ചിറ്റൂർ: ചുള്ളിപ്പെരുക്കമേട്ടിൽ ആൽവൃക്ഷ ശിഖരങ്ങൾ റോഡിലേക്കു താഴ്ന്നിറങ്ങിയിരിക്കുന്നത് വാഹനസഞ്ചാരത്തിനു അപകട ഭീഷണയാവുന്നതായി യാത്രക്കാരുടെ ആരോപണം.
മരശിഖരങ്ങൾ തട്ടുമെന്ന ഭീതിയിൽ ഇരുവശത്തേക്കുമുള്ള വാഹനങ്ങൾ റോഡിന്റെ വടക്കുഭാഗം ചേർന്നാണ് സഞ്ചരിക്കുന്നത്. ലോറി, ടെന്പോ ഉൾപ്പെടെയുള്ള വാഹനങ്ങൾ പലതവണ മറിഞ്ഞ് സ്ഥിരം അപകടമേഖലയായിരിക്കുകയാണ്.
മീൻ കയറ്റി വരികയായിരുന്ന ടെന്പോ മരത്തിലിടിച്ച് പുതുനഗരം സ്വദേശിയായ യുവാവ് സംഭവസ്ഥലത്തു തന്നെ മരണപ്പെട്ട സംഭവവും നടന്നിട്ടുണ്ട്.
കുത്തനെയുള്ള വളവും റോഡതിക്രമിച്ചു നില്ക്കുന്ന ആൽവൃക്ഷ ശിഖരങ്ങളും അപകടങ്ങൾക്കു കാരണമാവുന്നുണ്ട്. ചരക്കുലോറി, ബസ് ഉൾപ്പെടെ വാഹനങ്ങളുടെ മുകൾഭാഗം താഴ്ന്നിറങ്ങിയ മരശിഖരങ്ങൾ തട്ടികേടുപാടുകൾ ഉണ്ടാവുന്നതും പതിവായിരിക്കുകയാണ്.
സഞ്ചാരതടസമായ മരശിഖരങ്ങൾ മുറിച്ചുനീക്കണമെന്ന യാത്രക്കാരുടെ നിരന്തര ആവശ്യം ബന്ധപ്പെട്ട പൊതുമരാമത്തു അധികൃതർ അവഗണിച്ചുവരുന്നതിൽ പ്രതിഷേധം ശക്തമാണ്.
ഗതിമാറി സഞ്ചരിക്കുന്ന വാഹനങ്ങൾ സമീപത്തെ വ്യാപാര സ്ഥാപനങ്ങൾക്കും ഉപഭോക്താക്കൾക്കും അപകട ഭീഷണിയായിരിക്കുകയാണ്.