വിനീഷ് വിശ്വം
പുന്നയൂർക്കുളം: നീർമാതച്ചുവട്ടിൽ ഒരിക്കൽ കൂടി കമലയെത്തി; മഞ്ജുവാര്യരിലൂടെ. രൂപത്തിലും ഭാവത്തിലും നാലപ്പാട്ട് തറവാട്ടിലെ പഴയ കമലയെ ഓർമിപ്പിച്ച് മഞ്ജുവാര്യരെത്തിയപ്പോൾ മാധവിക്കുട്ടിയുടെ മകനും സഹോദരിയുമൊക്കെ വിസ്മയത്തോടെയാണ് മഞ്ജുവിനെ നോക്കിയത്. കമല മുന്നിൽ നിൽക്കുന്നതു പോലെ എന്നായിരുന്നു പലരുടേയും ആദ്യ പ്രതികരണം. കമല ഓപ്പു മുന്നിൽ നിൽക്കുന്നതായി തോന്നിയെന്ന് സുവർണ നാലപ്പാട്ട് അത്ഭുതത്തോടെ പറഞ്ഞു.
കമൽ സംവിധാനം ചെയ്യുന്ന ആമി എന്ന സിനിമ മാധവിക്കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ്. കഥയുടെ വിശദാംശങ്ങൾ കമൽ പുറത്തുവിട്ടിട്ടില്ലെങ്കിലും മാധവിക്കുട്ടിയുടെ സംഭവബഹുലമായ ജീവിതത്തിന്റെ എല്ലാ മേഖലകളെയും സ്പർശിക്കുന്നതായിരിക്കും ആമിയെന്ന് വ്യക്തമായ സൂചനകളുണ്ട്. വിദ്യാബാലൻ വേണ്ടെന്ന് വെച്ച ആമിയുടെ ടൈറ്റിൽ റോൾ മഞ്ജുവാര്യർ സ്വീകരിച്ചപ്പോൾ സംശയിച്ചവർക്കെല്ലാം ഇപ്പോൾ സംശയങ്ങൾ മാറിയിരിക്കുന്നു.
മഞ്ജു ആമിയാകുന്ന മാജിക് ഇനി സ്ക്രീനിൽ കാണാനായി കാത്തിരിക്കുകയാണ് ആരാധകർ. ആരും കൊതിക്കുന്ന കഥാപാത്രമാണിതെന്ന് നീർമാതളത്തിന്റെ ചുവട്ടിൽ നിന്ന് മഞ്ജുവാര്യർ പറഞ്ഞു. ഇതെന്റെ ഭാഗ്യമെന്നും മഞ്ജുവിന്റെ വാക്കുകൾ.
എല്ലാവരും മഞ്ജു കമലയായിക്കഴിഞ്ഞുവെന്ന് പറയുന്നത് കേട്ടപ്പോൾ തന്നെ വല്ലാത്ത സന്തോഷം തോന്നുന്നുവെന്നും ജീവിതത്തിലെ ഏറ്റവും നല്ല മുഹൂർത്തമാണിതെന്നും സംവിധായകൻ കമൽ പ്രതികരിച്ചു. മഞ്ജു ആമിയും മാധവിക്കുട്ടിയുമായി മാറിക്കഴിഞ്ഞുവെന്നും ഇനി വിജയിപ്പിച്ചെടുക്കേണ്ടത് കമലിന്റെ ഉത്തരവാദിത്വമാണെന്നും നടി കെ.പി.എ.സി.ലളിത പറഞ്ഞു.
മധു നീലകണ്ഠനാണ് ആമിയുടെ ഛായാഗ്രാഹകൻ. വലിയൊരു താരനിര തന്നെ ആമിയിൽ അണിനിരക്കുന്നുണ്ട്.
ഇരുവശത്തേക്കും ചീകി അഴിച്ചിട്ട തലമുടിയും വലിയ കണ്ണടയും കഴുത്തിൽ കറുത്ത ചരടിൽകോർത്ത എലസും നെറ്റിയിലെ വലിയ ചുവന്ന പൊട്ടും ചന്ദനക്കുറിയും ചുവന്ന പട്ടുസാരിയും ഇറക്കമുള്ള മാലയും തിളങ്ങുന്ന വെള്ളി മൂക്കുത്തിയുമെല്ലാമണിഞ്ഞ് ഇന്നേവരെ കണ്ടിട്ടില്ലാത്ത രൂപഭാവത്തിലാണ് മഞ്ജുവാര്യർ നീർമാതളഭൂമിയിലേക്കെത്തിയത്. ആമിയെ കാണാൻ പുന്നയൂർക്കുളത്തെ നാട്ടുകാരും സിനിമാപ്രേമികളുമടക്കം നിരവധിപേരെത്തിയിരുന്നു.