വടക്കഞ്ചേരി: കണിച്ചിപരുതക്കടുത്ത് പാലക്കുഴി റോഡിൽ കാട്ടാനകൂട്ടത്തിന്റെ ആക്രമണത്തിൽ നിന്നും ഫോറസ്റ്റ് വാച്ചറും കർഷകരും അത്ഭുതകരമായി രക്ഷപ്പെട്ടു. വാച്ചർ റെജി, കർഷകരായ രജനീഷ്, സിജോ എന്നിവരെയാണ് കഴിഞ്ഞ രാത്രി പുല്ലംപരുതയിൽ വെച്ച് കാട്ടാനകൂട്ടം ആക്രമിക്കാനെത്തിയത്.
വാച്ചർ ഓടി മാറി രക്ഷപ്പെടുകയായിരുന്നു. വാച്ചർ ഷെഡിനടുത്തായിരുന്നു .ആനയുടെ ചിന്നംവിളി കേട്ട് രജനീഷും സിജോയും പടക്കവുമായി ഓടി വന്നതിനാൽ കാട്ടാനക്കൂട്ടം വഴിമാറി പോയി. മറ്റൊരു കൂട്ടമാണ് രജനീഷിനേയും സിജോയെയും ആക്രമിക്കാനെത്തിയത്.
പീച്ചി കാട്ടിൽ നിന്നും ആന കൂട്ടങ്ങൾ സ്ഥിരമായി കൃഷിയിടങ്ങളിലേക്ക് ഇറങ്ങുന്ന പ്രദേശമാണ് വാച്ചർ ഷെഡുള്ള പുല്ലംപരുത. ഇവിടെ കഴിഞ്ഞ രാത്രി രണ്ട് ആന കൂട്ടങ്ങളാണ് എത്തിയത്. താഴെയുള്ള ഒരു കൂട്ടത്തെ ഓടിച്ച് തിരിച്ച് വരുന്പോഴാണ് ഒറ്റയാന്റെ മുന്നിൽപ്പെട്ടതെന്ന് റെജി പറഞ്ഞു.
ഇവിടെ സ്വകാര്യ തോട്ടത്തിൽ സോളാർ വേലി സ്ഥാപിച്ചതിനാൽ മറ്റുവഴികളിലൂടെ കൃഷിയിടങ്ങളിലിറങ്ങുന്ന ആനകൾ പിന്നീട് തിരിച്ച് പോകുന്പോൾ തോട്ടത്തിൽപ്പെട്ട് പിന്നീട് ആക്രമണകാരികളാകുകയും വാഹനങ്ങൾക്കുനേരെ ഓടിയെത്തുന്ന സ്ഥിതിയുമുണ്ട്.. ഫെൻസിങ്ങ് നടത്തിയ തോട്ടത്തിലെ ഗെയ്റ്റ് തകർത്താണ് ആനകൾ പിന്നീട് കാട്ടിൽ കയറിയത്.