കോഴിക്കോട്: കൂടത്തായി കൊലപാതകപരന്പരകേസിലെ മുഖ്യപ്രതി ജോളിയെ തെറ്റിദ്ധരിപ്പിച്ച് വക്കാലത്ത് ഏറ്റെടുത്ത വിഷയത്തിൽ അഭിഭാഷകനായ ആളൂരിനെതിരെ പരാതി നൽകുമെന്ന് താമരശേരി ബാർ അസോസിയേഷൻ. സൗജന്യനിയമസഹായം നൽകുമെന്ന് പറഞ്ഞാണ് ആളൂർ തന്നെകൊണ്ട് വക്കാലത്തിൽ ഒപ്പിടുവിച്ചതെന്നും സൗമ്യവധകേസിലെ പ്രതി ഗോവിന്ദച്ചാമിക്കായി വാദിച്ച ആളൂരിനെ അഭിഭാഷകനായി ആവശ്യമില്ലെന്നും വെള്ളിയാഴ്ച താമരശേരി കോടതിയിലെത്തിയ ജോളി പറഞ്ഞിരുന്നു.
സൗജന്യനിയമസഹായം ആവശ്യമെങ്കിൽ താമരശേരി ബാറിൽ അതിനുള്ള പാനലുണ്ട്. പാനലിൽനിന്ന് അഭിഭാഷകനെ വിട്ടുനൽകാമെന്നിരിക്കെ ആളുകളെ തെറ്റിദ്ധരിപ്പിച്ച് കേസ് തട്ടിയെടുക്കാൻ ആളൂർ ശ്രമിക്കുന്നുവെന്ന് ആരോപിച്ചാണ് താമരശേരി ബാർ അസോസിയേഷൻ പ്രതിനിധികൾ ബാർ കൗൺസിലിനെ സമീപിക്കുന്നത്.
സൗജന്യനിയമസഹായമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് വക്കാലത്തിൽ ഒപ്പിടുവിച്ചതെന്നും ചീപ് പബ്ളിസിറ്റിയാണ് ആളൂരിന്റെ ലക്ഷ്യമെന്നും അന്വേഷണ സംഘത്തിലെ പോലീസ് ഓഫീസർ മാധ്യമങ്ങളോടു പറഞ്ഞിരുന്നു. തിങ്കളാഴ്ച ആളൂർ കോടതിയിൽ ഹാജരാകുന്നതിനെ എതിർക്കാനാണ് ബാർ അസോസിയേഷന്റെ നിലപാട്.