ആളൂർ: പുനർപ്രവർത്തനം തുടങ്ങി ഒരു മാസം കഴിഞ്ഞിട്ടും കേസെടുക്കാൻ കഴിയാതെ ആളൂർ പോലീസ് സ്റ്റേഷൻ. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഉദ്ഘാടനം ചെയ്ത ആളൂർ പോലിസ് സ്റ്റേഷൻ കഴിഞ്ഞ ജൂണ്‍ 29 നാണ് കോടതി നിർദേശപ്രകാരം പുനർപ്രവർത്തനം ആരംഭിച്ചത്. 11 പോലീസുകാരെ ഇവിടെ നിയമിച്ചിട്ടുണ്ടെങ്കിലും കേസെടുക്കാൻ സാധിക്കാത്ത അവസ്ഥയാണ് ഇപ്പോൾ.
സ്റ്റേഷനിലെ കേസുകൾ ഏത് കോടതിയുടെ പരിധിയിൽ വരുമെന്ന ഹൈകോടതി നോട്ടിഫിക്കേഷൻ ലഭിക്കാത്തതുമൂലം ഇതുവരെ ഇവിടെ കേസുകൾ രജിസ്റ്റർ ചെയ്യാൻ കഴിയാത്ത അവസ്ഥയാണ്. ചാലക്കുടി കോടതിയിൽ കേസുകൾ വേണമെന്ന ആവശ്യവുമായി ചാലക്കുടിയിലെ അഭിഭാഷകരും ഇരിങ്ങാലക്കുട കോടതിയിൽ വേണമെന്ന ഇരിങ്ങാലക്കുട കോടതിയിലെ അഭിഭാഷകരും തമ്മിലുള്ള തർക്കമാണ് നോട്ടിഫിക്കേഷൻ വൈകിപ്പിക്കുന്നതെന്ന ആരോപണവുമുണ്ട്. കേസെടുക്കാൻ കഴിയാത്ത സാഹചര്യത്തിൽ സ്റ്റേഷനിലെ പോലീസുകാർ ഏറെ ബുദ്ധിമുട്ടിലാണ്.
സ്റ്റേഷന്റെ പരിധിയിൽ ആളൂർ, മുരിയാട്, കല്ലേറ്റുംകര, കടുപ്പശേരി, കൊറ്റനെല്ലൂർ, താഴേക്കാട് എന്നീ വില്ലേജുകളാണുള്ളത്. ആളൂർ പോലീസ് സ്റ്റേഷൻ ഇരിങ്ങാലക്കുട പോലീസ് സർക്കിളിനുകീഴിൽ നാലാമത്തെയും, ഇരിങ്ങാലക്കുട സബ് ഡിവിഷനിലെ പതിനൊന്നാമത്തേയും സ്റ്റേഷനാണ്. ഇരിങ്ങാലക്കുട റെയിൽവേസ്റ്റേഷനും ആളൂർ പഞ്ചായത്തും, മുരിയാട് പഞ്ചായത്തും, വേളൂക്കര പഞ്ചായത്തും അഞ്ച് പോലീസ് സ്റ്റേഷനുകളുടെ അധീനതയിലായിരുന്നതിനാൽ പലപ്പോഴും ബുദ്ധിമുട്ട് അനുഭവിച്ചിരുന്നു
. ഈ പ്രശ്നങ്ങൾക്ക് പരിഹാരമായാണ് പുതിയ സ്റ്റേഷൻ പ്രവർത്തനം ആരംഭിച്ചത്. ചാലക്കുടി, മാള, ഇരിങ്ങാലക്കുട, കൊടകര എന്നീ സ്റ്റേഷനുകളാണ് ആളൂർ സ്റ്റേഷൻ അതിർത്തി പങ്കിടുന്നത്. ഏകദേശം 70,000 ജനസംഖ്യയാണ് പോലീസ്സ്റ്റേഷൻ പരിധിയിലുള്ളത്.