അതിരമ്പുഴ: പോലീസ് ഉദ്യോഗസ്ഥൻ ഓടിച്ചിരുന്ന കാർ നിയന്ത്രണം വിട്ടു പാഞ്ഞുകയറി ആം ആദ്മി പാർട്ടി പ്രവർത്തകനു സാരമായ പരിക്ക്. മുണ്ടുവേലിപ്പടി പാക്കുമല പി.ജെ.ജോസഫിനാണ് അസ്ഥിക്കു പൊട്ടൽ ഉൾപ്പെടെയുള്ള പരിക്കുപറ്റിയത്.
അപകടത്തിൽ ജോയി ചാക്കോ, ബെന്നി ലൂക്കാ എന്നിവർക്കും പരിക്കേറ്റിട്ടുണ്ട്. മൂന്നു പേരെയും മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജോയിയെയും ബെന്നിയെയും ചികിത്സ നൽകി മടക്കിയയച്ചു.
ജോസഫിനെ വിദഗ്ദ്ധ ചികിത്സയ്ക്കായി അഡ്മിറ്റ് ചെയ്തു.അതിരമ്പുഴ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ ആം ആദ്മി മത്സരിക്കുന്നുണ്ട്.
ഇന്നലെ രാത്രി ഒമ്പതിനു സ്ഥാനാർഥികളും പ്രവർത്തകരുമടങ്ങുന്ന സംഘം മുണ്ടുവേലിപ്പടിയിൽ പ്രചാരണ ബോർഡുകൾ സ്ഥാപിക്കുമ്പോഴായിരുന്നു അപകടം .
ഗാന്ധിനഗർ സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥനാണ് കാർ ഓടിച്ചിരുന്നത്. വിരമിച്ച ഉദ്യോഗസ്ഥന്റെ സെന്റ്ഓഫ് പരിപാടിയിൽ പങ്കെടുത്തു മടങ്ങുകയായിരുന്നു. പോലീസുകാരൻ മദ്യലഹരിയിലായിരുന്നുവെന്ന് ആം ആദ്മി പ്രവർത്തകർ പറയുന്നു.