മങ്കൊന്പ്: വിത്തു ക്ഷാമത്തെ തുടർന്ന് കൃഷിയാരംഭിക്കാനാകാതെ കർഷകരുടെ മനസിൽ കനലെരിയുന്പോഴും കുട്ടനാട്ടിലെ എച്ച് ബ്ലോക്ക് പഴയ പതിന്നാലായിരം കായലിൽ പ്രകൃതി വർണവിസ്മയം തീർക്കുന്നു.
നിരവധി വിപ്ലവ പോരാട്ടങ്ങൾക്കു സാക്ഷ്യം വഹിച്ച കായലിൽ ചുവന്ന ആന്പൽ പൂക്കൾ ഇപ്പോൾ ചെന്പട്ടു വിരിച്ചു. 1,400 ഏക്കറോളം വരുന്ന കായലിൽ പൂർണമായും ആന്പൽ പൂത്തുനിൽക്കുന്നത് വിനോദ സഞ്ചാരികൾക്കും നാട്ടുകാർക്കും ഒരുപോലെ നയനവിസ്മയം തീർക്കുകയാണ്.
സാധാരണയായി ആന്പലുകളിൽ വിവിധ വർണങ്ങളിലുള്ള പൂക്കൾ വിടരാറുണ്ട്. എന്നാൽ, എച്ച്-ബ്ലോക്ക് കായലിൽ നിറയെ വളർന്നുനിൽക്കുന്ന ആന്പലുകളിൽ പൂർണമായും ചുവന്ന പൂക്കളാണു വിടർന്നിരിക്കുന്നത്. മൂന്നാറിലെ നീലക്കുറിഞ്ഞിയെ വെല്ലുന്ന തരത്തിൽ ദൃശ്യവിരുന്നൊരുക്കുന്ന പോളപ്പൂക്കൾക്കു പിന്നാലെ ഇപ്പോൾ ആന്പലും വിനോദസഞ്ചാരികൾക്കു കൗതുകം പകരുന്നു.
പുഞ്ചകൃഷിക്കുള്ള നിലമൊരുക്കലിന്റെ ഭാഗമായി ഇവിടെ പന്പിംഗ് ആരംഭിച്ചിട്ട് ഒരു മാസമായി. പൂർണമായും വെള്ളംവറ്റാൻ ഇനിയും രണ്ടാഴ്ചയെടുക്കും. കാഴ്ചക്കാർക്കു കൗതുകമെങ്കിലും ആന്പൽ കർഷകനെ വെള്ളംകുടിപ്പിക്കും.
പാടശേഖരം നിറഞ്ഞുനിൽക്കുന്ന ആന്പൽച്ചെടികൾ നിലമൊരുക്കൽ വൈകിപ്പിക്കുകയും കൃഷിച്ചെലവുകൾ ഇരട്ടിപ്പിക്കുകയും ചെയ്യും. ഇവയെ നശിപ്പിക്കാൻ വെള്ളം വറ്റിയാലുടൻ കളനാശിനി പ്രയോഗം നടത്തണം.
ഇതിനുശേഷം ട്രാക്ടർ ഉപയോഗിച്ചു നിലമുഴുതു മറിക്കണം. ഇതിനുശേഷം വീണ്ടും വെള്ളംകയറ്റി വറ്റിച്ചശേഷം രണ്ടാംതവണയും കളനാശിനി തളിക്കണം. വിതയ്ക്കു നിശ്ചയിച്ചിരുന്ന സമയം അടുത്തതിനാൽ കള നീക്കം ചെയ്യുന്നതിലൂടെ വിളവിറക്കുന്നതു വൈകിപ്പിക്കുകയും ചെയ്യും.