പുണ്യമാസമാണെന്ന ഓര്‍മ്മവേണം! സ്വന്തം മകളാണെങ്കിലും ഇത്തരത്തിലുള്ള തമാശകള്‍ രാജ്യത്തിന് പോലും നാണക്കേടാണ്; അമീര്‍ഖാന്‍ നവമാധ്യമങ്ങളില്‍ പങ്കുവച്ച ചിത്രങ്ങള്‍ക്കുനേരെ സൈബര്‍ ആക്രമണം

ബോളിവുഡിലെ പ്രമുഖ താരങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമായി വിവാദങ്ങള്‍ കുറവുള്ള, അല്ലെങ്കില്‍ വിവാദത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്ന വ്യക്തിയാണ് അമീര്‍ഖാന്‍. മിസ്റ്റര്‍ പെര്‍ഫക്ടെന്നാണ് പൊതുവേ അദ്ദേഹം അറിയപ്പെടുന്നതുപോലും. എന്നാല്‍ ഇപ്പോഴിതാ ഒരുകൂട്ടം ആളുകള്‍ അമീറിനെതിരെ സൈബര്‍ ആക്രമണവുമായി രംഗത്തെത്തിയിരിക്കുന്നു.

തന്റെ പുതിയ ചിത്രമായ തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കിനിടെ കിട്ടിയ ചെറിയ ഇടവേളയില്‍ കുടുംബത്തോടൊപ്പമുള്ള അമൂല്യ നിമിഷങ്ങളുടെ ഫോട്ടോ അമീര്‍ഖാന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. ഇതാണ് സദാചാരവാദികളായ ഒരു കൂട്ടം ആളുകളെ ചൊടിപ്പിച്ചിരിക്കുന്നത്.

ബന്ധുവും നിര്‍മ്മാതാവുമായ മന്‍സൂര്‍ ഖാന്റെ അറുപതാം പിറന്നാളാഘോഷത്തിനായാണ് കുടുംബം ഒത്തുചേര്‍ന്നത്. എന്നാല്‍ ഷെയര്‍ ചെയ്ത ചിത്രങ്ങളില്‍ രണ്ടെണ്ണമാണ് പ്രധാനമായും ആളുകള്‍ക്ക് പിടിക്കാത്തത്.

പുണ്യ റമദാന്‍ മാസത്തില്‍ നോമ്പ് എടുക്കാതെ ഭക്ഷണം കഴിക്കുന്ന ചിത്രം ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തത് അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് ഇവരുടെ വാദം. അതേ സമയം മകള്‍ ഇറയുടെ കൂടെയുള്ള ചിത്രമാണ് മറ്റു ചിലരെ ചൊടിപ്പിച്ചിരിക്കുന്നത്. പുല്‍ത്തകിടിയില്‍ കിടക്കുന്ന ആമിറിന്റെ മുകളില്‍ കയറിയിരിക്കുന്ന മകളുടെ ചിത്രത്തിന് താഴെയാണ് അസഭ്യം കലര്‍ന്ന കമന്റുകള്‍ വരുന്നത്.

സ്വന്തം മകളാണെങ്കിലും ചെറിയകുട്ടിയല്ല മുതിര്‍ന്ന പെണ്‍കുട്ടിയാണെന്നും മുതിര്‍ന്ന മകളുമായി ഇത്തരത്തില്‍ തമാശ കളിക്കരുത് എന്നുമാണ് സൈബര്‍ സദാചാരവാദികളുടെ നിര്‍ദ്ദേശം. ഇറയുടെ വസ്ത്രവും ചിലര്‍ക്ക് പ്രശ്നമായിട്ടുണ്ട്. റമദാന്‍ മാസത്തില്‍ ഇത്തരത്തില്‍ വസ്ത്രം ധരിക്കരുതെന്ന് മകളോട് പറയണമെന്നും കമന്റില്‍ പറയുന്നവരുണ്ട്. ഇന്ത്യയുടെ സംസ്‌കാരത്തിന് ചേരാത്ത കാര്യമാണ് ഇതെന്നും ചിലര്‍ പറയുന്നുണ്ട്.

അതേസമയം, ആമിറിനേയും കുടുംബത്തേയും പിന്തുണച്ചുകൊണ്ടും ആളുകള്‍ കമന്റ് ബോക്‌സില്‍ എത്തിയിട്ടുണ്ട്. അച്ഛന്‍ മകള്‍ ബന്ധത്തിന് അപ്പുറം അശ്ലീലം കാണുന്നവര്‍ക്കെതിരെയും പലരും രംഗത്തെത്തുന്നുണ്ട്.

Related posts