ആമിര്‍ഖാന്‍ എന്ന നടനോട് ആരാധന തോന്നാത്തവര്‍ വളരെ ചുരുക്കമായിരിക്കും. ഏതെങ്കിലുമൊക്കെ കഥാപാത്രത്തിലൂടെ ഇന്ത്യക്കാരുടെ മുഴുവന്‍ ആരാധന അദ്ദേഹം പിടിച്ചുവാങ്ങിയിട്ടുണ്ട് എന്നത് തീര്‍ച്ചയാണ്. ഇത്രയേറെ ആരാധകര്‍ സ്വന്തമായിട്ടുള്ള ഒരു വ്യക്തിക്ക് ഏറ്റവും കൂടുതല്‍ ആരാധന തോന്നിയിട്ടുള്ള സിനിമാതാരമാരായിരിക്കും എന്നതിനെക്കുറിച്ച് ചിലരെങ്കിലും ചിന്തിച്ചിട്ടുണ്ടാവും.
തനിക്ക് അന്നും ഇന്നും ആരാധന തോന്നിയിട്ടുള്ള ആ സിനിമാതാരം ആരെന്ന് പലപ്പോഴും അദ്ദേഹം തന്നെ വെളിപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇക്കഴിഞ്ഞ ദിവസം അദ്ദേഹമത് വീണ്ടും ആവര്‍ത്തിച്ചപ്പോള്‍ അത് കേട്ടവരുടെയെല്ലാം കണ്ണില്‍ ഒരു നനവുണ്ടായി. കാരണം മറ്റൊന്നുമല്ല, അമീര്‍ഖാന്‍ ആരാധിക്കുന്ന വ്യക്തി ഇന്നീ ലോകത്തിലില്ല എന്നതും അവര്‍ അമീറിനെപ്പോലെതന്നെ സിനിമാസ്വാദര്‍ക്ക് പ്രിയങ്കരിയായിരുന്നു എന്നതുമാണ്. അതേ.. ശ്രീദേവി ആയിരുന്നു അമീറിന്റെ മനസ് കീഴടിക്കിയ ആ താരസുന്ദരി. അതേക്കുറിച്ച് അമീര്‍ഖാന്‍ പറയുന്നതിങ്ങനെ…
പണ്ട് ശ്രീദേവിയുമായി ഒരു ഫോട്ടോ ഷൂട്ട് ചെയ്തിട്ടുണ്ട്. ഞാന്‍ അന്നൊരു തുടക്കക്കാരനായിരുന്നു. അവരാകട്ടെ ബോളിവുഡിലെ സ്വപ്ന സുന്ദരി. ഞാന്‍ വലിയ ടെന്‍ഷനിലായിരുന്നു. കാരണം ഞാന്‍ ശ്രീദേവിയുടെ മുന്നില്‍ എത്തിയാല്‍ രണ്ട് സെക്കന്റ് പോലും അവര്‍ക്ക് വേണ്ടി വരില്ല, എനിക്ക് അവരോടുള്ള പ്രണയം തിരിച്ചറിയാന്‍. അത്രയ്ക്കായിരുന്നു ആരാധനയും സ്നേഹവും.’ ഇന്ന് 53 തികയുന്ന ബോളിവുഡ് താരം ആമിര്‍ ഖാന്‍ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയതാണിത്.
ബോളിവുഡിലെ എല്ലാ വലിയ താരങ്ങളോടോപ്പവും അഭിനയിച്ചിട്ടുള്ള ശ്രീദേവി ആമിര്‍ ഖാനോടൊപ്പം മാത്രമാണ് അഭിനയിച്ചിട്ടില്ലാത്തത്. ആമിറുമൊന്നിച്ചു ഒരു സിനിമ ചെയ്യാനുള്ള ആഗ്രഹം ശ്രീദേവി പലപ്പോഴും പ്രകടിപ്പിച്ചിരുന്നു. ആമിര്‍ ആകട്ടെ, ശ്രീദേവിയോടുള്ള തന്റെ ഇഷ്ടം ഒരിക്കലും മറച്ചു വച്ചിരുന്നുമില്ല. ‘കോഫീ വിത്ത് കരണ്‍’ എന്ന ടോക്ക് ഷോയില്‍ ‘നിങ്ങളുമായി ബന്ധപ്പെടുത്തി കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന ഒരു പേര്?’ എന്ന ചോദ്യത്തിന് ഒട്ടും ആലോചനയില്ലാതെ തന്നെ ആമിര്‍ മറുപടി പറഞ്ഞു, ‘ശ്രീദേവി’ എന്ന്.
‘ശ്രീദേവിയുടെ അകാല നിര്യാണത്തില്‍ ഞാന്‍ തീവ്രമായി ദുഖിക്കുന്നു. അവരുടെ വലിയ ഫാന്‍ ആണ് ഞാന്‍. സൗന്ദര്യം, സൗകുമാര്യം, അന്തസ്സ് എന്നിവ നിറഞ്ഞ അവരുടെ പെരുമാറ്റം വലിയ മതിപ്പുളവാക്കിയിരുന്നു. അവരുടെ കുടുംബത്തിനു എന്റെ അനുശോചനങ്ങള്‍. കോടിക്കണക്കിനു വരുന്ന ശ്രീദേവി ആരാധകരുടെ ദുഃഖത്തില്‍ ഞാനും പങ്കു ചേരുന്നു. ഞങ്ങള്‍ എന്നും സ്നേഹ ബഹുമാനങ്ങളോടെ ഓര്‍ക്കും നിങ്ങളെ, ശ്രീ.’ ശ്രീദേവിയുടെ മരണ വാര്‍ത്ത അറിഞ്ഞ ആമിര്‍ ട്വിറ്ററില്‍ കുറിച്ച വാക്കുകളാണിത്.