കൊല്ലങ്കോട്: മുതലമട ചപ്പക്കാടിനരികേ വീണ്ടും ആനയിറങ്ങി രണ്ടുവീടുകൾ നശിപ്പിച്ചു. മലയടിവാരം പെരിയപതിക്കാട് ഗണേശൻ, സുബ്രഹ്്മണ്യൻ എന്നിവരുടെ വീടുകളാണ് ഒറ്റയാൻ ആക്രമിച്ചത്. വീട്ടിൽ സൂക്ഷിച്ചിരുന്ന അരി, തവിട് എന്നിവ ആന തിന്നു.രണ്ടുവീടുകളിലുമായി പ്രായാധിക്യമുള്ളവർ കഴിച്ചുകൂട്ടിയത് മരണത്തെ മുഖാമുഖം കണ്ടാണ്. ഗണേശന്റെ വീടിന്റെ പിൻവാതിലും സുബ്രഹ്മണ്യന്റെ വീടിന്റെ മുൻഭാഗത്തെ മുറിയുമാണ് കുത്തിതുറന്ന് ഭീതിപരത്തിയത്.
വീട്ടിലുണ്ടായിരുന്നവർ ആന ഭീതിയെ തുടർന്നു ബന്ധുവീട്ടിലേക്കു താമസം മാറ്റിയിരിക്കുകയാണ്. കഴിഞ്ഞ ഒരുമാസത്തിനിടെ പത്തു തവണ ആനകൂട്ടം ജനവാസകേന്ദ്രത്തിലെത്തി വിടുകളും കാർഷിക വിളകളും നശിപ്പിച്ചിരുന്നു. ഒരാഴ്ചമുന്പ് അരശമരക്കാട്ടിൽ രണ്ടാനകൾ രാത്രിയിൽ ജനവാസകേന്ദ്രത്തിലെത്തി നാശമുണ്ടാക്കി.
പകൽ സമയം മലകയറുന്ന ആനകൾ വൈകുന്നേരത്തോടെ തിരിച്ചിറങ്ങുകയാണ്. വനപാലകർ നിർദേശിച്ചതിനെ തുടർന്ന് മലയോരവാസികൾ ആദ്യഘട്ടത്തിൽ പടക്കം പൊട്ടിച്ച് ആനകളെ മലയിലേക്ക് തിരിച്ചുവിട്ടിരുന്നു. എന്നാൽ ഇപ്പോൾ ഈ പ്രതിരോധവും മറികടന്നാണ് വീടുകൾക്ക് സമീപം ആനകൾ എത്തിക്കൊണ്ടിരിക്കുന്നത്.
മൂന്നാഴ്ചയ്ക്കുമുന്പ് തഹസിൽദാർ സ്ഥലത്തെത്തി രണ്ടും കുടുംബങ്ങളെ നിളിപ്പാറ എൽപി സ്കുളിലേക്കു മാറ്റി താമസിപ്പിച്ചിരുന്നു. കൊല്ലങ്കോട് വനംവകുപ്പ് ബീറ്റ് ഫോറസ്റ്റർമാരായ മണികണ്ഠൻ സദാനന്ദ്, റേഞ്ച് ഇൻസ്പെക്ടർ സതിഷ്, സഹജീവനക്കാരായ സുമേ ഷ്, സന്തോഷ് എന്നിവരും സ്ഥലത്ത് ക്യാന്പ് ചെയ്ത് ആനക്കൂട്ടത്തിന്റെ നീക്കം നിരീക്ഷിച്ചുവരികയാണ്.
തമിഴ്നാട് അതിർത്തിയിൽനിന്നും ആനകളെ കേരളത്തിലേക്ക് തുരത്തി വിടുന്നതായും നാട്ടുകാർ പരാതിപ്പെട്ടു. ആനക്കൂട്ടത്തിന്റെ പരാക്രമത്തിൽ ആൾനാശമുണ്ടാകാതിരക്കാൻ ജില്ലാ ഭരണമേധാവി നടപടി സ്വീകരിക്കണമെന്ന് സന്നദ്ധസംഘടനകൾ ആവശ്യപ്പെട്ടു.