സ്വന്തം ലേഖകൻ
തൃശൂർ: കഴിഞ്ഞ മാസം വനംവകുപ്പ് കേരളത്തിലെ നാട്ടാനകളിൽനിന്നു ശേഖരിച്ച രക്തം എന്തു ചെയ്തുവെന്ന് ആന ഉടമകൾ ചോദിക്കുന്നു. അഞ്ഞൂറിൽ താഴെ നാട്ടാനകളുടെ രക്തമാണ് കഴിഞ്ഞമാസം വനംവകുപ്പ് ശേഖരിച്ചത്. ഇത് പരിശോധനക്കായി കൊടുക്കാനാണെന്നാണ് അപ്പോൾ പറഞ്ഞിരുന്നതെങ്കിലും ഇതുവരെയായിട്ടും ഇതിന്റെ പരിശോധനഫലമോ മറ്റു കാര്യങ്ങളോ ആനയുടമകളെ അറിയിച്ചിട്ടില്ല.
കഴിഞ്ഞ ദിവസം വീണ്ടും രക്തസാന്പിളുകൾ എടുക്കാനായി വനംവകുപ്പ് എത്തിയപ്പോഴാണ് ഉടമകളും സംഘടനയും വനംവകുപ്പിന്റെ നടപടിയെ എതിർത്തത്. എല്ലാ മാസവും രക്തസാന്പിളുകൾ എടുക്കേണ്ട കാര്യമെന്തെന്ന ചോദ്യമാണ് ആന ഉടമകൾ ഉന്നയിക്കുന്നത്.
നാൽപ്പത് വയസു കഴിഞ്ഞ ആനകളെ ഉത്സവാഘോഷങ്ങൾക്ക് എഴുന്നള്ളിക്കും മുമ്പ് വിശദമായ വൈദ്യപരിശോധനക്ക് വിധേയമാക്കണമെന്നും, അസുഖങ്ങളൊന്നുമില്ലെന്നും ആന ഫിറ്റാണെന്നും ബോധ്യമായാൽ മാത്രമേ എഴുന്നള്ളിക്കാൻ അനുവദിക്കുവെന്നുമുള്ള പുതിയ നിർദ്ദേശം വനംവകുപ്പ് പുറത്തിറക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് ഇപ്പോഴത്തെ രക്തപരിശോധനയെന്നറിയുന്നു.
മുൻപ് ആനകളുടെ ബീജം അമേരിക്കയിലേക്ക് കടത്തുന്നുവെന്ന വിവാദം കേരളത്തിലുയർന്നിരുന്നു. കഴിഞ്ഞ മാസമെടുത്ത രക്തസാന്പിളുകൾ പരിശോധിക്കുന്നത് എന്തിനുവേണ്ടിയാണെന്ന് വനംവകുപ്പ് ഇതുവരെയും വ്യക്തമാക്കിയിട്ടില്ല. കേരളത്തിലെ നാട്ടാനകളിൽ എന്തെല്ലാം അസുഖങ്ങൾ ഉണ്ടെന്ന് കണ്ടെത്താനാണ് രക്തപരിശോധനയെന്നാണ് സൂചന. എന്നാൽ ഇത് വനംവകുപ്പ് സ്ഥിരീകരിച്ചിട്ടില്ല. ഏത് ലാബിലാണ് ഇത് പരിശോധിക്കുന്നതെന്ന കാര്യവും ആന ഉടമകൾക്ക് അറിയില്ല.
ആനകളുടെ അസുഖത്തിന്റെ പേരു പറഞ്ഞ് മരുന്നുലോബികളിൽ നിന്നും സ്വകാര്യ ലാബുകളിൽ നിന്നും പണം കൈപ്പറ്റാനാണോ എന്ന സംശയം പല ആന ഉടമകളും പ്രകടിപ്പിച്ചു. മുമ്പ് ആനകളിലെ ക്ഷയരോഗബാധയ്ക്കുള്ള കിറ്റുകൾ വിതരണം ചെയ്തതു പോലെ എന്തെങ്കിലും കിറ്റുകൾ നൽകി പണം ഈടാക്കാനുള്ള തന്ത്രമാണോ രക്തസാന്പിൾ പരിശോധനയെന്നും പലരും സംശയിക്കുന്നു.
നാട്ടാനകളുടെ ഉടമസ്ഥാവകാശവും ആന എഴുന്നളളിപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സുപ്രീം കോടതി വിധി പറയാനിരിക്കെ കേരളത്തിലെ നാട്ടാനകളുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് റിപ്പോർട്ടുകൾ പുറത്തുവരാൻ സാധ്യതയേറെയാണ്. കേരളത്തിലെ നാട്ടാനകൾക്ക് അസുഖങ്ങളുണ്ടെന്ന് വരുത്തിതീർക്കാനുള്ള ഗൂഢതന്ത്രം ഇതിനു പിന്നിലുണ്ടോയെന്നും സംശയിക്കുന്നവരുണ്ട്. പുതിയ ഉത്തരവിന്റെ പശ്ചാത്തലത്തിൽ നാൽപ്പത് പിന്നിട്ട നാട്ടാനകൾക്ക് റിട്ടയർമെന്റ് കൽപിക്കാനാണ് വനംവകുപ്പിന്റെ നീക്കമെന്ന് ആനയുടമകൾ കരുതുന്നു.