മുഖം സ്കാൻ ചെയ്താൽ മാത്രം പ്രവേശനം, ഭക്ഷണം വിളന്പാൻ റോബട്ടുകൾ… സിനിമകളിലും സങ്കൽപ്പങ്ങളിലുമുള്ള വിസ്മയകരമായ സൗകര്യങ്ങൾ യാഥാർഥ്യമാക്കിയിരിക്കുകയാണ് ചൈനീസ് ടെക് വന്പൻ ആലിബാബ ഗ്രൂപ്പ്. ചൈനയിലെ സീചിയാംഗ് പ്രവിശ്യയിലുള്ള ഹാംഗ്സോയിലാണ് ‘ഫ്ലൈ സൂ’എന്ന പേരിൽ ആലിബാബ ഗ്രൂപ്പ് പുതിയ ഹോട്ടൽ ആരംഭിച്ചിരിക്കുന്നത്.
സ്മാർട് ഫോണുകളിലേതിനു സമാനമായ ഫേഷ്യൽ അണ്‍ലോക്കിംഗ് സംവിധാനമാണ് ഹോട്ടലിന്റെ കവാടത്തിലുള്ളത്. ഇതിൽ സ്കാൻ ചെയ്താണ് ആളുകൾ പ്രവേശിക്കേണ്ടത്. ശരീരത്തിൽ ആയുധങ്ങളോ മറ്റു അപകടകരമായ വസ്തുക്കളോ ഒളിപ്പിച്ചിട്ടുണ്ടോ എന്നറിയാനുള്ള ബോഡി സ്കാനിംഗും ഇക്കൂട്ടത്തിൽ നടക്കും.
ഹോട്ടലിനുള്ളിലെ ഉൗഷ്മാവും വെളിച്ചവും ക്രമീകരിക്കാൻ വോയിസ് ആക്ടിവേറ്റഡ് സംവിധാനമുണ്ട്. ഭക്ഷണം തെരഞ്ഞെടുക്കേണ്ടത് ഫ്ലൈ സൂ എന്ന മൊബൈൽ ആപ്പിലൂടെയാണ്. ആപ്പിലൂടെ തെരഞ്ഞെടുത്ത ഭക്ഷണം കൊണ്ടുവരുന്നത് കുഞ്ഞൻ റോബട്ടുകളാണ്. ഹോട്ടലിനുള്ളിലെ ബാറിൽ മദ്യം വിളന്പുന്നതും റോബട്ടുകൾ തന്നെ.
നിരവധി റൂമുകളും സ്യൂട്ടുകളുമുള്ള ഹോട്ടലിൽ റൂം സർവീസ് നടത്തുന്നതും ആർട്ടിഫിഷൽ ഇന്റലിജൻസ് സംവിധാനത്തിലൂടെയാണ്.