ചിറ്റൂർ: ആളിയാർ ജലസംഭരണിയിൽ രാത്രിസമയങ്ങളിൽ തോട്ട പൊട്ടിച്ച് മീൻപിടുത്തം നടത്തുന്നത് അണക്കെട്ടിന്റെ സുരക്ഷയ്ക്ക് ഭീഷണിയാകുന്നതായി ആക്ഷേപം. കഴിഞ്ഞ കുറെമാസങ്ങളായി ഇത്തരത്തിൽ മീൻപിടുത്തം നടന്നുവരുന്പോഴും ഫലപ്രദമായി തടയാൻ ബാധ്യസ്ഥരായ അണക്കെട്ട് ജീവനക്കാർ മൗനം പാലിക്കുന്നതായും ആരോപണമുണ്ട്.
കഴിഞ്ഞ ബുധനാഴ്ച രാത്രിയും സമാനസംഭവം നടന്നിട്ടുണ്ട്. സംഭവത്തിൽ തമിഴ്നാട് ഫിഷറീസ് വകുപ്പ് ജീവനക്കാർ രണ്ടുപേർക്കെതിരെ ആളിയാർ പോലീസിൽ പരാതി നല്കിയിട്ടുണ്ട്. എന്നാൽ ഇതുവരേയും പോലീസിന് പ്രതികളെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
120 അടിയാണ് ആളിയാർ അണക്കെട്ടിന്റെ സംഭരണശേഷി. പാലക്കാട്, കോയന്പത്തൂർ ജില്ലകളിൽ കാർഷിക, കുടിവെള്ള ആവശ്യങ്ങൾക്കുള്ള ഏക ആശ്രയമാണ് ആളിയാർ അണക്കെട്ട്. രാത്രിസമയങ്ങളിൽ ഇടയ്ക്കിടെ ഷട്ടറിന്റെ ഭാഗത്ത് ശക്തമായ തിരയിളക്കമുണ്ടാകുന്നതായി രാത്രി ജോലിക്കാർ അണക്കെട്ട് ജീവനക്കാരെ അറിയിച്ചിട്ടുണ്ട്.
അണക്കെട്ടിന്റെ സുരക്ഷയ്ക്ക് ഭീഷണിയാകുന്നവിധം വീര്യംകൂടിയ തോട്ട പൊട്ടിച്ച് മീൻപിടിയ്ക്കുന്നവർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ആളിയാർ കർഷകസംരക്ഷണ സമിതി (തമിഴ്നാട്) അധികൃതർക്ക് പരാതി നല്കിയിട്ടുണ്ട്.
തോട്ട ഉപയോഗിച്ച് മീൻപിടിയ്ക്കുന്നതുമൂലം ജലസംഭരണിയുടെ സുരക്ഷ ഭീഷണിയിലാണ്. കോട്ടൂർ, മലയാണ്ടിപട്ടണം. പൊന്നാലമ്മൻ തുറൈ, ആനമല, അന്പ്രാംപാളയം എന്നിവിടങ്ങളിലെ ജനങ്ങൾക്കെല്ലാം ഇത് സുരക്ഷാഭീതി ഉയർത്തുന്നുണ്ട്. തോട്ട പൊട്ടിക്കുന്നതിനു പിന്നിൽ മറ്റു ദുരുദ്ദേശങ്ങളുണ്ടോ എന്നും കർഷകർ സംശയിക്കുന്നു.