മുക്കം: ചാലിയാറിലും ഇരുവഴിഞ്ഞി പുഴയിലും വ്യാപകമായി കണ്ടെത്തിയ നീല ഹരിത ആല്‍ഗയുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലാ കളക്ടര്‍ അമിത് മീണക്കും കോഴിക്കോട് ജില്ലാ കളക്ടര്‍ യു.വി. ജോസിനും വ്യത്യസ്ത നിലപാടുകള്‍. രണ്ടു ദിവസത്തിന്റെ വ്യത്യാസത്തിലാണ് മലപ്പുറം ജില്ലാ പരിധിയില്‍ ചാലിയാറിലും കോഴിക്കോട് ജില്ലാ പരിധിയില്‍ ഇരുവഴിഞ്ഞിയിലും ആല്‍ഗ കാണപ്പെട്ടത്.
എന്നാല്‍ മലപ്പുറം ജില്ലാ ഭരണകൂടം ആ സമയത്ത് തന്നെ ഉണര്‍ന്നുപ്രവര്‍ത്തിച്ച് ജനങ്ങളുടെ ആശങ്കയകറ്റാന്‍ നടപടികള്‍ സ്വീകരിച്ചിരുന്നു. എന്നാല്‍ വകുപ്പുകള്‍ തമ്മിലുള്ള എകോപനമില്ലായ്മ കോഴിക്കോട്ടെ പ്രവര്‍ത്തനങ്ങള്‍ക്ക് തടസമായി.
ഡിവൈഎഫ്ഐ ഉള്‍പ്പെടെയുള്ള യുവജന സംഘടനകളുടെ ശക്തമായ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് മലപ്പറുത്ത് അരീക്കോട് ഗ്രാമപഞ്ചായത്ത് അധികൃതര്‍ നടപടികളെടുത്തു. പുഴയിലേക്ക് ഒഴുകിയെത്തുന്ന കക്കൂസ് മാലിന്യമടക്കം ആല്‍ഗ പടരാന്‍ കാരണമാവുമെന്ന തിരിച്ചറിവില്‍ പഞ്ചായത്തിലെ മുഴുവന്‍ ഓടകളും തുറന്നുപരിശോധന നടത്തിയിരുന്നു.
കൂടാതെ അരീക്കോട് ടൗണിലേയും മറ്റും മുഴുവന്‍ കടകളിലേയും മാലിന്യങ്ങള്‍ പുഴയിലേക്ക് ഒഴുക്കിവിടുന്നത് പരിശോധിക്കുകയും നിയമലംഘനം നടത്തിയതായി കണ്ടെത്തിയവര്‍ക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു.കഴിഞ്ഞ ദിവസം ജില്ലയിലെ ജനപ്രതിനിധികളെ വിളിച്ചുചേര്‍ത്ത് ചാലിയാറിലെ മാലിന്യ നിക്ഷേപത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതിന് മലപ്പുറം ജില്ലാ കളക്ടര്‍ കര്‍ശന നിര്‍ദേശവും നല്‍കിയിരുന്നു.
അതേസമയം കോഴിക്കോട് ജില്ലയില്‍ ഇതുമായി ബന്ധപ്പെട്ട നടപടികള്‍ തുടങ്ങിയതുതന്നെ കഴിഞ്ഞ ദിവസമാണ്. സ്ഥലം സന്ദര്‍ശിച്ച വിവിധ വകുപ്പുകളാവട്ടെ പുഴയിലേക്ക് ഒഴുക്കുന്ന മാലിന്യ നിക്ഷേപത്തെ കുറിച്ച് ഒരക്ഷരം പറയുകയോ നടപടിയാവശ്യപ്പെടുകയോ ചെയ്തിട്ടില്ല.
പുഴയോരത്തെ കൃഷിയിടങ്ങളിലെ രാസവളപ്രയോഗമാവാം ആല്‍ഗ പടരാന്‍ കാരണമെന്നാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നത്. പുഴയിലേക്ക് വ്യാപകമായി അറവുശാല മാലിന്യം തള്ളുന്നതും വിവിധ കെട്ടിടങ്ങളില്‍നിന്ന് കക്കൂസ് മാലിന്യം തള്ളുന്നതും ശ്രദ്ധയില്‍പ്പെടുത്തിയിട്ടും അത് പരിശോധിക്കുന്നതിനോ നടപടി സ്വീകരിക്കുന്നതിനോ അധികൃതര്‍ തുനിഞ്ഞതുമില്ല.