ആലപ്പുഴ: തുറവൂരിൽ 16 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനുശേഷം ചതുപ്പിൽനിന്നു കരകയറ്റിയ ആന വീണ്ടും ഇടഞ്ഞു. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഉടമസ്ഥതയിലുള്ള മുല്ലയ്ക്കൽ ബാലകൃഷ്ണനെന്ന ആനയാണ് വീണ്ടും ഇടഞ്ഞത്. രാത്രിയിൽ ഇടഞ്ഞ ആന സമീപത്തെ ഒരു വീട് തകർത്തു. ആനയെ തളയ്ക്കാൻ ശ്രമങ്ങൾ തുടരുകയാണ്.
ചൊവ്വാഴ്ച രാവിലെ തുറവൂർ അനന്തൻകരി പാടത്താണ് ആന ചെളിയിൽ താഴ്ന്നത്. മുല്ലയ്ക്കൽ ക്ഷേത്രത്തിലെ ഉത്സവത്തിനായി ലോറിയിൽ കൊണ്ടുപോകുകയായിരുന്ന ആന ഇടഞ്ഞോടുകയായിരുന്നു. ഇതിനിടെ വീടിന്റെ മതിലും ഓട്ടോറിക്ഷയും ആന തകർത്തു. ചതുപ്പിൽ വീണ ആനയെ 16 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് കരകയറ്റിയത്.
ആന അകപ്പെട്ട സ്ഥലത്ത് റോഡില്ലാതിരുന്നത് രക്ഷാപ്രവർത്തനം ദുരിതത്തിലാക്കി. ഇതേതുടർന്ന് ജെസിബി, ക്രെയിൻ എന്നിവ എത്തിക്കാൻ കഴിഞ്ഞില്ല. രക്ഷാപ്രവർത്തനം മണിക്കൂറുകളോളം പിന്നിട്ടതിനെ തുടർന്ന് അവശനിലയിലായിരുന്നു ആന. ഇതേതുർന്ന് ഗ്ലൂക്കോസും മറ്റു മരുന്നുകളും നൽകിയാണ് ആനയുടെ ജീവൻ നിലനിർത്തിയത്.