അടിമാലി: എസ്റ്റേറ്റിൽ വേലി കെട്ടുന്നതിനിടെ കാട്ടാനയുടെ ആക്രമണത്തിൽ അതിഥിത്തൊഴിലാളി മരിച്ചു. മധ്യപ്രദേശ് സ്വദേശി സുദർശൻ (27) ആണ് മരിച്ചത്. ഇരട്ടയാർ സ്വദേശി ബർണബാസിനു പരിക്കേറ്റു.
പീച്ചാട് കൈനഗിരിയിലെ സെന്റ് തോമസ് എസ്റ്റേറ്റിൽ ജോലി ചെയ്യുന്നതിനിടെ കാട്ടാന പാഞ്ഞടുക്കുകയായിരുന്നു. സുദർശനെ കാട്ടാന ഓടിച്ചപ്പോൾ പാറയിൽനിന്നു വീണാണ് അപകടമുണ്ടായത്.
ഇന്നലെ രാവിലെ പത്തോടെ ഏലത്തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെ കാട്ടാനയെ കണ്ട് നാലു പേരടങ്ങുന്ന തൊഴിലാളി സംഘം ഭയന്നോടുകയായിരുന്നു.
പിന്നീട് ഒപ്പമുണ്ടായിരുന്നവർ സുദർശനെ അന്വേഷിച്ച് എത്തിയപ്പോഴാണ് പാറയിൽനിന്നു വീണുകിടക്കുന്ന നിലയിൽ കണ്ടത്.
ഉടൻതന്നെ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
വന്യമൃഗശല്യം പരിഹരിക്കാൻ തോട്ടത്തിനു ചുറ്റും കന്പിവേലി നിർമിക്കുന്ന നാലംഗ സംഘത്തിൽപ്പെട്ടയാളാണ് സുദർശൻ.
ആന തുന്പിക്കൈയിൽ ചുറ്റി എറിഞ്ഞാണ് പരിക്കേറ്റതെന്ന് ചികിത്സയിൽ കഴിയുന്ന ബർണബാസ് പറഞ്ഞു.