പൂച്ചാക്കൽ: ഒരു കാലത്ത് നാടിന്റെ മുക്കിലും മൂലയിലും കാണപ്പെട്ടിരുന്ന ആലകൾ ഇന്ന് അപൂർവകാഴ്ചയാകുന്നു. വൻകിട വ്യവസായ സ്ഥാപനങ്ങൾ കാർഷിക ഉപകരണങ്ങൾ നിർമ്മിക്കാൻ തുടങ്ങിയതോടെയാണ് നാട്ടിൻ പുറങ്ങളിലെ ആലകൾ അപ്രത്യക്ഷമാകാൻ തുടങ്ങിയത്. ആലകൾക്ക് ആവശ്യമുള്ള അസംസ്കൃത വസ്തുക്കളുടെ ലഭ്യതക്കുറവും കൃഷിപ്പണി കുറഞ്ഞതും പ്രതിസന്ധിക്ക് കാരണമായി.
വാൾ, അരിവാൾ, വാക്കത്തി, തൂന്പ, മണ്വെട്ടി, മഴു തുടങ്ങി നിരവധി ഉപകരണങ്ങൾ ആലകളിലാണ് ഉണ്ടാക്കിയിരുന്നത്. കാർഷികോപകരണങ്ങളായ കലപ്പയും ഇരുന്പുപകരണങ്ങളും ആലയിൽ രൂപപ്പെട്ടതാണ്. എന്നാൽ ഇവയിൽ പലതും ഇന്ന് ആധുനിക വ്യവസായശാലകളിൽ ഉല്പാദിപ്പിക്കുന്നതിനാൽ ആലകൾ ഇന്ന് പ്രതിസന്ധിയിൽ ആണ്.
ആലകൾക്ക് ആവശ്യമുള്ള അസംസ്കൃത വസ്തുക്കൾ ലഭിക്കാൻ ബുദ്ധിമുട്ട് നേരിടുന്നുണ്ട്.
നാട്ടിൻ പുറങ്ങളിൽ കൃഷിപ്പണി കുറഞ്ഞതും പരന്പരാഗത തൊഴിലായ കൊല്ലപ്പണിയിലേക്ക് പുതിയ തലമുറ കടന്നു വരാത്തതും ആലകളുടെ പ്രവർത്തനങ്ങൾക്കു തിരിച്ചടിയായതായി പൂച്ചാക്കൽ സ്വദേശി പി. സുരേഷ് പറയുന്നു. പൂച്ചാക്കലിൽ വർഷങ്ങളായി ആല നടത്തുന്ന സുരേഷും സഹോദരൻ സുനിലും കുലത്തൊഴിലായ കൊല്ലപ്പണി പഠിച്ചത് അച്ഛൻ പരേതനായ പൂച്ചാക്കൽ എലിക്കാട്ടുവെളിയിൽ പത്മനാഭനിൽ നിന്നാണ്.
അച്ഛനോടൊപ്പം പണി പഠിക്കുന്പോൾ രാത്രി വൈകിയും തീരാത്ത ജോലി ഉണ്ടായിരുന്നതായി സുരേഷ് ഓർമിക്കുന്നു. വൻകിട വ്യവസായ സ്ഥാപനങ്ങൾ കാർഷിക ഉപകരണങ്ങൾ നിർമ്മിക്കാൻ തുടങ്ങിയതോടെ നാട്ടിൻ പുറങ്ങളിലെ ആലകളിൽ പണി കുറഞ്ഞുതുടങ്ങി. കാടുവെട്ടി യന്ത്രം, ട്രില്ലറുകൾ തുടങ്ങിയവ കാർഷികരംഗം കീഴടക്കിയതോടെ പണി തീരെ ഇല്ലാതായി.
