സ്ത്രീയോ പുരുഷനോ എന്ന് നോക്കിയല്ല സിനിമയില്‍ പ്രതിഫലം നിശ്ചയിക്കുന്നത്! എന്നെക്കാള്‍ കൂടുതല്‍ ആളുകളെ തിയറ്ററില്‍ കേറ്റാന്‍ സൈറയ്ക്ക് സാധിച്ചാല്‍ അവര്‍ക്ക് കൂടുതല്‍ പ്രതിഫലം ലഭിക്കണം; പ്രതിഫല വിവാദത്തെക്കുറിച്ച് അമിര്‍ ഖാന്‍ പറയുന്നതിങ്ങനെ

സിനിമയില്‍ നടീനടന്മാര്‍ക്ക് തുല്യവേതനം നല്‍കണമെന്ന വാദം അടുത്ത കാലത്തായി ഉയര്‍ന്നുവരുന്ന ഒന്നാണ്. ഇക്കാര്യത്തില്‍ നിരവധിയാളുകള്‍ അഭിപ്രായ പ്രകടനങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടന്മാരില്‍ ഒരാളായ അമിര്‍ ഖാന്റെ ഇക്കാര്യത്തിലെ അഭിപ്രായത്തിനായി കാത്തിരിക്കുകയായിരുന്നു സിനിമാ ലോകം. സീക്രട്ട് സൂപ്പര്‍ സ്റ്റാര്‍ എന്ന ചിത്രമാണ് ആമിറിന്റേതായി അടുത്തതായി പുറത്തിറങ്ങാനുള്ളത്.

സംഗീതം സ്വപ്നം കണ്ട് ജീവിക്കുന്ന ഇന്‍സു എന്ന പെണ്‍കുട്ടിയുടെ കഥയാണ് ചിത്രം പറയുന്നത്. സൈറാ വസീമാണ് ഇന്‍സുവിനെ അതരിപ്പിക്കുന്നത്. ശക്തി എന്ന സംഗീത സംവിധായകന്റെ കഥാപാത്രത്തെയാണ് ആമിര്‍ അവതരിപ്പിക്കുന്നത്. ചിത്രത്തിലെ പ്രധാന കഥാപാത്രമായെത്തുന്ന സൈറാ വസീമിനല്ലേ കൂടുതല്‍ പ്രതിഫലം കൊടുക്കേണ്ടതെന്ന എന്ന മാധ്യമപ്രവര്‍ത്തകയുടെ ചോദ്യത്തിന് ആമിര്‍ നല്‍കിയ ഇത്തരം ഇതാണ്.

‘അഭിനേതാക്കള്‍ പുരുഷനോ സ്ത്രീയോ എന്ന് നോക്കിയിട്ടല്ല പ്രതിഫലം നല്‍കുന്നത്. അഭിനയ രംഗത്തെ പ്രശസ്തിയും ആരാധകരുടെ എണ്ണവുമാണ് പ്രതിഫലം നിശ്ചയിക്കുന്നത്. സിനിമാ മേഖലയില്‍ രണ്ട് തരത്തിലുള്ള പ്രതിഫലമാണ് നല്‍കുക. ആദ്യത്തേത് ചെയ്യുന്ന ജോലിക്കുള്ള കൂലിയാണ്. മറ്റ് അഭിനേതാക്കള്‍ ചെയ്യുന്ന അതേ ജോലിയാണ് ഞാനും ചെയ്യുന്നത്. അവര്‍ക്കും തുല്യ പ്രതിഫലം ലഭിക്കണം. അതോടൊപ്പം സിനിമയുടെ പിന്നണി പ്രവര്‍ത്തകര്‍ക്കും അഭിനേതാക്കള്‍ക്കൊപ്പം പ്രതിഫലം ലഭിക്കണം.

പ്രതിഫലം നിശ്ചയിക്കുന്നതില്‍ രണ്ടാമത്തെ മാനദണ്ഡം ആളുകളെ തീയേറ്ററിലേക്ക് എത്തിക്കാനുള്ള താര മൂല്യമാണ്. അത് എല്ലാവര്‍ക്കും ഒരു പോലെ സാധിക്കണമെന്നില്ല. സലിം ജാവേദിന്റെ എഴുത്തും എ. ആര്‍ റഹ്മാന്റെ സംഗീതവും എല്ലാം ഇത്തരത്തില്‍ ജനങ്ങളെ തീയേറ്ററിലേക്ക് എത്തിക്കാന്‍ സാധിക്കുന്നവയാണ്. അതിനാല്‍ അവര്‍ കൂടുതല്‍ പ്രതിഫലം അര്‍ഹിക്കുന്നു. എന്നെക്കാള്‍ കൂടുതല്‍ ആരാധകരെ തീയേറ്ററില്‍ എത്തിക്കാന്‍ സൈറക്ക് സാധിക്കുമ്പോള്‍ തീര്‍ച്ചയായും എന്നേക്കാള്‍ കൂടുതല്‍ പ്രതിഫലം ലഭിക്കും. അതിനൊരിക്കലും സ്ത്രീ പുരുഷ വ്യത്യാസമില്ല’.

 

Related posts