മുക്കം: ഒരു പാട്ട് പാടണമെന്ന് തോന്നിയാൽ തബലയും ഗിറ്റാറുമുൾപ്പെടെയുള്ള വാദ്യോപകരണങ്ങൾ കൂടെ ഉണ്ടങ്കിൽ അത് പാടുന്നവർക്ക് ഒരു പോസിറ്റീവ് എനർജി നൽകുമെന്ന കാര്യത്തിൽ തർക്കമില്ല.
എന്നാൽ വാദ്യോപകരണങ്ങൾ ഒന്നും തന്നെ ഇല്ലങ്കിലോ. ഒരു കുഴപ്പവുമില്ലന്ന് പറയും തോട്ടുമുക്കം സ്വദേശിയായ 10 വയസുകാരൻ ആൽബിൻ സന്തോഷ്.
ഒരു കുടം കിട്ടിയാൽ അതിൽ മനോഹരമായി കൊട്ടും ഈ കൊച്ചു മിടുക്കൻ. ശാസ്ത്രീയമായി വാദ്യോപകരണങ്ങളൊന്നും പഠിച്ചിട്ടില്ലെങ്കിലും ആൽബിന്റെ ഈ കൊട്ടിപ്പാട്ട് കേട്ടാൽ ആരും ഒന്ന് അമ്പരന്നു പോകും.
സംഗീത പ്രേമികളായ ആൽബിന്റെ മാതാവിന്റെ അച്ഛനും സുഹൃത്ത് ഭാസ്കരനും ഒഴിവുസമയങ്ങളിൽ പാട്ട് പാടുന്നത് കേൾക്കുമ്പോൾ തൊട്ടടുത്തുള്ള എന്തെങ്കിലും വസ്തുക്കളിൽ ആൽബിൻ താളം പിടിക്കുന്നത് ശ്രദ്ധയിൽപെട്ട ഭാസ്കരേട്ടൻ തമാശയ്ക്ക് ഒരു കുടം കയ്യിൽ കൊടുത്തതായിരുന്നു.
എന്നാൽ ഇവരുടെ പാട്ടിനനുസരിച്ച് ആൽബിൻ നല്ലരീതിയിൽ തന്നെതാളം പിടിച്ചു. ലോക് ഡൗണ്സമയങ്ങളിൽ ഇവരോടൊപ്പം കൂട്ടത്തിൽ കൊട്ടി പാടുന്ന ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ ഈ കൊച്ചു കലാകാരനെ നാട്ടുകാരും ശ്രദ്ധിച്ചുതുടങ്ങി.
സംഗീതം പഠിക്കാൻ താൽപര്യമുണ്ടെന്നും തബല വായിക്കുക എന്നത് തന്റെ ഒരു വലിയ ആഗ്രഹമാണെന്നും ആൽബിൻ പറയുന്നു.
ആൽബിന്റെ ആഗ്രഹം മനസിലാക്കിയ തോട്ടുമുക്കം നവധാര ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ഭാരവാഹികൾ ആൽബിന് തബല വാങ്ങി നൽകുകയും ശാസ്ത്രീയമായി സംഗീതം അഭ്യസിക്കാനുള്ള സൗകര്യം ഒരുക്കുകയും ചെയ്തതായി ക്ലബ് ഭാരവാഹികൾ പറഞ്ഞു.
പാലക്കാട് അട്ടപ്പാടി വിമല ഭവൻ യു. പി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയായ ആൽബിൻ തോട്ടുമുക്കം മാങ്ങാട്ട് പോയികയിൽ സന്തോഷ്, ദീപ, ദമ്പതികളുടെ രണ്ടു മക്കളിൽ മൂത്ത മകനാണ്.
തന്റെ ഏറ്റവും വലിയ ആഗ്രഹമായ തബല നൽകിയ ക്ലബ് ഭാരവാഹികൾക്ക് നന്ദി പറഞ്ഞ ആൽബിൻ ക്ലബ് ഭാരവാഹികൾക്കായി തബലയിൽ തന്നെക്കൊണ്ട് ആകുന്ന വിധം വായിച്ച് കേൾപ്പിക്കുകയും ചെയ്തു.