ന്യൂഡൽഹി: രാജ്യത്തെ ജനസംഖ്യാ വർധനവിന് കാരണം ആമിർ ഖാനെ പോലെയുള്ളവരാണെന്ന വിചിത്ര വാദവുമായി ബിജെപി എംപി സുധീർ ഗുപ്ത. ലോക ജനസംഖ്യാ ദിനത്തോട് അനുബന്ധിച്ചാണ് വിവാദ പരാമർശം. മധ്യപ്രദേശിലെ മന്ദ്സൗറിൽനിന്നുള്ള എംപിയാണ് സുധീർ ഗുപ്ത.
രാജ്യത്തെ ജനസംഖ്യാ അസന്തുലിതാവസ്ഥയിൽ ആമിർ ഖാനെ പോലുള്ളവർക്ക് പങ്കുണ്ടെന്നത് വിരോധാഭാസമാണ്. ആമീർ ഖാൻ ആദ്യഭാര്യയെ ഉപേക്ഷിച്ച് രണ്ടാം വിവാഹം കഴിച്ചു.
ഇപ്പോൾ അവരെയും ഉപേക്ഷിച്ച് മൂന്നാമതൊരാളെ തിരയുന്നു. ആദ്യ രണ്ടു ഭാര്യമാരിൽ കുട്ടികളുണ്ട്. ഇതാണോ മാതൃകയെന്നും സുധീർ ഗുപ്ത ചോദിക്കുന്നു.
രാജ്യത്തെ ജനസംഖ്യ 140 കോടിയിലെത്തിയപ്പോൾ ഇന്ത്യയിൽ ഒരിഞ്ച് ഭൂമി പോലും വർധിക്കുന്നത് കണ്ടില്ലെന്നും ഇതു നല്ല വാർത്തയല്ലെന്നും സുധീർ ഗുപ്ത കൂട്ടിച്ചേർത്തു.