ആമ്പല്ലൂർ: ബസ് സ്റ്റോപ്പിലെ അപകടങ്ങളിൽ കർശന നടപടിക്കൊരുങ്ങി പുതുക്കാട് പോലീസ്. അപകടങ്ങൾ ആവർത്തിച്ചുകൊണ്ടിരിക്കെ പോലീസ് കെഎസ്ആർടിസിക്ക് നോട്ടീസ് നൽകി. ദേശീയപാതയിൽ നിർത്തി ആളുകളെ കയറ്റുന്ന വാഹനങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് സിഐ എസ്.പി. സുധീരൻ പറഞ്ഞു.
ചാലക്കുടി ബസ് സ്റ്റോപ്പിന് മുന്പിൽ ദേശീയപാതയിൽ കെഎസ്ആർടിസി ബസുകളും സ്വകാര്യ കോളേജ് ബസുകളും നിർത്തി ആളുകളെ കയറ്റുന്നതുമൂലം അപകടങ്ങൾ ആവർത്തിക്കുകയാണ്. ശനിയാഴ്ച കെഎസ്ആർടിസി ബസ് ദേശീയപാതയിൽ നിർത്തി ആളുകളെ കയറ്റി മുന്നോട്ട് എടുത്ത് രണ്ടാമത്തെ ട്രാക്കിലേക്ക് കയറാൻ ശ്രമിച്ചത് അപകടത്തിന് ഇടയാക്കിയിരുന്നു. ഇതിൽ ഒരാൾക്ക് പരിക്കേറ്റിരുന്നു.
കഴിഞ്ഞ മാസം കണ്ടെയ്നർ ലോറി നിയന്ത്രണംവിട്ട് ദേശീയപാതയോരത്ത് ബസ് കാത്ത് നിന്ന യാത്രക്കാരുടെ ഇടയിലേക്ക് പാഞ്ഞുകയറി വിദ്യാർത്ഥികൾ അടക്കം 15 പേർക്ക് പരിക്കേറ്റിരുന്നു. ഇതേ തുടർന്ന് ദേശീയപാത അഥോറിറ്റി ബസ് സ്റ്റോപ്പിന് മുന്പിൽ ഡിവൈഡറിൽ സംരക്ഷണവേലി സ്ഥാപിച്ചിരുന്നു. ഇപ്പോൾ സംരക്ഷണവേലി അവസാനിക്കുന്നിടത്താണ് ബസുകൾ പ്രധാന പാതയിൽ നിർത്തി ആളുകളെ കയറ്റുന്നതും ഇറക്കുന്നതും.
പോലീസ് നോട്ടീസ് നൽകിയിട്ടും ദേശീയപാതയിൽ നിർത്തി ആളുകളെ കയറ്റുന്നത് തുടരുകയാണ് കെഎസ്ആർടിസി ബസുകൾ.പ്രധാന റോഡിലൂടെ വരുന്ന ബസ്സുകൾ, സ്റ്റോപ്പുകൾക്ക് മുന്പ് സർവ്വീസ് റോഡിലേക്ക് പ്രവേശിച്ച് ബസ് ബേയിൽ നിർത്തി ആളെ കയറ്റിയാൽ മറ്റു വാഹനങ്ങൾക്ക് തടസമൊഴിവാക്കാമെങ്കിലും ഇത് പാലിക്കുന്നില്ല.
സിഗ്നൽ മറികടക്കാൻ വാഹനങ്ങൾ അമിതവേഗതയിൽ വരുന്നതും അപകടത്തിന് ഇടയാക്കുന്നുണ്ട്. ഇവിടെ സ്ഥാപിച്ചിരിക്കുന്ന കാമറകൾ പ്രവർത്തന രഹിതമായിട്ട് ആയിട്ട് ഒരു വർഷം കഴിഞ്ഞു. ഇതുമൂലം അമിതവേഗതയിൽ വരുന്ന വാഹനങ്ങൾ സിഗ്നൽ മറികടക്കാൻ ശ്രമിക്കുന്നത് മൂലവും ഇവിടെ അപകടങ്ങൾ ഉണ്ടാകാറുണ്ട്.