വരുമാനം തീരെ കുറവായതിനാൽ പുതുതലമുറ പരന്പരാഗതമായി കൈമാറിക്കൊണ്ടിരിക്കുന്ന കുലത്തൊഴിലിനെ ഒഴിവാക്കി മറ്റു ജീവിതമാർഗങ്ങളിലേക്ക് തിരിഞ്ഞു. കന്നുകാലിത്തോൽ ഉൗറയ്ക്കിട്ട് ഉണ്ടാക്കുന്ന പെട്ടിത്തോൽ ഉപയോഗിച്ചാണ് ഉൗതുന്ന ആലകൾ ഉണ്ടാക്കുന്നത്. ഉയർന്ന വായുസമ്മർദ്ദം ഉണ്ടാക്കി കനത്ത ചൂടിൽ കത്തിയെരിയുന്ന കനൽക്കട്ടകൾ സൃഷ്ടിക്കുന്ന ഈ പരന്പരാഗത രീതിയും ഇന്നില്ല. ആലകളിലെ പ്രധാന അസംസ്കൃതവസ്തുവായ കരി കിട്ടാനില്ലെന്നതാണ് ഈ രംഗത്തെ മറ്റൊരു പ്രതിസന്ധി.
കിണർ പോലെ വലിയ കുഴിയുണ്ടാക്കി അതിൽ കശുമാവ്,പൂവം തുടങ്ങിയ തടികളിട്ട് കത്തിച്ചാണ് കരിയുണ്ടാക്കിയിരുന്നത്. അത്തരം കരിങ്കുഴികൾ നാട്ടിൽ സർവസാധാരണമായിരുന്നു. ഇന്ന് ഇതും അപ്രത്യക്ഷമായി. പകരം തമിഴ്നാട്ടിൽനിന്നു കൊണ്ടുവരുന്ന കരിയാണ് ഉപയോഗിക്കുന്നത്. എന്നാൽ ഇതിന്റെ തീ കാഠിന്യം കുറഞ്ഞതാണെന്ന് കൊല്ലപ്പണിക്കാർ പറയുന്നു. പണ്ട് നാട്ടിൻപുറങ്ങളിലെ ചായക്കടകളിൽ നിന്നും ചിരട്ടക്കരിയും മരക്കരിയും ലഭിച്ചിരുന്നു.
ഗ്യാസ് അടുപ്പുകൾ അടുക്കളകൾ പിടിച്ചടക്കിയതോടെ കരിയുടെ ഗാർഹിക ലഭ്യതയും കുറഞ്ഞു. തമിഴ്നാട്ടിൽ നിന്നും കൊണ്ടുവരുന്ന കരികൾക്ക് വില കൂടുതലുമാണ്. ഒരു കിലോ ചിരട്ടക്കരിക്ക് 6070 രൂപയോളം കൊടുക്കണം. പണ്ട് രാജഭരണകാലത്ത് വാളും പരിചയും ചുരികയുമെല്ലാം നിർമിച്ചിരുന്നത് ആലകളിലാണ്. എതിരാളിയുടെ ശിരസ്സ് അനായാസേന അരിഞ്ഞുവീഴ്ത്താൻ കഴിയുംവിധം കിടയറ്റ ആയുധങ്ങൾ നിർമിക്കുന്ന പണിക്കാരെ അന്ന് രാജകുടുംബങ്ങൾ പ്രത്യേകം ആദരിച്ചിരുന്നു.
സമീപകാലത്ത് കാർഷികരംഗത്തുണ്ടായ കുതിച്ചുചാട്ടം പണിയായുധങ്ങൾ കൂടുതൽ ലഭ്യമാകേണ്ട സാഹചര്യത്തിലേക്കു ഗ്രാമീണജനതയെ മാറ്റുന്ന സാഹചര്യം കണ്ടു വരുന്നുണ്ട്. അങ്ങനെ വന്നാൽ ആലകളിൽ തൊഴിൽ സാധ്യതകൾ കൂടുതൽ തെളിഞ്ഞു വരും എന്ന പ്രതീക്ഷയിലാണ് ഈ രംഗത്തുള്ളവർ.