്‍ വാഴും…എന്ന ഗാനം.
സംഗീതം അഫ്സല് യൂസഫ്. ടി.എസ്. ജയരാജ് എന്ന പുതുമുഖമാണ് ഇതിലെ പ്രണയഗാനമൊരുക്കിയത്. ശ്വേതാ മോഹനും നജീം അര്‍ഷാദുമാണ് ഗായകര്‍. ഈ സിനിമയുടെ കഥയെഴുതിയ ടൈറ്റസ് ആറ്റിങ്ങലാണ് ഗാനരചനയും.
മിമിക്രി വഴി
മിമിക്രി ആദ്യമായി മത്സരവിഭാഗത്തിൽ ഉൾപ്പെടുത്തിയപ്പോൾ ഞാനായിരുന്നു ആദ്യ ജേതാവ്. മൃഗങ്ങളുടെയും മറ്റും ശബ്ദാനുകരണം മാത്രമായിരുന്ന മിമിക്രിയില്‍ പ്രേംനസീര്‍, കെ.പി. ഉമ്മര്‍, അടൂര്‍ ഭാസി, ഗോവിന്ദന്‍കുട്ടി… തുടങ്ങി മിക്ക താരങ്ങളുടെയും ശബ്ദം അനുകരിച്ചു തുടങ്ങിയതു ഞാനാണ്.
എഴുപതുകളില്‍ വേദികളില്‍ മിമിക്രി അവതരിപ്പിച്ചുതുടങ്ങി. കലാഭവന്റെ മിമിക്സ് പരേഡിനും പതിറ്റാണ്ടു മുമ്പുതന്നെ. പി.ജെ. ആന്റണിയുടെ മരണശേഷം ചൂളയില്‍ അദ്ദേഹത്തിനു ശബ്ദംനല്‍കി. ജയന്റെ മരണശേഷം കോളിളക്കം, മനുഷ്യമൃഗം, ആക്രമണം, അറിയപ്പെടാത്ത രഹസ്യം എന്നീ സിനിമകളിൽ അദ്ദേഹത്തിനും ശബ്ദമായി. അമേരിക്കയിലുള്‍പ്പെടെ പല നാടുകളിലും മിമിക്രിയുമായി പോയി. 82ലായിരുന്നു അമേരിക്കയില്‍ പ്രോഗ്രാം.
പ്രേംനസീര്‍, മമ്മൂട്ടി, ലാല്‍
മൂന്നു തലമുറ താരങ്ങൾക്കൊപ്പം സിനിമ ചെയ്യാനായി. പ്രേംനസീര്‍ നായകനായ ഒരു മാടപ്രാവിന്റെ കഥയില്‍ സംവിധായകനായി തുടക്കം. അതില്‍ മമ്മൂട്ടിയുമുണ്ട്. പ്രേംനസീറുമൊത്ത് പിന്നെയും രണ്ടു പടങ്ങള്‍ – വനിതാ പോലീസ്, മുഖ്യമന്ത്രി. തുടര്‍ന്ന് മോഹന്‍ലാലിനെയും മമ്മൂട്ടിയെയും നായകന്മാരാക്കി സിനിമകൾ.
മോഹന്‍ലാല്‍ നായകനായ നിന്നിഷ്ടം എന്നിഷ്ടം ചലഞ്ചിംഗ് ആയിരുന്നു. അതു സൂപ്പര്‍ഹിറ്റായി. തെലുങ്കില്‍ ഗ്രൂപ്പ് ഡാന്‍സറായിരുന്ന കര്‍പ്പകവല്ലിയെ പ്രിയ എന്ന പേരിൽ അതിൽ നായികയാക്കി. തമിഴിലും തെലുങ്കിലുമൊക്കെ പ്രിയ ഇപ്പോഴും അഭിനയിക്കുന്നു. കണ്ണൂര്‍ രാജനു തിരിച്ചുവരവായി ഇളംമഞ്ഞിന്‍ കുളിരുമായൊരു കുയില്‍ എന്ന ഗാനം. പിന്നീട് അദ്ദേഹം എത്രയോ ഹിറ്റ് പാട്ടുകളൊരുക്കി.
ഡബ്ബിംഗ്, അഭിനയം…
ടെക്നിക്കല്‍ വിഭാഗമൊഴികെ സിനിമയുടെ എല്ലാ മേഖലകളിലും പ്രവര്‍ത്തിക്കാനായി. 1991ല്‍ ഇന്‍ ഹരിഹര്‍നഗര്‍ തമിഴില്‍ എംജിആര്‍ നഗറില്‍ എന്ന പേരില്‍ റീമേക്ക് ചെയ്തു. രജനീകാന്തിന് ഗർജനം എന്ന ചിത്രത്തിൽ ശബ്ദം നല്കി. ഡബ്ബിംഗ് ഇപ്പോഴും തുടരുന്നു. റിലീസിനൊരുങ്ങുന്ന ഷെയിന്‍ നിഗം സിനിമ ഖുര്‍ബാനിയില്‍ ചാരുഹസന്‍ ശബ്ദംനല്‍കി.
ബാഹുബലിയില്‍ കോമഡി സ്പര്‍ശമുള്ള കുമാര്‍വര്‍മ രാജാവിന് എന്റെ ശബ്ദമാണ്. പലപ്പോഴും പകരക്കാരനായി പല സിനിമകളിലും വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. റാംജിറാവു സ്പീക്കിംഗിലെ ചെമ്മീന്‍ വര്‍ഗീസും മറ്റും അങ്ങനെ ചെയ്തതാണ്. ഇതില്‍ തൊഴിയന്‍ തോമ എന്ന എസ്ഐയുടെ വേഷം ചെയ്തു.
അടുത്ത സിനിമ….
അവള് വിശ്വസ്തയായിരുന്നു, ആരും അന്യരല്ല തുടങ്ങിയ പടങ്ങള്‍ നിര്‍മിച്ച ജെ.ജെ. കുറ്റിക്കാട്ടാണ് എന്റെ അടുത്ത പടം നിര്‍മിക്കുന്നത്. ചലഞ്ചിംഗ് സിനിമയാണ്. ചെലവു ചുരുക്കി അഞ്ചു ഭാഷകളില്‍ നിര്‍മിക്കുന്ന പാന്‍ ഇന്ത്യന്‍ ചിത്രം. അതും പുതുമുഖങ്ങളുടെ സിനിമയാണ്.
ടി.ജി. ബൈജുനാഥ്