സ്വന്തം ലേഖകൻ
മലന്പുഴ: പാലക്കാട് മലന്പുഴയിൽ ഒറ്റയാന്റെ ആക്രമണത്തിൽ സ്ത്രീ മരിച്ചു. ഒരാൾക്ക് പരിക്ക്. തമിഴ്നാട് സേലം കള്ളകുർശി ആത്തൂർ ഷെയ്ക് ഷെരീഫിന്റെ ഭാര്യ ബീവിജാൻ (65) ആണ് മരിച്ചത്. സമീപവാസിയായ ബാലു (55) നാണ് പരിക്കേറ്റത്. ഇയാളെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നു പുലർച്ചെ 3.30ന് ആറങ്ങോട്ടുകുളന്പ് കോരയാർ പുഴയോടു ചേർന്ന ഇഷ്ടികകളത്തിലാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്.
മരിച്ച ബീവിജാനും കുടുംബവും ഇഷ്ടിക കളത്തിലെ തൊഴിലാളികളാണ്. മകൾ അസ്മത്ത്, മരുമകൻ മാലിക് ബാഷ ,ഇവരുടെ നാലു മക്കൾ ഉൾപ്പടെ മൂന്നു ഷെഡ്ഡുകളിലായാണ് കുടുംബം താമസിച്ചിരുന്നത്. ഇവർ ഇവിടെയെത്തിയിട്ട് 45 ദിവസമേ ആയിട്ടുള്ളൂ. അകത്തേത്തറ നടക്കാവ് അങ്കവാൽ പറന്പ് ലത്തീഫിന്റെ ഉടമസ്ഥതയിലുള്ളതാണ് ഇഷ്ടിക കളം.
കാട്ടാനയുടെ ആക്രമണത്തിൽ വിറങ്ങലിച്ചിരിക്കുകയാണ് ആറങ്ങോട്ടുകുളന്പ് പ്രദേശം. പുലർച്ചെ കുടുംബം ഉറങ്ങിക്കിടക്കുന്നതിനിടെയാണ് ഒറ്റയാന്റെ ആക്രമണമുണ്ടായത്. ഷെഡു പൊളിക്കുന്ന ശബ്ദംകേട്ട് ഞെട്ടിയുണർന്ന ബീവിജാൻ ആനയെകണ്ട് പുറത്തേക്കോടുകയായിരുന്നു. ഇതിനിടെ ഉണങ്ങാനിട്ടിരിക്കുന്ന ഇഷ്ടികയിൽതട്ടി ബീവിജാൻ വീണു. ഓടിയടുത്ത കാട്ടാന ഇവരെ ചവിട്ടിയും കുത്തിയും ആക്രമിക്കുകയായിരുന്നു. ഇവർ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.
നിലവിളിയും ബഹളവും കേട്ടെത്തിയ നാട്ടുകാർ പടക്കംപൊട്ടിച്ചും പന്തംകൊളുത്തിയും കാട്ടാനയെ ടിക്കുകയായിരുന്നു. വിവരമറിഞ്ഞ പോലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. കാട്ടാനകളുടെ ശല്യത്തിൽനിന്നും പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നാട്ടുകാർ വനംവകുപ്പ് ഉദ്യോഗസ്ഥരോട് പ്രതിഷേധം രേഖപ്പെടുത്തി. ഇവിടെ കാട്ടാനശല്യം സ്ഥിരമായിരിക്കുകയാണ്.
കഴിഞ്ഞവർഷം മലന്പുഴ-കഞ്ചിക്കോട് റോഡിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടിരുന്നു. കുടാതെ ധോണി, കൊട്ടേക്കാട്, പുതുശേരി,വാളയാർ മേഖലകളിലും കാട്ടാനയുടെ ആക്രമണത്തിൽ നിരവധിപേർ കൊല്ലപ്പെട്ടിട്ടുണ്ട്.