ആമ്പല്ലൂർ: മാലിന്യ സംസ്കരണ പ്ലാന്റിന്റെ പുകക്കുഴൽ ദ്രവിച്ചിരിക്കുന്നത് അപകട ഭീഷണിയെന്ന് പരാതി. ആമ്പല്ലൂർ ഗ്രാമ പഞ്ചായത്തിനു കീഴിലുള്ള മില്ലുങ്കൽ അഗ്രോമാർട്ട് പരിസരത്തുള്ള മാലിന്യ സംസ്കരണ പ്ലാന്റിന്റെ പുകക്കുഴലിന്റെ അടിഭാഗമാണ് ജനസുരക്ഷയ്ക്ക് ഭീഷണിയുളവാക്കും വിധത്തിൽ ദ്രവിച്ചു നിൽക്കുന്നത്.
വിഷയം ചൂണ്ടിക്കാട്ടി ആമ്പല്ലൂർ ജാഗ്രതാസമിതിയാണ് പഞ്ചായത്തിൽ പരാതി നൽകിയിരിക്കുന്നത്. അരയൻകാവ് മാർക്കറ്റിലും മില്ലുങ്കൽ മാർക്കറ്റിലും പത്തു വർഷങ്ങൾക്ക് മുൻപ് സ്ഥാപിച്ചതാണ് പ്ലാന്റുകൾ.
വ്യാപാര സ്ഥാപനങ്ങളിൽ നിന്നും ജൈവ മാലിന്യങ്ങൾ സ്വീകരിച്ച് ഗ്യാസ് ഉത്പാദിപ്പിച്ച് ജനറേറ്റർ പ്രവർത്തിപ്പിച്ച് വഴിവിളക്കുകൾ തെളിയിക്കുന്നതായിരുന്നു പദ്ധതി.
ഏതാനും വർഷങ്ങൾ പ്രവർത്തിച്ച സംവിധാനം തകരാറിലാവുകയും അറ്റകുറ്റപ്പണി അസാധ്യമാകുകയും ചെയ്തു. വർഷങ്ങൾക്കു ശേഷം ഇപ്പോൾ പ്ലാന്റ് ബയോഗ്യാസ് ഉത്പാദന ക്ഷമമാണെന്ന് പഞ്ചായത്ത് അധികൃതർ പറയുന്നു.
നിലവിൽ ഉപയോഗത്തിലില്ലാത്ത പുകക്കുഴൽ എത്രയും വേഗം അഴിച്ചുമാറ്റി അപകടഭീതി ഒഴിവാക്കണമെന്ന് ജാഗ്രതാസമിതി ആവശ്യപ്പെടുന്നു. സമീപത്തെ കെട്ടിടങ്ങൾക്കും ജനവാസ കേന്ദ്രങ്ങൾക്കും ഭീഷണിയാണ് നിലവിൽ പുകക്കുഴൽ.