ചെങ്ങാലൂർ: ആലഞ്ചേരി പാടത്ത് അനധികൃതമായി കന്പിവേലികെട്ടിയത് പൊളിച്ചു മാറ്റി. പാടശേഖര സമിതിയുടെയും പാടശേഖര സംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ് വേലി പൊളിച്ചു മാറ്റിയത്. ഇന്നു രാവിലെ 7.30ന് 20ഓളം കർഷകർ സംഘടിച്ച് എത്തിയ വേലി പൊളിച്ചു മാറ്റിയത്.
പാടശേഖരത്തിലെ സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് കോണ്ക്രീറ്റ് തൂണുകൾ സ്ഥാപിച്ചാണ് കന്പിവേലിയിരുന്നത്. കഴിഞ്ഞ തവണ നെൽകൃഷി ചെയ്ത പാടത്തിന്റെ ഒരു ഭാഗം കന്പിവേലികെട്ടിയതോടെ കൃഷിക്കാവശ്യമുള്ള വാഹനങ്ങൾക്ക് പാടത്തേക്ക് പ്രവേശിക്കാനാവാത്ത സ്ഥിതിയായതോടെയാണ് വേലി പൊളിച്ചുമാറ്റാൻ കർഷകർ നിർബന്ധിതരായത്.
ആറു മാസം മുന്പാണ് ഇവിടെ കോണ്ക്രീറ്റ് കാലുകൾ സ്ഥാപിച്ച് വേലിക്കെട്ടിയത്. ഇതിനെ തുടർന്ന് കർഷകർ അധികൃതർക്ക് പരാതി നൽകിയിരുന്നെങ്കിലും നടപടികൾ ഉണ്ടായില്ലെന്ന് കർഷകർ പറഞ്ഞു. രണ്ടിടങ്ങളിലായി ഒരു ഹെക്ടറോളം വരുന്ന സ്ഥലത്താണ് വേലിക്കെട്ടി തിരിച്ചിരുന്നത്. വേലിക്കെട്ടി തിരിച്ച് നെൽവയൽ പരിവർത്തനം ചെയ്ത് കരഭൂമിയാക്കാനാണ് സ്വകാര്യ വ്യക്തികൾ ശ്രമിക്കുന്നതെന്ന് കർഷകർ ആരോപിച്ചു.