പി. പ്രശാന്ത്
തൃശൂര്‍ ജില്ലയിലെ ആളൂരില്‍ ജനിച്ചുവളര്‍ന്ന് സിനിമയില്‍ ചെറിയ ചെറിയ വേഷങ്ങള്‍ ചെയ്ത് ജീവിതം സിനിമയ്ക്കു സമര്‍പ്പിച്ച കഥയാണ് എല്‍സിക്കു പറയാനുള്ളത്. ആളൂര്‍ എല്‍സിയെ ഓർമയില്ലേ ..? 1988ല്‍ ഇറങ്ങിയ പട്ടണപ്രവേശം എന്ന സിനിമയില്‍ വീട്ടുജോലിക്കാരിയുടെ വേഷം ചെയ്ത ആളൂര്‍ ആക്കനത്ത് ഹൗസില്‍ പരേതനായ ലോലപ്പന്- ത്രേസ്യാമ്മ ദമ്പതികളുടെ മകള്‍ ആളൂര്‍ എല്‍സി.
അഭിനയപാരമ്പര്യമൊന്നുമില്ലാത്ത കുടുംബത്തില്‍ ജനിച്ച് ചെറുപ്പത്തില്‍ത്തന്നെ നാടകത്തില്‍ അഭിനയിച്ച് അവാര്‍ഡ് നേടുകയും പിന്നീട് സിനിമയില്‍ സജീവമാകുകയും ചെയ്ത കലാകാരി. കുറച്ചുനാളത്തെ ഇടവേളയ്ക്കുശേഷം വീണ്ടും സിനിമയില്‍ സജീവമാകണമെന്ന ഒടുങ്ങാത്ത മോഹവുമായി തിരുവനന്തപുരത്ത് എത്തിയ ആളൂര്‍ എല്‍സി അഭിനയത്തിന് ചാന്‍സുചോദിച്ച് ‘ക’ എന്ന സിനിമയുടെ ലൊക്കേഷനില്‍ എത്തിയതും അങ്ങനെ ആ അഭിനേത്രിയെ തിരിച്ചറിഞ്ഞ് അണിയറ പ്രവര്‍ത്തകര്‍ ഫേസ്ബുക്ക് പോസ്റ്റിട്ടതും അതു വൈറലായതും പിന്നീടുള്ള കഥകള്‍ .
അഭിനയമോഹം മനസിലുണ്ടായിരുന്ന എല്‍സി ആദ്യം മുഖം കാണിച്ചത് ‘ഹിരണ്യഗര്‍ഭം’ എന്ന നാടകത്തിലാണ്. മികച്ച നടിക്കുള്ള അവാര്‍ഡ് ഈ നാടകത്തിലൂടെ എല്‍സി നേടിയെടുത്തു. ഇതോടെ എല്‍സിക്ക് പേരായി. ഇവരെക്കുറിച്ച് കൂടുതല്‍ അറിഞ്ഞ സംവിധായകന് ഐ വി ശശിയാണ് എല്‍സിയെ ‘അനുരാഗി’ എന്ന ചിത്രത്തിലേക്കു കൊണ്ടുവരുന്നത്. തുടര്‍ന്ന് ചെറുതും വലുതുമായ നിരവധി വേഷങ്ങള്‍ ചെയ്തുകൊണ്ട് 60 ഓളം സിനിമകളില്‍ അഭിനയിച്ചു.
ഏറ്റവും ഒടുവില്‍ അഭിനയിച്ചത് 2006ല്‍ പുറത്തിറങ്ങിയ ‘കറുത്തപക്ഷി’കളിലാണ്. ഇതിനുശേഷം കുടുംബപ്രാരാബ്ധങ്ങളും മറ്റും മൂലം തല്‍ക്കാലത്തേക്ക് സിനിമയില്‍ നിന്നു എല്‍സി വിടചൊല്ലി. മൂന്നു വര്‍ഷത്തിനുമുമ്പ് ഭര്‍ത്താവ് സണ്ണി മരണപ്പെട്ടു. മക്കളായ ഷിന്റോ, ഷിജോ, സിജി എന്നിവര്‍ അമ്മയുടെ സിനിമയിലേക്കുള്ള തിരിച്ചുവരവിന് പൂര്‍ണ പിന്തുണ അറിയിച്ചിരിക്കുകയാണ്.
