ആലുവ: പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് 20 സെന്റ് സ്ഥലം വിട്ടുനൽകിയ സ്വാതന്ത്ര്യ സമര സേനാനിയുടെ കുടുംബത്തിന് ആദരവ്. സ്വാതന്ത്ര സമര സേനാനിയായിരുന്ന ഉറുമ്പത്ത് വീട്ടിൽ യു.ജെ. പോളിന്റെ ഭാര്യ അന്നമ്മ പോൾ 55 വർഷങ്ങൾക്ക് മുന്പ് സൗജന്യമായി വിട്ടു നൽകിയ 20 സെന്റ് സ്ഥലത്ത് പുതിയകെട്ടിടത്തിന്റെ പ്രവർത്തനോദ്ഘാടന ചടങ്ങിലാണ് ആദരിച്ചത്.
സ്ഥലം വിട്ടുതന്ന ഉറുമ്പത്ത് പോൾ-അന്നമ്മ ദമ്പതിമാരുടെ മകൻ ആൽഫിയെ അൻവർ സാദത്ത് എംഎൽഎ പൊന്നാട അണിയിച്ച് ആദരിച്ചു. ഇവിടെ കീഴ്മാട് പഞ്ചായത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ സബ് സെന്റർ പ്രവർത്തിച്ചുകൊണ്ടിരിക്കുകയായിരുന്നു. കാലപ്പഴക്കംമൂലം ശോചനീയാവസ്ഥയിലായ കെട്ടിടം പൊളിച്ച് പുതിയത് പണിയുന്നതിന് 2015 ലാണ് തുക അനുവദിച്ചത്. 2016ൽ നിർമാണം ആരംഭിച്ച് 2018 ൽ പൂർത്തീകരിക്കുകയും ചെയ്തു.
എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്നുള്ള 25 ലക്ഷം രൂപ ഉപയോഗിച്ചാണ് പുതിയ ഇരുനില കെട്ടിടം നിർമിച്ചത്. അൻവർ സാദത്ത് എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. ഉദ്ഘാടന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് കെ.എ. രമേശ് അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൗജത്ത് ജലീൽ, ആരോഗ്യം വിദ്യാഭ്യാസം സ്ഥിരംസമിതി ചെയർമാൻ അഭിലാഷ് അശോകൻ, ക്ഷേമകാര്യ സ്ഥിരംസമിതി ചെയർപേഴ്സൺ പൗളി ജോണി, സാജു മത്തായി ഉണ്ണികൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു. മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ.എ. ബഷീർ, മുൻ പഞ്ചായത്ത് അംഗം ബിന്ദു രഘുനാഥ് തുടങ്ങിയവർ പങ്കെടുത്തു.