”റീനയ്ക്ക് എന്റെ ജീവിതത്തില്‍ വലിയ സ്ഥാനമുണ്ട്, ഇന്നും അവര്‍ എന്റെ കുടുംബത്തിന്റെ ഭാഗമാണ്, അത് എന്നും അങ്ങനെ തന്നെ ആയിരിക്കും”– മുന്‍ഭാര്യ റീന ദത്തയെക്കുറിച്ച് നടന് ആമിര്‍ ഖാന് ഒരിക്കല്‍ പറഞ്ഞ വാക്കുകളാണിത്. ഒരു കാലത്ത് പ്രണയത്തിന്റെ കൊടുമുടിയില്‍ നില്‍ക്കുമ്പോഴാണ് ആമിര്ഖാന് റീനയെ വിവാഹം ചെയ്തത്. പതിനാറു വര്‍ഷം ഒരുമിച്ചു ജീവിച്ചതിനു ശേഷമാണ് ഇരുവരും പിരിഞ്ഞതും ആമിര്‍ കിരണ്റാവുവിനെ വിവാഹം കഴിച്ചതും. എന്നിരുന്നാലും കുടുംബങ്ങള്‍ കൂടുന്ന അവസരങ്ങളിലും ആമിറിന്റെ സിനിമാ പ്രൊമോഷനുകള്‍ക്കുമെല്ലാം റീനയെയും കാണാറുണ്ട്. റീനയുടെ ജന്മദിനത്തില് സര്‍പ്രൈസായി അമീര്‍ വന്നതിനു പിന്നിലും ആ ഹൃദയബന്ധമാണ്.
സിനിമാ പ്രൊമോഷന് തിരക്കുകള്‍ പോലും മാറ്റി വച്ചാണ് ആമിര്‍ റീനയുടെ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്തത്. അതിനു കാരണമായതോ മക്കളായ ജുനൈദും ഇറയും. അമ്മയുടെ അമ്പതാം പിറന്നാള്‍ ദിനം അവിസ്മരണീയമാക്കാന്‍ അച്ഛന് എത്തണമെന്നും അത് അമ്മയ്ക്കു സര്െ്രെപസായിരിക്കുമെന്നും മക്കള്‍ ആമിറിനെ അറിയിക്കുകയായിരുന്നു. അങ്ങനെയാണ് റീനയുടെ വസതിയില്‍ വച്ചു നടന്ന പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കാന്‍ ആമിര്‍ തീരുമാനിച്ചത്, ഒപ്പം ഭാര്യ കിരണിനെയും കൂട്ടി. റീനയും കിരണ്‍ റാവുവും തമ്മില്‍ ശീതയുദ്ധം നടക്കുകയാണെന്ന മാധ്യമങ്ങളുടെ ഗോസിപ്പുകള്ക്കൊരു മറുപടി കൂടിയായിരുന്നു ഈ കൂടിച്ചേരല്‍.
പിറന്നാള്‍ ആഘോഷങ്ങളുടെ ചിത്രങ്ങളും വീഡിയോയുമൊക്കെ ആമിര്‍ ഫാന്‍സ് ക്ലബാണ് പുറത്തുവിട്ടത്. ഷാംപെയ്ന്‍ തുറക്കാന്‍ തയ്യാറായി നില്ക്കുന്ന ആമിറിനെയും റീനയ്ക്കു വേണ്ടി ബര്ത്ഡേ ഗാനം പാടുന്ന കിരണിനെയുെമാക്കെ വിഡിയോയില്‍ കാണാം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു ആഘോഷങ്ങളില്‍ പങ്കെടുത്തത്. തന്റെ മക്കളുടെ ഇഷ്ടങ്ങള്‍ കാക്കാന്‍ താന്‍ ബാധ്യസ്ഥനാണെന്ന് ആമിര്‍ തെളിയിക്കുന്നതായിരുന്നു ഈ ജന്മദിനാഘോഷം.
അയല്ക്കാരായിരുന്ന ആമിറും റീനയും പ്രണയിച്ചാണ് വിവാഹിതരായത്. ആമിറിന്റെ പ്രണയാഭ്യര്ഥനകള് ആദ്യം ചെവിക്കൊണ്ടില്ലെങ്കിലും പിന്നീടു റീനയും തന്റെ ഇഷ്ടം തുറന്നു പറയുകയായിരുന്നു. പതിനാറു വര്‍ഷം നീണ്ട ദാമ്പത്യത്തിന് അവസാനമായത് 2002ലായിരുന്നു. തുടര്‍ന്ന് 2005ലാണ് ആമിര്‍ സംവിധായികയും തിരക്കഥാകൃത്തുമായ കിരണ്‍ റാവുവിനെ വിവാഹം കഴിക്കുന്നത്, ഇരുവര്‍ക്കും ആസാദ് എന്നൊരു മകനുമുണ്ട്. എന്തായാലും ആമിറിന്റെ ഈ മനോഭാവത്തിന് നിറഞ്ഞ കൈയ്യടിയാണ് ലഭിക്കുന്നത്.