സിനിമയില്‍ നിന്ന് മാറിയശേഷം തിരിച്ചുവരവിന് ആഗ്രഹിച്ചുവെങ്കിലും വെറും അഞ്ചു മാസത്തെ ഇടവേളയ്ക്കുള്ളില് അതിനുള്ള അവസരമൊരുങ്ങിയത് ഒരു ദൈവഭാഗ്യമായാണ് എല്‍സി കാണുന്നത്. സിനിമയില്‍ നിന്നു തല്‍ക്കാലത്തേക്ക് വിട്ടുനിന്നതോടെ എല്‍സി തന്റെ സിനിമാജീവിതം അവസാനിപ്പിച്ചുവെന്നാണ് സഹപ്രവര്‍ത്തകര്‍ കരുതിയത്. അതേസമയം തന്റെ രണ്ടാംവരവ് സഹപ്രവര്‍ത്തകര്‍ അറിഞ്ഞുവരുന്നതേയുള്ളൂവെന്ന് ഇവര്‍ പറയുന്നു.
നിമിഷങ്ങള്‍കൊണ്ടു മാറിമറിഞ്ഞ ജീവിതം …
ദിവസങ്ങള്‍ക്കു മുമ്പ് താൻ താമസിക്കുന്ന തന്പാനൂരിലുള്ള ടൂറിസ്റ്റ് ഹോമില്‍ നിന്ന് ഇറങ്ങി തിരുവനന്തപുരം സെക്രട്ടേറിയറ്റിനു മുന്നിലെ ഒരു ഹോട്ടലില്‍ ആഹാരം കഴിക്കാനെത്തിയതായിരുന്നു ആളൂര്‍ എല്‍സി. ഹോട്ടലില്‍ നിന്ന് ഇറങ്ങി തിരികെ വരുന്നവഴി രാജാജി നഗര്‍ ഭാഗത്ത് ഒരാള്‍ക്കൂട്ടം കണ്ടു. കാമറകള്‍ മിന്നുന്ന സെറ്റില്‍ എന്താണ് സംഭവിക്കുന്നതെന്നറിയാന്‍ എല്‍സി അവിടെയിറങ്ങി.
നീരജ് മാധവ് പ്രധാന റോളില്‍ അഭിനയിക്കുന്ന ‘ക’ എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുകയായിരുന്നു. പിന്നെ ഒന്നും ആലോചിച്ചില്ല, പ്രൊഡക്ഷന്‍ കണ്‍ട്രോളറെ സമീപിച്ചു. ഞാനൊരു ചലച്ചിത്ര നടിയാണ്, പട്ടണപ്രവേശം എന്ന സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. ചലച്ചിത്ര പ്രവര്‍ത്തകര്‍ പിന്നെ, ഒന്നും ആലോചിച്ചില്ല.
പട്ടണപ്രവേശത്തില്‍ നടന് ശ്രീനിവാസനോട് ‘ചേട്ടന് ആരെയെങ്കിലും ലൗ ചെയ്തിട്ടുണ്ടോ ? ’ എന്നു നാണം കലര്‍ന്ന സ്വരത്തില്‍ ചോദിക്കുന്ന വീട്ടുജോലിക്കാരിയുടെ ചിത്രം അവരുടെ മനസിലേക്ക് ഓടിയെത്തി. പിന്നീടെല്ലാം പെട്ടെന്നായിരുന്നു. എല്സിക്കുവേണ്ടി സിനിമയില്‍ പുതിയ സീന്‍ എഴുതിയുണ്ടാക്കി. ‘ക’ എന്ന സിനിമയില്‍ കുടുംബശ്രീ പ്രസിഡന്റിന്റെ വേഷമാണ് എല്‍സിക്കു നല്‍കിയത്.
കടങ്ങള്‍ തീര്‍ക്കണം, സിനിമയില്‍ അഭിനയിച്ച് ജീവിക്കണം…
ഭര്‍ത്താവിന്റെ മരണം സമ്മാനിച്ച ആഘാതത്തില്‍നിന്ന് മുക്തയായിട്ടില്ലെങ്കിലും ജീവിതത്തിലേക്കു തിരിഞ്ഞു നോക്കുമ്പോള്‍ എല്‍സിക്ക് പറയാനുള്ളത് സന്തോഷകരമായ നിമിഷങ്ങളെക്കുറിച്ചു മാത്രം. തനിക്ക് ഇപ്പോഴും കടങ്ങളുണ്ട്. അതു തീര്‍ക്കണം.
താര സംഘടനയായ അമ്മയില്‍ നിന്ന് എല്ലാമാസവും കിട്ടുന്ന കൈനീട്ടമാണ് ആശ്വാസം(5000 രൂപ). സിനിമയില്‍ അഭിനയിച്ചുതന്നെ ശിഷ്ടജീവിതം നയിക്കണം. അമിതാവേശമോ അമിത മോഹങ്ങളോ മനസില്‍ വയ്ക്കാത്ത ഈ എളിയ കലാകാരിക്ക് ഇനി, ജീവിതത്തില്‍ സിനിമ സമ്മാനിക്കുന്ന സന്തോഷങ്ങള്‍ മാത്രം മതി.