കൊച്ചി: മാധവിക്കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കി കമൽ സംവിധാനം ചെയ്ത ആമി എന്ന സിനിമയ്ക്ക് പ്രദർശനാനുമതി നൽകരുതെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. ചിത്രത്തിന്റെ തിരക്കഥയും ബ്ളൂ പ്രിന്റും വിളിച്ചുവരുത്തി ഹൈക്കോടതി പരിശോധിക്കണമെന്നും മതവികാരം വ്രണപ്പെടുത്തുന്ന തരത്തിലുള്ള രംഗങ്ങൾ നീക്കം ചെയ്യുന്നതുവരെ ചിത്രം പ്രദർശിപ്പിക്കാൻ അനുവദിക്കരുതെന്നുമാണ് ഹർജിയിലെ ആവശ്യം.
മാധവിക്കുട്ടിയുടെ ജീവിതത്തിലെ പല യഥാർഥ സംഭവങ്ങളും ഒഴിവാക്കിയാണ് സിനിമയെടുത്തിട്ടുള്ളത്. ചലച്ചിത്ര സംവിധായകന് സിനിമയെടുക്കാൻ സ്വാതന്ത്ര്യമുണ്ടെന്ന കാരണത്താൽ യഥാർഥ വസ്തുതകളെ വളച്ചൊടിക്കാനോ മറച്ചുവയ്ക്കാനോ അവകാശമില്ല. ചിത്രത്തിനെതിരെ സെൻസർ ബോർഡിന് നിവേദനം നൽകിയിരുന്നുവെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
സെൻസർ ചെയ്യാനായി ചിത്രം തിരുവനന്തപുരത്തെ റീജണൽ സെൻസർ ബോർഡിൽ സമർപ്പിച്ചിരിക്കുകയാണ്. എറണാകുളം ഇടപ്പള്ളി സ്വദേശിയായ കെപി രാമചന്ദ്രനാണ് ഹർജിക്കാരൻ.