കാസർഗോഡ്: ആമയെ കൊന്നു കറിവച്ച് വാട്ട്സ് ആപ്പിലൂടെ പ്രചരിപ്പിച്ചതിന് ബന്ധുക്കളായ യുവാക്കൾ അറസ്റ്റിൽ. ബേഡകത്തെ ദാമോദരൻ (27) അനന്തൻ (36) എന്നിവരെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്. പുഴയിൽ നിന്നും ആമയെ പിടികൂടിയ ശേഷം എടുത്ത ചിത്രങ്ങളും കറിയാക്കിയ ശേഷം എടുത്ത ചിത്രവും ഇവർ വാട്ട്സ് ആപ്പിലൂടെ പ്രചരിപ്പിക്കുകയായിരുന്നു.
സംഭവമറിഞ്ഞ് ബന്തടുക്ക സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എം.കെ.നാരായണന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ വീട്ടിലെത്തി പരിശോധന നടത്തുകയും ഇറച്ചിയുടെ അവശിഷ്ടങ്ങൾ കണ്ടെടുക്കുകയും ചെയ്തു. കാസർഗോഡ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.