സ്വന്തം ലേഖകൻ
തൃശൂർ: ഇരിങ്ങാലക്കുട ആലീസ് കൊലക്കേസിൽ പോലീസ് ഉൗർജിതമായി അന്വേഷണം മുന്നോട്ടു കൊണ്ടുപോകുന്പോഴും തുന്പും തെളിവുമില്ലാതെ നടത്തിയ കൊലപാതകത്തിന്റെ പിന്നിലുള്ളവരെ കണ്ടെത്തുന്നതിൽ പോലീസിന് കഴിയുന്നില്ല.
ഇരിങ്ങാലക്കുടയിലും പരിസരങ്ങളിലും ഇന്നേവരെ നടന്നിട്ടുള്ളതിൽ ഏറ്റവും ഉൗർജിതവും വ്യാപകവുമായ അന്വേഷണമാണ് പോലീസ് നടത്തുന്നതെങ്കിലും കൊലപാതകം നടന്ന് ഒരാഴ്ച പിന്നിടുന്പോഴും കൊലയാളികളെക്കുറിച്ച് സൂചന പോലും പോലീസിന് ലഭിച്ചിട്ടില്ല. തെളിവോ സൂചനയോ വിവരങ്ങളോ ലഭിച്ച് പോലീസ് പുറത്തുവിടാതിരിക്കുകയാണോ എന്ന സംശയവും ഉയർന്നിട്ടുണ്ട്.
കൊല നടത്തിയവർ പ്രൊഫഷണൽ സംഘങ്ങളിൽ പെട്ടവരോ അതീവ ബുദ്ധിശാലികളോ ആണെന്നാണ് സൂചന. വിരലടയാളം പോലും അവശേഷിപ്പിക്കാതെയാണ് ആലീസിനെ കൊലപ്പെടുത്തിയിരിക്കുന്നത്. മോഷ്ടക്കളോ പിടിച്ചുപറിക്കാരോ നടത്തുന്ന കൊലപാതകങ്ങളിൽ പോലീസിന് തുന്പുകിട്ടുന്ന തരത്തിൽ എന്തെങ്കിലുമൊക്കെ തെളിവുകൾ അവശേഷിക്കാറുണ്ട്. എന്നാൽ ആലീസ് കേസിൽ പോലീസിന് അത്തരമൊരു തുന്പോ തെളിവോ ലഭ്യമായിട്ടില്ല.
പോലീസ് അന്വേഷണം ഉൗർജിതമാണെന്നതുകൊണ്ടു തന്നെ ഇതുവരെയും അന്വേഷണം സംബന്ധിച്ച് ആർക്കും പരാതിയോ ആക്ഷേപമോ ഉയർന്നിട്ടില്ല. ഉയർന്ന പോലീസ് ഉദ്യോഗസ്ഥർ ഇരിങ്ങാലക്കുടയിൽ അടിക്കടി എത്തി അന്വേഷണപുരോഗതി വിലയിരുത്തുന്നുണ്ട്.
19 പേരടങ്ങുന്ന അന്വേഷണസംഘം അതീവരഹസ്യമായാണ് അന്വേഷണം മുന്നോട്ടുകൊണ്ടുപോകുന്നതെന്നാണ് മറ്റൊരു വിവരം. ഒരു തരത്തിലും സൂചനകളോ സംശയങ്ങളോ പുറത്തറിയിക്കാതെ കൊലയാളിയെ പിന്തുടരുകയെന്ന തന്ത്രമാണ് ആലീസ് കേസിൽ പോലീസ് നടത്തുന്നതെന്നും പറയുന്നു. അതുകൊണ്ടാണ് തുന്പും തെളിവും കിട്ടിയിട്ടില്ലെന്ന നിലപാടിൽ പോലീസ് നിൽക്കുന്നതെന്നാണ് സൂചന.
ഇക്കഴിഞ്ഞ 14നാണ് ഇരിങ്ങാലക്കുട ഈസ്റ്റ് കോന്പാറയിൽ കൂനൻ വീട്ടിൽ പരേതനായ പോൾസൻ ഭാര്യ ആലീസിനെ (58) വീടിനകത്ത് കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് അന്യസംസ്ഥാന തൊഴിലാളികളടക്കം പലരേയും ഇതിനകം പോലീസ് ചോദ്യം ചെയ്തു. മൂർച്ചയുള്ള ഏതോ ആയുധമുപയോഗിച്ച് കഴുത്തറുത്താണ് കൊലനടത്തിയതെന്ന് പോലീസിന് ബോധ്യമായിട്ടുണ്ടെങ്കിലും ആയുധം കണ്ടെത്താനായിട്ടില്ല.
മൃതദേഹം കിടന്നിടത്തു നിന്നും മണം പിടിച്ച് പോലീസ് നായ പോയ വഴിയിലെ പുല്ലും കാടും പടലവും പോലീസ് കഴിഞ്ഞ ദിവസം വെട്ടിവെടുപ്പാക്കിയിരുന്നു. ആയുധം തേടിയായിരുന്നു ഈ വൃത്തിയാക്കലെന്നാണ് സൂചന. വീടിനടുത്തു തന്നെയുള്ള മറ്റൊരു വീട്ടിൽ ക്യാന്പു ചെയ്താണ് ആലീസ് കൊലക്കേസ് അന്വേഷണം പുരോഗമിക്കുന്നത്. മോഷണമാണ് കൊലയ്ക്ക് പ്രേരിപ്പിച്ചതെന്നാണ് പോലീസിന്റെ നിഗമനം. ആലീസ് അണിഞ്ഞിരുന്ന എട്ട് സ്വർണ വളകൾ നഷ്ടപ്പെട്ടിരുന്നു.
അന്യ സംസ്ഥാന തൊഴിലാളികളും ഗൃഹോപകരണങ്ങൾ വില്ക്കാനെത്തിയവരും ആലീസ് വളർത്തിയിരുന്ന ലൗബേർഡ്സിനെ വാങ്ങാനെത്തിയവരും പോലീസിന്റെ അന്വേഷണ പരിധിയിലുണ്ട്. കൊല്ലം, തിരുവനന്തപുരം, എറണാക്കുളം ജില്ലകളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിരുന്നു.വീട്ടിലും സമീപത്തും സിസി ടിവികൾ ഇല്ലെങ്കിലും വീട്ടിലേക്ക് വരുന്ന വഴിക്കുള്ള നിരവധി സിസി ടിവി കാമറകളിലെ ദൃശ്യങ്ങൾ പരിശോധിച്ചിരുന്നു.