ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിലൂടെ നവതരംഗം സൃഷ്ടിച്ച് ആം ആദ്മി പാർട്ടി ഇത്തവണ കേരളത്തിൽ മത്സരിക്കാനില്ല. ഡൽഹി, ഹരിയാണ, പഞ്ചാബ്, ഗോവ എന്നിവിടങ്ങളിൽ മാത്രമേ പാർട്ടിക്ക് ഇക്കുറി സ്ഥാനാർഥികളുള്ളൂ. കേരളത്തിൽ ഓരോ മണ്ഡലത്തിലെയും സ്ഥാനാർഥികളെ നോക്കിയായിരിക്കും പിന്തുണ നൽകുകയെന്ന് സംസ്ഥാന കൺവീനർ സി.ആർ. നീലകണ്ഠൻ പറഞ്ഞു.
കഴിഞ്ഞതവണ മത്സരിച്ച ഇടങ്ങളിലെല്ലാം പ്രകടനം മോശമായതാണ് പിൻമാറ്റത്തിന് കാരണമായി പറയുന്നത്. കേരളത്തിൽ മത്സരിച്ച 15 മണ്ഡലങ്ങളിലും കൂടി ആം ആദ്മി പാർട്ടിക്ക് കിട്ടിയത് 2,56,662 വോട്ടുമാത്രമാണ്. ചിലയിടങ്ങളിൽ സ്വതന്ത്ര സ്ഥാനാർഥികളെക്കാൾ കുറവും.
എറണാകുളത്ത് അനിതാ പ്രതാപ് നേടിയ 51,517 വോട്ടുകളായിരുന്നു കേരളത്തിൽ ആം ആദ്മിയുടെ മികച്ച പ്രകടനം. തൃശ്ശൂരിൽ മത്സരിച്ച എഴുത്തുകാരി സാറാജോസഫ് 44,638 വോട്ടുനേടി. ചാലക്കുടി, കോട്ടയം എന്നിവിടങ്ങളിലൊഴികെ മറ്റ് മണ്ഡലങ്ങളിൽ 15,000-ൽ താഴെയായിരുന്നു നേട്ടം.