ഇതാണ് ’’ആം ആദ്മി’’ സര്‍ക്കാര്‍! ചേരി നിവാസികളെ പുനരധിവസിപ്പിക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ നിര്‍മിക്കുന്നത് 6,178 ഫ്‌ളാറ്റുകള്‍

slum600
തെരുവുനിവാസികളുടെ പുനരധിവാസത്തിനായി പുതിയ പദ്ധതിയൊരുക്കി ഡൽഹിയിലെ ആം ആദ്മി സർക്കാർ. ലാജ്പത് നഗർ, ഭൽസ്വാ, ദേവ് നഗർ,  മൊൻഗോൾ പുരി, അംബേദ്കർ നഗർ എന്നിവിടങ്ങളിലെ ചേരികളിൽ താമസിക്കുന്ന ആളുകളെയാണ് പുനരധിവസിപ്പിക്കാൻ ഉദ്ദേശിക്കുന്നത്.തിങ്കളാഴ്ച നടന്ന ഡൽഹി അർബൻ ഷെൽറ്റർ ഇംപ്രൂവമെന്‍റ് ബോർഡി(ഡിയുഎസ്ഐബി)ന്‍റെ യോഗത്തിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാൾ പദ്ധതിയ്ക്ക് അനുമതി നൽകി. നാലു വ്യത്യസ്ഥ സ്ഥലങ്ങളിലായി 6178 ഫ്ളാറ്റുകൾ നിർമിക്കാനാണ് പദ്ധതി. കുറഞ്ഞ ചെലവിൽ നിർമിക്കുന്ന ഫ്ളാറ്റുകളുടെ നിർമാണത്തിന് മൊത്തം 866 കോടി രൂപ ചെലവാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഡൽഹിയിലെയും ജഗ്ഗി ജോപാരിയിലെയും ചേരിനിവാസികളുടെ പുനരധിവാസ പദ്ധതി 2015ലാണ് ബോർഡ് അംഗീകരിക്കുന്നത്. ഇതിന്‍റെ അന്തിമ പദ്ധതിയ്ക്ക് ബോർഡ് അനുമതി നൽകുന്നത് കഴിഞ്ഞ ഏപ്രിലിലാണ്. ജൂലൈയിൽ മന്ത്രിസഭയുടെ അംഗീകാരവും ലഭിച്ചു. ഈ ഫയൽ ലെഫ്റ്റനന്‍റ് ഗവർണറുടെ അനുമതിയ്ക്കായി അയച്ചെങ്കിലും ഭൂമിയുടെ വില സംബന്ധിച്ചുള്ള വിഷയങ്ങൾ നിരീക്ഷിച്ച ശേഷമാണ് ലെഫ്റ്റനന്‍റ് ഗവർണർ അനുമതി നൽകിയത്.

ഇപ്പോൾ എൽജിയുടെ നിർദ്ദേശപ്രകാരമാണ് ഭൂമിയിടപാടുകാരായ ഏജൻസികളിൽ നിന്ന് സർക്കാർ നിശ്ചയിച്ച വിലയ്ക്കു തന്നെ ഭൂമിയേറ്റെടുക്കാൻ ബോർഡ് തീരുമാനിച്ചത്. രണ്ടാമത്തെ വിഷയം ജെജെ ബാസ്റ്റിസ് ചേരിയുടേതാണ്. ചേരിയിരിക്കുന്ന പ്രദേശത്തിന്‍റെ ഉടമസ്ഥാവകാശം കേന്ദ്ര ഗവണ്‍മെന്‍റിനും റെയിൽവേ പോലുള്ള ഏജൻസികൾക്കാണെന്നുമുള്ളതായിരുന്നു. എന്നാൽ അതേ ഏജൻസികൾ ഡൽഹി സർക്കാരിന്‍റെ ജനോപകാരപ്രദമായ നടപടിയെ പിന്തുണച്ചപ്പോൾ പ്രശ്നമൊഴിവായി.

പദ്ധതിയുടെ കട്ട് ഓഫ് ഡേറ്റ് 2015, ജനുവരി ഒന്നിനായിരുന്നു. അതിനു ശേഷം ചേരിയിൽ താമസിക്കാനെത്തിയവർക്ക് പുനരധിവാസത്തിന്‍റെ ഗുണം കിട്ടില്ലെന്നർഥം. എന്നാൽ ആപ് സർക്കാർ ഈ കട്ട് ഓഫ് ഡേറ്റ് അതേ വർഷം ഫെബ്രുവരി 14വരെ നീട്ടി. അന്നായിരുന്നു ആപ് മന്ത്രി സഭ അധികാരമേറ്റത്.

’’സമഗ്രമായ പുനരധിവാസമാണ് ഞങ്ങൾ ലക്ഷ്യമിടുന്നത് ജഗ്ഗി ജോപ്രി ചേരി നിവാസികൾക്ക് അതേ സ്ഥലത്തോ അഞ്ചു കിലോമീറ്റർ പരിധിയിൽ വരുന്ന പ്രദേശത്തോ വാസമൊരുക്കാനാണ് ഉദ്ദേശിക്കുന്നത്’’ ഡൽഹി സർക്കാരിന്‍റെ വക്താവ് പറയുന്നു. ആനുകൂല്യം ലഭിക്കുന്നതിനായി ജഗ്ഗി ജോപ്രി ചേരി നിവാസി 2012,2013,2014,2015 വർഷങ്ങളിൽ പുറത്തിറക്കിയ ഏതെങ്കിലും ഒരു വോട്ടർപട്ടികയിൽ ഇടംപിടിച്ചിരിക്കണം. ചേരി നിവാസികൾ അവരുടെ ഇലക്ട്രിസിറ്റി ബില്ലാണ് താമസസ്ഥലത്തിന്‍റെ രേഖയായി സമർപ്പിക്കേണ്ടത്.

5000 ബങ്ക് ബെഡുകൾ, 10,000 മെത്തകൾ, കിടക്കവിരികൾ, ബ്ലാങ്കറ്റുകൾ, തലയിണകൾ, തലയിണക്കവറുകൾ, എൽഇഡി ടിവികൾ, വാട്ടർ കൂളറുകൾ, ഗെയ്സറുകൾ എന്നിവയുൾപ്പെടെ അഞ്ചുകോടി രൂപ ചെലവു വരുന്ന സൗകര്യങ്ങളാണ് ഡിയുഎസ്ഐബി വീടില്ലാത്തവർക്കായി ഒരുക്കുന്നത്. വീടില്ലാത്തവർക്ക് നാഷണൽ അർബൻ ലൈവ്ലിഹുഡ് മിഷ( എൻയുഎൽഎം)ന്‍റെ കീഴിൽ മറ്റ് നാല് പുതിയ അഭയകേന്ദ്രങ്ങൾക്കു കൂടി ബോർഡ് അനുമതി നൽകിയിട്ടുണ്ട്. ദ്വാരക, ഗീതാ കോളനി, രോഹിണി, നങ്ലോയി എന്നിവിടങ്ങളിൽ 72 കുടുംബങ്ങളിലെ 1200 ആളുകളെ താമസിപ്പിക്കാമെന്നാണ് കണക്കു കൂട്ടുന്നത്. സംഗ്രാം പാർക്കിൽ കുറഞ്ഞ ചെലവിലുള്ള 582 വീടുകൾ ഡൽഹി ചേരിനിവാസികളുടെ പുനരധിവാസത്തിനായി നിർമിക്കും.

Related posts