ഏനാമാവ്: കോൾപാടത്തുനിന്നും ബണ്ടു റോഡുകളിൽ നിന്നും കീരികളെയും ആമകളെയും വ്യാപകമായി പിടികൂടി മാംസം വില്പന നടത്തുന്നത് പതിവായി. വനം വകുപ്പ് നടത്തിയ പരിശോധനയിൽ കോൾപടവിൽ ബണ്ട് റോഡിനരികിൽ നിന്നും പാത്രങ്ങളിൽ സൂക്ഷിച്ച ജീവനുള്ള ആമകളെയും മാംസാവശിഷ്ടങ്ങളും കണ്ടെടുത്തു. വനംവകുപ്പ് പരിശോധനയ്ക്ക് എത്തിയതായി സൂചന ലഭിച്ചതോടെ പാത്രങ്ങളും മറ്റും ഉപേക്ഷിച്ച് ഇവർ കുടുംബ സമേതം കടന്നു കളയുകയായിരുന്നു.
മൂന്ന് പുരുഷന്മാരും മൂന്ന് സ്ത്രീകളും രണ്ടു കുട്ടികളുമടങ്ങുന്ന എട്ടംഗ സംഘമാണ് ഒരാഴ്ചയിലേറെയായി ഏനമാവ് നെഹ്റു പാർക്ക് പരിസരത്ത് തന്പടിച്ചിരുന്നത്. ഇവർ പാടവരന്പുകളിൽ നിന്നും ബണ്ട് റോഡുകളിലെ കുറ്റിച്ചെടിക്കാടുകളിൽ നിന്നുമാണ് ആമകളെയും കീരികളെയും പിടികൂടിയിരുന്നത്. ഇവയെ കൊന്ന് മാംസമാക്കി ആവശ്യക്കാർക്കു രഹസ്യമായി വിൽക്കാറുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. ബാക്കിയുള്ളവ ഇവർ ഭക്ഷണമാക്കുകയുമാണ് പതിവ്.
വനംവകുപ്പിന്റെ പരിശോധനയിൽ ജീവനുള്ള ആറ് ആമകളെയും പന്ത്രണ്ടിലേറെ ആമത്തോടുകളും കണ്ടെത്തി. പരിസ്ഥിതി പ്രവർത്തകനായ അരിന്പൂർ സ്വദേശി കെ.ജെ. സ്റ്റാൻലി ഏനാമാവ് റെഗുലേറ്റർ പരിസരത്ത് എത്തിയപ്പോഴാണ് ആമകളെ കൊന്ന് മാംസം വിൽപന നടത്തുന്നത് ശ്രദ്ധയിൽപെട്ടത്. ഉടൻ തന്നെ സ്റ്റാൻലി വനംവകുപ്പ് അധികൃതരെയും പരിസ്ഥിതി സംഘടനയായ ന്യൂസ് ഓഫ് ഇന്ത്യ ജനറൽ സെക്രട്ടറി രവി പനയ്ക്കലിനെയും വിവരം അറിയിക്കുകയായിരുന്നു.
ഇതേ ത്തുടർന്ന് പൊങ്ങണംകാട് ഫോറസ്റ്റ് സ്റ്റേഷൻ ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ കെ. സന്ദീപ്, കെ.വി. ധനേഷ്, വി.എം. ഷാനവാസൻ എന്നിവരുടെ നേതൃത്വത്തിലുള്ള വനം വകുപ്പ് ഉദ്യോഗസ്ഥർ ഏനാമാവിലെത്തി ആമകളെയും മറ്റും കസ്റ്റഡിയിലെടുത്തു. ആമകളെയും കീരികളെയും പിടികൂടുന്നവരെക്കുറിച്ചും മാംസം വാങ്ങിയവരെക്കുറിച്ചും വനം വകുപ്പിന് സൂചന ലഭിച്ചിട്ടുണ്ട്. പ്രതികൾ വൈകാതെ പിടിയിലാകുമെന്ന് അധികൃതർ വ്യക്തമാക്കി.