റെജി ജോസഫ്
കോട്ടയം: ആലിഫ് മുഹമ്മദിന്റെ ദുർബലമായ കാലുകൾക്ക് ബലംപകരുന്നത് സഹപാഠികളാണ്.
കൂട്ടുകാരുടെ കൈകളിൽ താങ്ങിയും തോളുകളിൽ തൂങ്ങിയും ക്ലാസുകളിലെത്തി പഠനം പൂർത്തിയാക്കി ആലിഫ് നാളെ കലാലയത്തിന്റെ പടിയിറങ്ങുകയാണ്.
ജൻമനാലേ ഇരുകാലുകൾക്കും സ്വാധീനമില്ലാത്ത ആലിഫ് ശാസ്താംകോട്ട ദേവസ്വം ബോർഡ് കോളജ് കാന്പസിന്റെ പടിയിറങ്ങുന്പോഴുമുണ്ടാകും സഹപാഠികളുടെ കാവലും കരുതലും.
ഒന്നാം ക്ലാസ് മുതൽ ബികോം വരെയുള്ള പഠനയാത്രകളിൽ സൗഹൃദവലയത്തിൽ താങ്ങായി മാറിയ ഒരായിരം സഹപാഠികളോടുള്ള കടപ്പാടുകളുമായാണ് മടക്കം.
ബികോം പഠനകാലത്ത് മൂന്നു വർഷവും വീട്ടിൽനിന്നും വീൽചെയറിലും ബൈക്കിലും തോളിലേറ്റിയും കൊണ്ടുവന്നവർ പലരാണ്.
വീൽചെയറിൽ അവർ ബസ് സ്റ്റോപ്പ് വരെ കരുതലോടെ ഉന്തിക്കൊണ്ടുവന്നു. വീൽചെയർ ബസ് സ്റ്റോപ്പിലെ കടയരുകിൽ വച്ചശേഷം ബസിൽ കയറാനും ഇറങ്ങാനും കൈപിടിച്ചവരും ഏറെയാണ്.
ശാസ്താംകോട്ട ദേവസ്വം കോളജ് പടിക്കൽ ബസിറങ്ങിയാൽ തോളിലേറ്റിയും താങ്ങിയെടുത്തും ക്ലാസിലേക്ക് ആരവത്തോടെ കൊണ്ടുപോകാനും ബെഞ്ചിൽ ഇരുത്താനും സഹപാഠികളുടെ മത്സരമായിരുന്നു.
ആ സൗഹൃദത്തണലിൽ ആണെന്നോ പെണ്ണെന്നോ വ്യത്യാസമില്ലായിരുന്നു. കാരണം ആലിഫ് എല്ലാവരുടെ പ്രിയ ചങ്ങാതിയും സഹോദരനുമായിരുന്നു.
ക്ലാസിലേക്കു വരാനും പോകാനും മാത്രമല്ല സുഹൃത്തുക്കൾക്കൊപ്പം നിരവധി സ്ഥലങ്ങളിലേക്ക് യാത്രകളും ആലിഫ് നടത്തിയിട്ടുണ്ട്.
ഡൽഹിയിലേക്കും ആഗ്രയിലേക്കും ദിവസങ്ങൾ നീണ്ട യാത്ര നടത്തിയപ്പോഴും സഹപാഠികൾ ആലിഫിനെയും ഒപ്പം കൂട്ടി.
പരിമിതികളെ അതിജീവിച്ചുള്ള വിജയയാത്രയിൽ കരുതലാകാൻ ഇനിയൊരു സർക്കാർ ജോലി സന്പാദിക്കണം.
ബികോം പഠിച്ചിറങ്ങുന്പോൾ പിഎസ്സിയുടേതുൾപ്പെടെ മത്സരപരീക്ഷയ്ക്കുള്ള തയാറെടുപ്പിലാണ് ആലിഫ്. ഈ ചങ്ങാതിയുടെ സാന്നിധ്യം സഹപാഠികൾക്കു മാത്രമല്ല ഏറെപ്പേർക്ക് പ്രത്യാശ പകരുന്ന സന്ദേശമാണ്.
ശാരീരിക പരിമിതികളിൽ ഒരിക്കലും തളരരുതെന്നും സ്വയം പ്രചോദിപ്പിച്ച് മനസിനു ശക്തി പകരണമെന്നും ആലിഫ് ഏവരെയും ഉപദേശിക്കുന്നു.
കരുനാഗപ്പള്ളി മാരാരിത്തോട്ടം ബീമാ മൻസിലിൽ ഷാനവാസിന്റെയും സീനത്തിന്റെയും മൂത്ത മകനാണ് ആലിഫ്.
ഏറെ വെല്ലുവിളികളെ നേരിട്ടാണ് മാരാരിത്തോട്ടം സ്കൂളിലും മൈനാഗപ്പള്ളി മിലാഡി ഷെരിഫ് സ്കൂളിലും പ്ലസ് ടു വരെ പഠനം പൂർത്തിയാക്കിയത്.
പതിനഞ്ചു വർഷം മുടങ്ങാതെ ക്ലാസിലേക്കുള്ള യാത്രയിൽ പുസ്തകസഞ്ചിയും ചോറ്റുപാത്രവും പിടിക്കാൻ കൂട്ടുകാർ കൂടെയുണ്ടായിരുന്നു. മഴയിലും വെയിലിലും കുടചൂടാനും അവർ ഒപ്പം നിന്നു.
സർവകലാവല്ലഭനാണ് ആലിഫ്. അഭിനയം, മോണോ ആക്ട്, മിമിക്രി, സംഗീതം തുടങ്ങിയ വിവിധ ഇനങ്ങളിൽ കാന്പസിലെ താരം. കോളജിൽ എല്ലാ പരിപാടികളിലും മുന്നിലുണ്ടാകും.
ഇക്കഴിഞ്ഞ ആർട്സ് ഡേക്ക് നാലിനങ്ങളിൽ പങ്കെടുത്ത് ആലിഫ് ഒന്നാം സമ്മാനം വാങ്ങി. അതിമനോഹരമായി മിമിക്രി അവതരിപ്പിക്കും. എപ്പോഴും മുഖത്ത് നിറഞ്ഞ പുഞ്ചിരി.